സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്നൊരുക്കുന്ന 'സുനാമി' എന്ന ചിത്രത്തിലെ പ്രമോ ​ഗാനം പുറത്തിറങ്ങി. 'സമാഗരിസ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നസെന്റും സംഘവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ഇന്നസെന്റിന് പുറമേ ലാൽ, മുകേഷ്, സുരേഷ് കൃഷ്ണ , അജു വർ​ഗീസ്, ബാലു, ഉണ്ണി കാർത്തികേയൻ, നേഹ എസ് നായർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്.

ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനഘ, ഋഷ്ദാൻ എന്നിവർ കൊറിയോഗ്രാഫി നിർവഹിക്കുന്നു. അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

Content Highlights :Tsunami Movie Promo Song By Innocent And Team