മേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിറഞ്ഞ സദസ്സിനുമുന്നിൽ പാടിത്തകർക്കുകയാണ് കർണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണ. വരണ്ടുറഞ്ഞ മണ്ണിന്റെ സിരകളിലേക്ക് ഒരു വേനൽമഴപോലെ സംഗീതം പെയ്യുകയാണ്. കച്ചേരി അവസാനത്തിലേക്ക് കടക്കുമ്പോഴും അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർ മനസ്സിൽ കൊതിക്കുന്നുണ്ട് ഈ സംഗീതമഴയൊന്ന് തോരാതെ പെയ്തെങ്കിലെന്ന്. നന്ദിപറയാനായി ടി.എം. കൃഷ്ണ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. ജുബ്ബയും സരോങ്ങുമാണ് (കളർ ലുങ്കിക്ക് സമാനമായ ശ്രീലങ്കൻവസ്ത്രം) കൃഷ്ണയുടെ വേഷം. സദസ്സിനെ വണങ്ങി. പെട്ടെന്ന് സദസ്സിലാകെ ഒരു മുറുമുറുപ്പ് .

‘‘കർണാട്ടിക് സംഗീതം പാടുമ്പോൾ ലുങ്കിയാണോ ധരിക്കുക. താങ്കൾ കർണാട്ടിക് സംഗീതത്തിന്റെ പാരമ്പര്യത്തെയാണ് അപമാനിച്ചിരിക്കുന്നത്’’-കൃഷ്ണയ്ക്കുനേരെ വിമർശനശരങ്ങൾ ഉയർന്നു. ‘‘എങ്ങനെയാണ് ലുങ്കി കർണാട്ടിക് പാരമ്പര്യത്തെ തകർക്കുന്നത്. ലുങ്കിയുടുത്ത് പാടുന്ന സംഗീതം അശുദ്ധവും മുണ്ടുടുത്ത് പാടിയാൽ അത് ശുദ്ധവുമാവുന്നത് എങ്ങനെയാണ്’’ -ഈ ചോദ്യങ്ങളിലുണ്ട് ടി.എം. കൃഷ്ണ എന്ന മാഗ്‌സസെപുരസ്കാരജേതാവ്. തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ എന്നും സംഗീതത്തിലെ  അധികാരശ്രേണിയെ കൂസാതെ നിലപാടുകൾ തുറന്നുപറയുന്നയാളാണ്. നൃത്തപഠനകേന്ദ്രമായ കലാക്ഷേത്രയിൽ ദളിത് നൃത്തരൂപമായ പറൈയാട്ടം സംഘടിപ്പിച്ചും മത്സ്യത്തൊഴിലാളിഗ്രാമങ്ങളിൽ സംഗീതക്കച്ചേരി നടത്തിയും സംഗീതത്തിലെ ജാതിവേർതിരിവുകൾ തുറന്നുപറഞ്ഞുമൊക്കെ  കർണാട്ടിക് സംഗീതത്തെ അതിന്റെ എല്ലാ അർഥത്തിലും ജനാധിപത്യവത്‌കരിച്ച സംഗീതജ്ഞൻ. എഴുത്തുകാരൻ, സാമൂഹിക വിമർശകൻ, പ്രഭാഷകൻ തുടങ്ങി എല്ലാമേഖലയിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം ടി.എം. കൃഷ്ണ വിവിധ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.

