നാല് പതിറ്റാണ്ടിലേറെയായി ശ്രീകുമാരന്‍ തമ്പി മറുപടി പറഞ്ഞു മടുത്ത ഒരു ചോദ്യമുണ്ട്: `ഉത്താരാസ്വയംവരം കഥകളി കാണുവാന്‍' എന്ന പാട്ടില്‍ ``അര്‍ജുനനായി ഞാന്‍ അവള്‍ ഉത്തരയായി'' എന്നെഴുതിയത് തെറ്റല്ലേ? ഉത്തരയുടെ ഭര്‍തൃ പിതാവല്ലേ അര്‍ജുനന്‍? അജ്ഞാതവാസത്തിനൊടുവില്‍ അര്‍ജുനന്‍ തന്നെ മുന്‍കൈ എടുത്താണ് മകന്‍ അഭിമന്യുവിനെ വിരാടപുത്രി ഉത്തരയ്ക്ക് വിവാഹം ചെയ്തുകൊടുത്തത് . സത്യം ഇതാണെന്നിരിക്കെ `ഡെയ്ഞ്ചര്‍ ബിസ്‌കറ്റി'ലെ ഗാനത്തില്‍ ഉത്തര എങ്ങനെ അര്‍ജുനന്റെ പ്രണയ ജോഡിയായി? അതും ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍... അന്യായമല്ലേ അത്? രാത്രിയുടെ അന്ത്യയാമങ്ങളില്‍ വരെ ഫോണിലൂടെ വന്ന് ഉറക്കം കെടുത്താറുള്ള ചോദ്യം.

``ഭാഷാപണ്ഡിതര്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക് പോലുമുള്ള അബദ്ധധാരണയാണിത്.'' -- തമ്പിയുടെ മറുപടി. വ്യാസഭാരതത്തിലെ വിരാടപര്‍വ്വം ഒരിക്കലെങ്കിലും മനസ്സിരുത്തിവായിക്കാത്തത് കൊണ്ടുള്ള കുഴപ്പമാണ്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പരിഭാഷപ്പെടുത്തിയ വ്യാസഭാരതത്തിലെ ഒരു ശ്ലോകം ക്ഷമയോടെ ചൊല്ലിക്കേള്‍പ്പിച്ചു തന്നു തമ്പി: ``പാര്‍ത്ഥനാണീ രാജ്യവും ഇങ്ങിനി മറ്റുള്ളതൊക്കെയും/ അതോക്കെയേറ്റു വാങ്ങി ക്കൊള്‍കശങ്കമിത് പാണ്ഡവര്‍ / കൈക്കൊള്ളുകിങ്ങുത്തരയെ സവ്യസാചി ധനഞ്ജയന്‍ / ഇവള്‍ക്ക് ചേര്‍ന്ന ഭര്‍ത്താവാണിവന്‍ പുരുഷസത്തമന്‍...'' അജ്ഞാതവാസം അവസാനിപ്പിച്ചു തിരിച്ചുപോകാന്‍ ഒരുങ്ങുന്ന പാണ്ഡവരോട് വിരാട രാജന്റെ അപേക്ഷയാണ്: മകള്‍ ഉത്തരയെ ഭാര്യയായി സ്വീകരിക്കണം. പശ്ചാത്താപത്തില്‍ നിന്ന് ഉടലെടുത്തതാണ് ആ അപേക്ഷ. അറിഞ്ഞുകൊണ്ടല്ലെങ്കിലും, വേഷപ്രച്ഛന്നരായി സ്വന്തം കൊട്ടാരത്തില്‍ കഴിഞ്ഞ പാണ്ഡവരെ ഭൃത്യരായി കണ്ടില്ലേ? പക്ഷെ ഉത്തരയെ പത്‌നിയായി സ്വീകരിക്കാന്‍ അര്‍ജുനന് തെല്ലുമില്ല മനസ്സ്. 

ഇഷ്ടക്കുറവ് കൊണ്ടല്ല. ബൃഹന്നളയായി വേഷം മാറി അവളെ ഇത്ര കാലം നൃത്തം പഠിപ്പിച്ചതല്ലേ താന്‍? ശിഷ്യയെ ഭാര്യയാക്കുന്നത് മാന്യന്മാര്‍ക്കു ഭൂഷണമല്ല. ജ്യേഷ്ഠനായ യുധിഷ്ടിരന് നേരെ അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടമയച്ച ശേഷം പാര്‍ത്ഥന്‍, രാജാവിന് മറുപടി നല്‍കുന്നു: ``സ്വീകരിക്കാം നിന്‍ മകളെ സ്‌നുഷയായ് ഞാന്‍ നരാധിപാ, മത്സ്യന്മാര്‍ക്കും ഭാരതര്‍ക്കും ചാര്‍ച്ചയെന്നത് ചേര്‍ച്ചയാം..'' മകളെ ഭാര്യയായി സ്വീകരിക്കാന്‍ എന്താണിത്ര മടി എന്ന രാജാവിന്റെ ചോദ്യത്തിന് അര്‍ജുനന്‍ നല്‍കിയ മറുപടിയും ശ്രീകുമാരന്‍ തമ്പി ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിച്ചു കേള്‍പ്പിച്ചു: ``അന്ത:പുരത്തില്‍ പാര്‍ത്തേന്‍ നന്മകളെ കണ്ടുകൊണ്ടു ഞാന്‍, ഒളിവും തെളിവും താതന്‍മട്ടു വിശ്വാസമാം വിധം.......ദുശ്ശങ്ക നാട്ടുകാര്‍ക്കുണ്ടായ് വരാം, അങ്ങേയ്ക്കുമേ വിഭോ, അതിനാല്‍ സ്‌നുഷയായ് ഏല്‍പ്പേന്‍ നിന്‍ പുത്രിയെ നരാധിപാ..'' ഉത്തരയെ അര്‍ജുനന്‍ സ്‌നുഷയായി (പുത്രഭാര്യ) സ്വീകരിക്കുന്നത് അങ്ങനെയാണ്.

ഇനി `ഡെയ്ഞ്ചര്‍ ബിസ്‌കറ്റി'ലെ ഗാനസന്ദര്‍ഭം കൂടി അറിയുക. അര്‍ജുനന്റെ മാനസികാവസ്ഥയിലാണ് സിനിമയില്‍ പ്രേംനസീര്‍ അഭിനയിക്കുന്ന വേഷപ്രച്ഛന്നനായ സി ഐ ഡി കഥാപാത്രം. ഷീലയോടുള്ള ആത്മാര്‍ത്ഥ പ്രേമം ഒരു വശത്ത്. സാധന അവതരിപ്പിച്ച കഥാപാത്രത്തിന്റെ ശൃംഗാരപ്രകടനം മറുവശത്ത്. സാധനയെ ശിഷ്യയായി മാത്രം കാണുന്ന നസീറിനു ആ പ്രേമാഭ്യര്‍ത്ഥന നിരസിച്ചേ പറ്റൂ. തന്റെ കുറ്റാന്വേഷണ ദൗത്യത്തില്‍ സാധനയുടെ സഹായം അനിവാര്യമാണെന്നിരിക്കെ അവളെ പിണക്കാനും വയ്യ. അപ്പോള്‍ പിന്നെ ഭംഗ്യന്തരേണ കാര്യം അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയെ വഴിയുള്ളൂ. അതിനു വേണ്ടി എഴുതിയതാണ് ഉത്തരാസ്വയംവരം എന്ന ഗാനം. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കെ സംശയം തോന്നൂ.

Content Highlights : utharaswayamvaram song sreekumaran thambi danger biscuit AB Raj prem nazir saadhana sheela