ആലപ്പുഴ: രാജ്യമാകെ ഷട്ടറിട്ടപ്പോള്‍ 'വീട്ടുതടവ്' പരമാവധി പ്രയോജനപ്പെടുത്താന്‍ നിശ്ചയിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ടൈംടേബിള്‍ ഉണ്ടാക്കിയാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. അതിനിടയിലാണ് ഒരു ദിവസം രാവിലെ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ വിളി. 'മരട് 357' എന്ന സിനിമയ്ക്കായി ഒരു ഹിന്ദിപ്പാട്ടെഴുതാമോ എന്നായിരുന്നു ചോദ്യം. പിന്നെ ഒന്നും നോക്കിയില്ല. ഹിന്ദിയില്‍ ഒരു പിടി അങ്ങ് പിടിച്ചു. വൈകുന്നേരമായപ്പോഴേക്കും പാട്ട് റെഡി.

ഇതോടെ മലയാളത്തിലും ഹിന്ദിയിലും ഗാനരചയിതാവ്, ഗായകന്‍, നടന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരിക്കുകയാണ് യുവതാരം.

പാട്ടെഴുതാന്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകന്‍. കൊറോണക്കാലമല്ലേ, വേറെ പണിയൊന്നുമില്ലല്ലോയെന്ന് ഉണ്ണിയുടെ മറുപടിയും.

മലയാള സിനിമയ്ക്കായി ഹിന്ദി പാട്ടെഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. ഗാനരചന ആദ്യമല്ലെങ്കിലും ഹിന്ദിയില്‍ ആദ്യമാണ്. 22 വര്‍ഷം ഗുജറാത്തിലായിരുന്നതിനാല്‍ ഹിന്ദി നന്നായി അറിയാം. കണ്ണന്റെ അച്ചായന്‍സ് എന്ന സിനിമയിലെ 'അനുരാഗം പുതുമഴ പോലെ' എന്ന ഗാനമാണ് ആദ്യമായി രചന നിര്‍വഹിച്ചത്. ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് കടന്നതും ഇതിലൂടെയാണ്. മമ്മൂട്ടി നായകനായെത്തിയ കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയിലെ 'ചാരത്തു നീ വന്ന നേരം' എന്ന ഉണ്ണിയുടെ പാട്ടും ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ തന്നെ ഷൈലോക്കിലെ 'ഏക് ഥാ ബോസ്' എന്ന പാട്ടും പാടി.

മരടിലേക്കുള്ള ഹിന്ദി പാട്ട് സ്ത്രീ ശബ്ദത്തിലാകും പ്രേക്ഷകരിലേക്കെത്തുക. സാനന്ദ് ജോര്‍ജ് ഗ്രേസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പാട്ടെഴുത്ത് മാത്രമല്ല വായനയും ഈ ഐസൊലേഷന്‍ കാലത്തെ ഉണ്ണിയുടെ ടൈംടേബിളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗിറ്റാര്‍ വായനയാണ് മറ്റൊന്ന്. 'യൂട്യൂബ്' ആണ് അധ്യാപകന്‍. പലപ്പോഴായി എഴുതിവെച്ച ചില ചെറുകഥകളും എഴുത്തുകളും ഇടയ്ക്കിടെ പുതിയ ആശയങ്ങള്‍ക്കൊണ്ട് മിനുക്കിവെക്കുന്നുമുണ്ട്.

ഇതിനെല്ലാം പുറമേ ചേച്ചിയുടെ മകള്‍ക്ക് വായനയിലും കണക്കിലും ട്യൂഷനുമെടുക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ നടന്നിരുന്ന കാലത്ത് ഒന്‍പത് മാസം ഇത്തരത്തിലൊരു ക്വാറന്റൈന്‍ സ്വയം സ്വീകരിക്കേണ്ടി വന്നിരുന്നെന്നും അതിനാല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആസ്വദിക്കുകയാണെന്നും ഉണ്ണി പറഞ്ഞു.

Content Highlights : Unni Mukundan Pen Hindi Song For Kannan Thamarakkulam Movie During Quarantine