സംഗീതവും പ്രതിരോധവും

1988-ൽ 12-ാം വയസ്സിൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ​െവച്ചാണ് ആദ്യ സംഗീതക്കച്ചേരിയുടെ ഭാഗമാകുന്നത്. വളർന്നുവരുന്ന സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള കച്ചേരിയിൽ എനിക്കും കുറച്ച് സമയം ലഭിച്ചു. പാടിക്കഴിഞ്ഞപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ, ഭാവിയുടെ വാഗ്ദാനം എന്നൊന്നും പറഞ്ഞ് ലേബൽ ചെയ്യപ്പെട്ടില്ല. അതുകൊണ്ട് എനിക്കുമേൽ സമ്മർദമുണ്ടായിരുന്നില്ല. അത് ഗുണമായി. അടുത്ത മൂന്നുവർഷം ഒരു കച്ചേരിയിലും പങ്കെടുത്തില്ല. ആ കാലത്ത് ഒട്ടേറെ കച്ചേരികൾ കേൾക്കുകയും കൂടുതൽ പഠിക്കുകയുംചെയ്തു. 1992 മുതലാണ്  സജീവമായി കച്ചേരികൾ ആരംഭിച്ചത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴിൽ പഠിക്കാനായതാണ് വഴിത്തിരിവായത്. കൂടാതെ ടി.വി. ശങ്കരനാരായണന്റെ കടുത്ത ആരാധകനാണ് ഞാൻ. അദ്ദേഹം ഒരുവർഷം പത്ത് കച്ചേരികൾ പാടുന്നുണ്ടെങ്കിൽ എല്ലാം കേൾക്കാൻ ശ്രമിക്കുമായിരുന്നു.  പലസ്ഥലത്തും സഞ്ചരിച്ചു. 

രണ്ടായിരത്തിനൊക്കെ ശേഷമാണ് ഇന്നുകാണുന്ന കൃഷ്ണ രൂപപ്പെടുന്നത്. പല വേദിയിലും പാടിയപ്പോൾ പലരും ചോദിച്ചു: ‘‘എന്തിനാണ് നിങ്ങൾ പാടുന്നത്, സമൂഹത്തിന് എന്താണ് ഉപകാരം’’ എന്നൊക്കെ. ആ ചോദ്യങ്ങൾ നേരിട്ടപ്പോൾ സ്വയം ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി. ആ ചിന്തയിൽ കർണാട്ടിക് സംഗീതത്തിലെ ജാതി വേർതിരിവുകളും മാറ്റിനിർത്തലുമൊക്കെ മനസ്സിലായി. ബ്രാഹ്മണകുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ നാട്ടുസംഗീതത്തിന്റെ പല പാരമ്പര്യങ്ങളും ചെറുപ്പത്തിൽ അറിഞ്ഞിട്ടില്ല. അതിനെക്കുറിച്ചൊക്കെ പഠിച്ചു. മെല്ലെമെല്ലെ സംഗീതത്തിന് പ്രതിരോധത്തിന്റെയും സമത്വത്തിന്റെയും ഭാഷകൂടിയുണ്ടെന്ന് മനസ്സിലായി. അതൊരു സ്വയം കണ്ടെത്തൽകൂടിയായിരുന്നു. നോൺ ഫിക്‌ഷൻ പുസ്തകങ്ങളാണ് ഞാൻ കൂടുതൽ വായിക്കുന്നത്. വായനയിലൂടെ ഒരുപാടുപേർ സ്വാധീനിച്ചിട്ടുണ്ട്. ഗാന്ധിജി, അംബേദ്കർ, ജിദ്ദുകൃഷ്ണമൂർത്തി എന്നിവർ നിർണായകസ്വാധീനം ചെലുത്തി. എല്ലാത്തിലുമുപരി ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ച എന്റെ മാതാപിതാക്കൾ. 

ഒരുമയുടെ സംഗീതം

കർണാട്ടിക് സംഗീതത്തിൽ ആരും പ്രത്യക്ഷത്തിൽ ആർക്കുമുന്നിലും വാതിൽ അടച്ചിട്ടില്ല. വാതിൽ തുറന്നിരിക്കുകയാണ്. പക്ഷേ, കാലങ്ങളായി താഴ്ന്നജാതിയെന്ന് വിളിക്കപ്പെടുന്നവന് പ്രവേശനം സാധ്യമല്ല. അതായത്, വിവേചനം നിലവിലുണ്ട്. ഇന്ത്യയിൽ എവിടെനോക്കിയാലും ക്ലാസിക് എന്ന് വിളിക്കപ്പെടുന്ന എല്ലാ കലകളും സവർണനുമാത്രം അവകാശപ്പെട്ടതാണ്. അതിനെതിരേയാണ് ശബ്ദിക്കുന്നത്. വിവേചനമുണ്ടാവുന്നത് നമ്മൾ സ്വയം എങ്ങനെ കാണുന്നു എന്നതിനനുസരിച്ചാണ്. വാതിൽ തുറന്നിട്ട് സവർണർ പടിയുടെ മുകളിൽ നിൽക്കുകയാണ്. ഭയത്താൽ ആരും പ്രവേശിക്കുന്നില്ല. അവർ ആരെയും സ്വാഗതംചെയ്യുന്നില്ല എന്നതാണ് സത്യം. അയിത്തം ഇന്നും നിശ്ശബ്ദമായി സമൂഹത്തിൽ തുടരുന്നുണ്ട്.  ചിലരെ കാണുമ്പോൾ നമ്മൾ അടുത്തുപോകുകയും മറ്റുചിലരെ കാണുമ്പോൾ അകന്നുനടക്കുകയും ചെയ്യുന്നു. കാരണം, ജാതിയാണ്. ഇത് ചർച്ചചെയ്യണം. വിവിധങ്ങളായ സാംസ്കാരികപശ്ചാത്തലമുള്ള  അനേകം മനുഷ്യർ അവരുടെ വിവിധങ്ങളായ കലകളുമായി ഒന്നിക്കണം. അങ്ങനെയൊരു ലോകമാണ് എന്റെ സ്വപ്നം. 

