ഗസല്‍ ഗായകന്‍ ഉമ്പായിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മരുമകന്‍ നൗഫല്‍ സെയ്ദ്

ഉപ്പയെ ആലുവയിലെ പാലിയേറ്റീവ് കെയറിലേക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്താണ് എനിക്ക് അത്യാവശ്യമായി കമ്പനി മീറ്റിങ്ങിന് ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നത്. ഡല്‍ഹിയില്‍  എത്തിയ പിറ്റേന്ന്  ഉച്ചക്ക്  സബി വിളിച്ചു 

'ഉപ്പയ്ക്ക് അസുഖം അല്പം കൂടുതലാണ് വേഗം പോരണം..' 

ഉടന്‍ എറണാകുളത്തുള്ള എന്റെ ഓഫീസിലേക്ക് വിളിച്ചു പെട്ടെന്ന്  ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു വൈകിട്ടേത്തക്ക് ആയിരുന്നു ടിക്കറ്റ്  ലഭിച്ചത്. നെടുമ്പാശ്ശേരിയില്‍ എത്തുമ്പോള്‍ രാത്രി ആയിരുന്നു ടാക്‌സി വിളിച്ചു ആലുവയിലുള്ള ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോള്‍ ഉപ്പയുടെ അവസ്ഥ വളരെ മോശമായിരുന്നു. ശ്വാസം എടുക്കുവാന്‍ വളരെ ബുദ്ധിമുട്ടികൊണ്ടിരുന്നു. സമീറും ഷൈലയും ഉമ്മയും സബിയും  അടുത്ത് തന്നെ  ഉണ്ടായിരുന്നു. അന്ന് ഹോസ്പിറ്റലില്‍ തന്നെ നിന്നു പിറ്റേന്ന് പകല്‍ മുഴുവന്‍ ഉപ്പ അതെ  അവസ്ഥയില്‍ തന്നെ ആയിരുന്നു. രണ്ടാമത്തെ  ദിവസം വൈകിട്ടോടെ ഉപ്പ  ഈ ലോകത്തോട്  വീട പറഞ്ഞു. രോഗത്തിനോടു ഉപ്പയ്ക്ക് ഭയമില്ലയിരുന്നൂ. രോഗം മാറുമെന്ന് തന്നെ അദ്ദേഹം കരുതിയിരുന്നു.

2018 മാര്‍ച്ച് മാസത്തില്‍ ഒരു കുവൈറ്റ് പ്രോഗ്രാമിന് വേണ്ടി പോകാന്‍ തലേ ദിവസം തയ്യാര്‍ എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ്  രോഗത്തിന്റെ അദ്യ ലക്ഷണം കണ്ടത്. ഉടനെ സുഹൃത്തായ  ഡോക്ടര്‍ സുനില്‍നെ വിളിക്കുകയും അദ്ദേഹത്തെ പോയി കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്താല്‍ കുവൈറ്റ് യാത്ര  ഒഴിവാക്കുകയും അടുത്ത ദിവസം മുതല്‍ ടെസ്റ്റ് കാര്യങ്ങല്‍ ആരംഭിക്കുക  ചെയ്തു.
പിന്നീട് ആസ്റ്റര്‍ മെഡി സിറ്റി. അവിടെ നിന്ന് സുഹൃത്തായ ഗംഗാധരന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലേക്ക്‌ഷോര്‍  ഹോസ്പിറ്റലിലെ മാസങ്ങളോളം ഉള്ള ചികിത്സ.

രോഗത്തിന്റെ നാലാം സ്റ്റേജില്‍ എത്തിയ  സമയത്താണ് രോഗ ലക്ഷണങ്ങള്‍ അറിഞ്ഞതുകൊണ്ട് കൊണ്ട് ചികിത്സ വളരെ ബുദ്ധിമുട്ടായിരുന്നു. രോഗതീവ്രത കുറവുള്ളപ്പോള്‍ ഉപ്പ വീട്ടില്‍ ഉണ്ടാകുന്ന സമയത്ത് ധാരാളം സുഹൃത്തുക്കള്‍ എത്തും കോഴിക്കോട് നിന്നും ചാവക്കാട് നിന്നും മറ്റും സുഹൃത്തുക്കള്‍ വരുമ്പോള്‍ ഉപ്പാക്ക് വേണ്ടി വീട്ടില്‍ മേഹ്ഫില്‍ നടക്കുമായിരുന്നു..

