ഗായകൻ എസ് പി ബാലസുബ്രമണ്യം പെട്ടെന്ന് സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാൻ സമൂഹപ്രാർഥന നടത്താനൊരുങ്ങി തമിഴ് സിനിമാലോകം. രജനീകാന്ത്, കമൽഹാസൻ, എ ആർ റഹ്മാൻ, ഇളയരാജ, ഭാരതിരാജ തുടങ്ങിയവരാണ് കൂട്ടപ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഗസ്റ്റ് 20ന് 6 മണിക്ക് സ്വവസതികളിൽ ഇരുന്നുകൊണ്ടാണ് പ്രാർഥന. കൂട്ടപ്രാർഥനയിൽ പങ്കുചേരാൻ താൽപര്യപ്പെടുന്നവർക്ക് എസ് പി ബിയുടെ ഒരു ഗാനവും ആലപിക്കാം.

ജി വി പ്രകാശ് കുമാർ, സംവിധായകൻ എ ആർ മുരുഗദോസ് തുടങ്ങിയവരും പ്രാർഥനയെക്കുറിച്ചുള്ള ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ചെന്നൈ എം ജി എം ഹെൽത്ത്കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ആഗസ്റ്റ് 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കോവിഡ് ബാധിതനാണ്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നുവെങ്കിലും വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നതെന്ന് മകനും ഗായകനുമായ എസ് പി ബി ചരൺ അറിയിച്ചിരുന്നു.

Content Highlights :tollywood conducts mass prayer for speedy recovery of sp balasubramanyam on august 20