എഴുത്ത്‌ എന്ന ആക്സിഡന്റ്

ആകസ്മികമായി എന്നുപറയാം, ഞാൻ പുസ്തകങ്ങളെഴുതി എന്നത് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച അധ്യാപകരൊന്നും ഇന്നും വിശ്വസിച്ചിട്ടില്ല. അവർക്ക് കേട്ടപ്പോൾ ഷോക്കടിച്ചപ്പോലെയായിരുന്നു. ‘ദ ഹിന്ദു’ പത്രത്തിൽ വന്ന ഒരു ലേഖനത്തിന് പ്രതികരണമയച്ചാണ് എന്റെ എഴുത്ത് ആരംഭിക്കുന്നത്. പിന്നീട് പലപ്പോഴായി ചെറുചെറുകാര്യങ്ങൾ എഴുതി സജീവമായി. ഒരുപാട് ലേഖനങ്ങളും വിരലിലെണ്ണാവുന്ന പുസ്തകങ്ങളും എഴുതി.  എല്ലാം തികഞ്ഞ എഴുത്തുകാരനല്ല, മറിച്ച് എഴുതാനറിയുന്ന ഒരു സംഗീതജ്ഞൻ എന്നുമാത്രമേ സ്വയംവിലയിരുത്തുന്നുള്ളൂ. 

അപൂർണതയുടെ സൗന്ദര്യം

സിനിമാസംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എല്ലാവരെയുംപോലെ സിനിമാഗാനങ്ങൾ കേട്ടാണ് വളർന്നത്. എന്നാൽ, ഇന്ന് സിനിമാസംഗീതം ടെക്‌നോളജിക്ക്‌ അടിയറവുവെച്ച് സ്വയം ഇല്ലാതാകുകയാണ്. അത് സംഗീതസംവിധായകർ ആഴത്തിൽ ചർച്ചചെയ്യണം. സംഗീതമുണ്ടാകുമ്പോൾ സംഗീതസംവിധായകരുടെ വികാരവിചാര ചിന്താവഴികളുടെ സ്വാധീനം കുറഞ്ഞുവരുന്നു. എല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നത്. സംഗീതത്തിന്റെ ഹൃദയമാണിവിടെ നഷ്ടമാകുന്നത്.  പൂർണതയല്ല അപൂർണതയാണ് മനുഷ്യന്റെ സൗന്ദര്യം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. പൂർണനാകാൻവേണ്ടി എല്ലാം കംപ്യൂട്ടറിന് കൈമാറുമ്പോൾ നഷ്ടപ്പെടുന്നത് അപൂർണതയുടെ സൗന്ദര്യത്തെയാണ്. 