കെ. ജയകുമാര്‍ സാര്‍ തന്നിരിക്കുന്ന കവിതകള്‍ സംഗീതം ചെയ്തു ഗസല്‍ ആല്‍ബമായി ഇറക്കണമെന്ന കാര്യം എപ്പോഴും പറയുമായിരുന്നു. കൂടാതെ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി ആരംഭിക്കണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അക്കാദമി ആരംഭിക്കണമെന്ന് ഉപ്പയുടെ ആഗ്രഹ സഫലീകരണത്തിന് ആയി സമീറും  ഉപ്പയുടെ സുഹൃത്തുക്കളും ചേര്‍ന്ന് അതിന്റെ ലോഗോ പ്രകാശനം കൊച്ചിയിലുള്ള അബാദ് ഹോട്ടലിലില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. ലോഗോ പ്രകാശനം കഴിയുമ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഉപ്പാക്ക് വേണ്ടി സംഗീത പരിപാടിയും പ്ലാന്‍ ചെയ്തു. ലോഗോ പ്രകാശനം അബാദ് ഗ്രൂപ്പ് എംഡി റിയാസ് അഹമ്മദ് സാര്‍ നിര്‍വഹിക്കുകയും. ഞാന്‍ വരച്ച ഉപ്പയുടെ മാനസ ഗുരുവായ മെഹദി ഹസന്‍ സാബിന്റെ ചിത്രം മുഖ്യാതിഥി ആയിരുന്ന പി. രാജീവ്  ഉപ്പയ്ക്ക് സമര്‍പ്പികുകയും ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം  ചിത്രരചന ചെയ്യുന്നതില്‍ മടി പിടിച്ചിരുന്ന എന്നെ വീണ്ടും ചിത്രങ്ങള്‍  വരയ്ക്കുവാന്‍  പ്രേരിപ്പിച്ചത് ഉപ്പ ആയിരുന്നു. ഉപ്പ കടല്‍ തീരത്ത് പാടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം ആദ്യ കാലത്ത് ഞാന്‍ വരച്ചിരുന്നു. അത് അദ്ദേഹം വീട്ടില്‍ ഫ്രെയിം ചെയ്തു വച്ചു. സുഹൃത്തും കേരള  ലളിതകലാ അക്കാദമി ചെയര്‍മാനുമായിരുന്ന  ടി.എ.സത്യപാല്‍ രചിച്ച  ചിത്രകലയെ കുറിച്ചുള്ള  ഒരു പുസ്തകം അദ്ദേഹം എനിക്ക് നല്‍കിയിരുന്നു. പിന്നീട്  ഞാന്‍ വരച്ച പല ചിത്രങ്ങളും ഉപ്പ വീട്ടില്‍  സൂക്ഷിച്ചിരുന്നു.

സംഗീതം  പോലെ  തന്നെ  കുടുംബവും  അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടത് ആയിരുന്നു പേരക്കുട്ടികളെ  എല്ലാം അദ്ദേഹത്തിന്  ജീവനായിരുന്നു. എന്റെ ഇളയ മകള്‍ ഇശല്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്  'പാട്ടുപ്പാ' എന്നായിരുന്നു. ഓരോ വിദേശ പ്രോഗ്രാം കഴിഞ്ഞ് വരുമ്പോഴും ഏതെങ്കിലും ഒരു ദിവസം കുട്ടികളെ എല്ലാം കാറില്‍ കയറ്റി കറങ്ങാന്‍ പോകുമായിരുന്നു അവര്‍ക്ക്  ആവശ്യമുള്ളതെല്ലാം  വാങ്ങി കൊടുത്തിട്ടെ  തിരിച്ചു വരാറുള്ളൂ.

എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് ഒരു യാത്ര പോകുമായിരുന്നു. കോഴിക്കോടുള്ള സുഹൃത്തുക്കളുടെ വീടുകളിലെ സല്‍ക്കാരങ്ങള്‍ക്ക്  ശേഷം ആണ്  വയനാട്ടില്‍ എത്തുന്നത്. കോഴിക്കോടും അവിടത്തെ സുഹൃത്തുക്കളും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. രോഗം മൂര്‍ച്ഛിച്ചു കൊണ്ടിരുന്ന  സമയങ്ങളില്‍ സമീര്‍ നോട് 'വണ്ടിയെടുക്ക് കോഴിക്കോട്  പോകണം. സുഹൃത്തുക്കളെ  കാണണം..' എന്ന് ആവശ്യപ്പെടുമായിരുന്നൂ. ഇന്നും ആ സുഹൃത്തുക്കള്‍ കുടുംബവുമായി ബന്ധം  നിലനിര്‍ത്തി  കൊണ്ടുപോകുന്നു.

'ഉമ്പായി മ്യൂസിക്  അക്കാദമി'യുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപൃതരാണ്. ജന്മനാട് 'മട്ടാഞ്ചേരി' അദ്ദേഹത്തിന് ഒരു വികാരമായിരുന്നു. മെഹബൂബ് ഭായ് മുതല്‍ ഗുരു തുല്യരും  സുഹൃത്തുക്കളും ശിഷ്യന്മാരും അടങ്ങുന്ന അനവധി ആളുകളുടെ സ്വാധീനം  ജീവിതത്തില്‍  ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുമായിരുന്നു. പുറം നാടുകളിലെ സംഗീതം സദസ്സുകളില്‍. ' ഞാന്‍ മട്ടാഞ്ചേരി ഖരാന നിന്നാണ് വരുന്നത്' എന്ന് പറയുമായിരുന്നു. മഹാന്മാരായ ഒട്ടേറെ  കലാകാരന്മാര്‍ക്ക്  ജന്മം നല്‍കിയ നാട്ടില്‍  നിന്നാണ് വരുന്നത് എന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു..ഞാന്‍ മുംബൈ, ഡല്‍ഹി  യാത്രകള്‍ പോയി വരുമ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ അദ്ദേഹം ചോദിക്കുമായിരുന്നു. ഡല്‍ഹിയില്‍  വീണ്ടും  പോയി പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതേപോലെതന്നെ  മുംബൈയില്‍ വീണ്ടും പോകാനും പണ്ട് ജീവിച്ചിരുന്ന സ്ഥലങ്ങളും ഗലികളും ഒന്നുകൂടി കാണാനും  അദ്ദേഹം വളരെയേറെ ആഗ്രഹിച്ചിരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 23 തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ പാടുമായിരുന്നു അതേപോലെ  ഈ വര്‍ഷവും അസുഖം മാറിയിട്ട്  അവിടെ പോയി പാടണമെന്ന് സമീര്‍ നോട്  എപ്പോഴും പറയുന്നത് കേള്‍ക്കാമായിരുന്നു.

രോഗശയ്യയില്‍ കിടക്കുന്ന സമയത്ത് മിക്ക ദിവസങ്ങളിലും സബി ഉപ്പയുടെ വീട്ടിലേക്ക് പോകുമായിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സബിയോട് പാടാന്‍  പറയുമായിരുന്നു. പാടി കഴിയുമ്പോള്‍  അദ്ദേഹത്തിന്റെ  കണ്ണ്  നിറഞ്ഞിട്ട് ഉണ്ടാവും. ഈ ഓഗസ്റ്റ് 1 ഉപ്പയുടെ വിയോഗത്തില്‍ മൂന്നാം വര്‍ഷമാണ്. സംഗീതത്തെയും കുടുംബത്തെയും സുഹൃത്തുക്കളെയും നാടിനെയും ഒരേ പോലെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഞങ്ങളുടെ മുന്‍പോട്ടുള്ള ജീവിതത്തിന് കരുത്തും വഴികാട്ടിയും  ആകുന്നു. അദ്ദേഹത്തിന്റെ  ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് കൊണ്ട് നിര്‍ത്തുന്നു.

Content Highlights: Umbayee third death anniversary, Gazal singer