ബി. സന്ധ്യയ്ക്കൊപ്പം രവി മേനോൻ | photo: special arrangements
ഐ.പി.എസ്. ജീവിതത്തിരക്കുകൾക്കിടയിലും പാട്ടുകളെ ഒരുപാട് സ്നേഹിച്ചയാളാണ് ബി. സന്ധ്യയെന്ന് പറയുകയാണ് രവി മേനോൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ സന്ധ്യയെക്കാൾ തനിക്ക് അടുത്ത് പരിചയം എഴുത്തുകാരിയായ സന്ധ്യയെയാണെന്നും അദ്ദേഹം പറയുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിന്റെ ലോകത്ത് സജീവമാകാനൊരുങ്ങുന്ന സന്ധ്യയുമായുള്ള പാട്ടോർമകളെക്കുറിച്ച് രവി മേനോൻ എഴുതുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ ബി. സന്ധ്യയെക്കാൾ എഴുത്തുകാരിയായ സന്ധ്യയെയാണ് അടുത്തു പരിചയം. കവിതയേയും സംഗീതത്തെയും സ്നേഹിക്കുന്ന, പാട്ടുകളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന സന്ധ്യയെ. ഞങ്ങളുടെ പാട്ടുസംഭാഷണങ്ങളിൽ പതിവായി ഒഴുകിനിറയാറുള്ള ഒരു പാട്ടുണ്ട്: "അമ്മയെ കാണാൻ" എന്ന ചിത്രത്തിൽ എസ് ജാനകി പാടിയ "ഉണരുണരൂ ഉണ്ണിപ്പൂവേ." ആദ്യശ്രവണമാത്രയിലെ അതേ അനുഭൂതി പകർന്നുകൊണ്ട് ഇന്നും സന്ധ്യയുടെ സംഗീതമനസ്സിനെ ആർദ്രമാക്കുന്ന ഗാനം. പി. ഭാസ്കരൻ എഴുതി രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ആ പാട്ടുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരനുഭവം സന്ധ്യ പങ്കുവെച്ചതോർക്കുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ നിന്നുള്ള ഓർമ്മ. "പരിശീലന കാലത്ത് പഞ്ചാബ് അതിർത്തിയിൽ ഒരു ഭീകര വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുക്കുകയാണ് ഞാൻ. ആദ്യകാല അനുഭവമായതുകൊണ്ട് ആകാംക്ഷയും ആശങ്കയും വേണ്ടുവോളമുണ്ട്. ഇടതൂർന്നു കിടക്കുന്ന കരിമ്പിൻ തോട്ടത്തിലൂടെ കയ്യിൽ തോക്കും ഗ്രനേഡുമൊക്കെയായി പതുങ്ങി നടന്ന് ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ തിരഞ്ഞുപിടിക്കണം; അതും കുറ്റാക്കൂരിരുട്ടിൽ. പശ്ചാത്തലത്തിൽ കാറ്റിന്റെ പേടിപ്പെടുത്തുന്ന ചൂളം വിളി മാത്രം. കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ മറക്കാനാവാത്ത ഒരു കാഴ്ചകണ്ടു. കാറ്റിൽ ആടിയുലയുകയാണ് കരിമ്പിൻ ചെടികൾ. ശരിക്കും പ്രകൃതിയുടെ കാവടിയാട്ടം. ഒരു നിമിഷം ഏതോ സ്വപ്നലോകത്തെത്തിയ പോലെ തോന്നി എനിക്ക്. കൂട്ടത്തിൽനിന്ന് മാറി കൗതുകത്തോടെ കുറച്ചുനേരം ആ കാഴ്‌ച കണ്ടുനിന്നു ഞാൻ."
മനസ്സിൽ ഒരു പാട്ടുണ്ടായിരുന്നു അപ്പോൾ. കുട്ടിക്കാലം മുതൽ കേട്ട് മനസ്സിൽ പതിഞ്ഞ ഈരടികൾ:" കരിനീലക്കരിമ്പുകൾ വിളയുമ്പോൾ തോളിലേറ്റി കാവടിയാടുന്ന കാറ്റേ, കാലിന്മേൽ തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ.." ജാനകിയമ്മ പാടിയ മനോഹരഗാനത്തിന്റെ ചരണത്തിലെ വരികൾ.
ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നും; കൗതുകവും: അത്രയും ഭീതിദമായ അന്തരീക്ഷത്തിലും ക്ഷണിക്കാതെ തന്നെ മനസ്സിൽ ഓടിക്കയറി വരണമെങ്കിൽ എത്ര അഗാധമായി നമ്മളെ സ്വാധീനിച്ചിരിക്കണം ആ പാട്ട്? സംഗീതത്തിന്റെ ഇന്ദ്രജാലമാണതെന്ന് വിശ്വസിക്കുന്നു കവിയും ഗാനരചയിതാവുമായ സന്ധ്യ. "കുട്ടിക്കാലത്ത് വീട്ടിലെ റേഡിയോയിൽ നിന്നാണ് ആദ്യമായി ആ പാട്ട് കേട്ടത്. ശബ്ദവും ഈണവും മാത്രമല്ല വരികളും അന്നേ മനസ്സിൽ തങ്ങി. ഭാസ്കരൻ മാസ്റ്ററുടെ രചന നമ്മളറിയാതെ തന്നെ നമ്മുടെ സങ്കൽപ്പങ്ങളിൽ വരച്ചിടുന്ന ഒരു ചിത്രമുണ്ടല്ലോ. ഇന്നുമുണ്ട് ആ ചിത്രം അതേ തെളിമയോടെ മനസ്സിന്റെ അടിത്തട്ടിൽ. ആ പാട്ടുകളൊക്കെ ഇന്ന് കേൾക്കുമ്പോൾ പോയി മറഞ്ഞ മനോഹരമായ ഒരു കാലം ഓർമ്മയിൽ തെളിയും..."
സിനിമയ്ക്ക് വേണ്ടി ഒരിക്കൽ പാട്ടെഴുതും എന്ന് ചിന്തിച്ചിട്ടില്ല അന്നൊന്നും സന്ധ്യ. നിയോഗം പോലെ ആ അവസരവും തേടിയെത്തി. "ഹല്ലെലുയ്യ" എന്ന ചിത്രത്തിൽ ഉണ്ണിമേനോൻ പാടിയ "എൻ കിനാവിലെ തേന്മലർമണം" എന്ന പാട്ടെഴുതിക്കൊണ്ടായിരുന്നു തുടക്കം. സംഗീതം ചന്ദ്രൻ രാമമംഗലം. "സർവോപരി പാലാക്കാരനി"ൽ ബിജിബാലിന്റെ ഈണത്തിലും എഴുതി. "ഇക്കളിവീട്ടിൽ" എന്ന ആ ഗാനം പാടിയത് ജയചന്ദ്രൻ. സർവീസിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിന്റെ ലോകത്ത് കൂടുതൽ സജീവമാകാനൊരുങ്ങുന്നു സന്ധ്യ.
പുറമെ നിന്ന് നോക്കുമ്പോൾ പരുക്കനായി തോന്നുന്ന ഐ.പി.എസ് ജീവിതത്തിരക്കുകൾക്കിടയിലും ഒരുപാട് പ്രണയങ്ങൾ ഉള്ളിലൊതുക്കുന്ന ആ സ്വപ്‌നാടകയെ കൂടെ കൊണ്ടുനടന്നു സന്ധ്യ. "ഓർക്കയാണ് ഞാൻ മുല്ലയെ, ഇന്നലെകളിൽ ചന്ദനം ചാർത്തിനിന്നൊരാ ചാരുവെണ്മയെ" എന്നെഴുതിയ കവിയ്ക്ക് അതല്ലേ കഴിയൂ?
Content Highlights: unnimenon about b sandhya kerala police writer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..