കർണാട്ടിക് സംഗീതജ്ഞർ സിനിമയിൽ പാടിയാൽ അവരുടെ ആലാപനരീതി നഷ്ടമാവും എന്നൊരു ഒരു വാദമുണ്ട്. അതിന് ഞാൻ എതിരാണ്. രണ്ടും നന്നായി പാടാൻ കഴിയുന്നവർക്ക് രണ്ടും ചെയ്യാം. എന്നാൽ, സിനിമാസംഗീതത്തിൽ കർണാടിക് സംഗീതത്തെയും ഉൾപ്പെടുത്തി അങ്ങനെ കർണാട്ടിക് സംഗീതത്തെ ജനപ്രിയമാക്കാമെന്ന വാദത്തെ ഞാൻ അനുകൂലിക്കുന്നില്ല. കാരണം, രണ്ടും രണ്ടാണ്. കർണാട്ടിക്‌സംഗീത പശ്ചാത്തലമുള്ള കുടുംബത്തിൽനിന്ന് സിനിമാസംഗീതത്തിലേക്ക് എത്തുന്നവരുണ്ട്. അതുപോലെ ബന്ധമില്ലാത്തവരുണ്ട്. ആരായാലും സിനിമയിലൂടെ കർണാടിക് സംഗീതത്തെ ജനപ്രിയമാക്കാമെന്ന്‌ കരുതുന്നത് ശരിയല്ല. കർണാടിക് സംഗീതത്തെ ജനപ്രിയമാക്കലല്ല സിനിമാസംഗീതസംവിധായകന്റെ ജോലി. 

ഇളയരാജയും റഹ്‌മാനും 

ഇളയരാജയാണ് ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകൻ. കാരണം, ഇളയരാജയുടെ സംഗീതത്തിനൊപ്പമാണ് ഞാൻ വളർന്നത്. എസ്.ഡി. ബർമനാണ് ഇളയരാജ കഴിഞ്ഞാൽ പ്രിയപ്പെട്ടയാൾ. കഴിഞ്ഞ രണ്ടുദശാബ്ദത്തിൽ ഏറെ സ്വാധീനിച്ച സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനാണ്. ഇളയരാജയ്ക്കുശേഷം സിനിമാസംഗീതത്തെ പൂർണമായി മാറ്റിമറിച്ചയാളാണ് എ.ആർ. റഹ്‌മാൻ. റഹ്‌മാന്റെ ഭൂരിഭാഗം പാട്ടുകൾക്കും പൊതിഞ്ഞുനിൽക്കുന്ന ഒരു മാസ്മരികസൗന്ദര്യമുണ്ട്. 

പാട്ടിന്റെ റോയൽറ്റി

പല വാദങ്ങൾ നിലവിലുള്ളതിനാൽ വളരെ സങ്കീർണമായ വിഷയംതന്നെയാണിത്.  ഒരുവിധത്തിൽ ചിന്തിച്ചാൽ ഈ വാദം വളരെ ബാലിശമാണെന്ന് തോന്നും. ഇന്റർനെറ്റ് യുഗത്തിലാണ് നാം ജീവിക്കുന്നത്. എല്ലാ പാട്ടും അനേകംപേർ പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. അതുകൊണ്ട് എന്റെ പാട്ട് ആരും അനുവാദമില്ലാതെ പാടരുത് എന്ന വാദം നിലനിൽക്കില്ലെന്ന് തോന്നുന്നു. ആ കടുംപിടിത്തം തുടരുകയെന്നത് കുറച്ച് വിഷമമായിരിക്കും. 

സ്ത്രീ പാടാത്ത കച്ചേരികൾ

സമൂഹത്തിലുള്ള എല്ലാ പ്രശ്നങ്ങളും കർണാട്ടിക് സംഗീതത്തിലും നിലനിൽക്കുന്നുണ്ട്. ജാതിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കിയാൽമാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. ഞാനൊരു ചോദ്യം ചോദിക്കാം. എന്തുകൊണ്ടാണ് സിനിമാമേഖലയിൽ പ്രമുഖയായ സംഗീതസംവിധായിക ഇല്ലാത്തത്? ഇവിടെ എത്ര സ്ത്രീസംഗീതസംവിധായകരുണ്ട് ? ഇത്ര പരസ്യമാണ് വിവേചനം. 

കേരളത്തിൽ ജാതിവ്യവസ്ഥ വ്യത്യസ്തമായതിനാൽ മറ്റൊരു തരത്തിലാണ് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. കേരളത്തിൽ ജാതിസമ്പ്രദായം നിലവിലില്ല എന്നാണ് പലരും വിചാരിക്കുന്നത്. ഇവിടത്തെ ജാതിവ്യവസ്ഥ സങ്കീർണമായതിനാലാണ് അവർക്കത് മനസ്സിലാക്കാൻ സാധിക്കാത്തത്. ജാതിക്കപ്പുറമുള്ള സംഗീതാസ്വാദകവൃന്ദമാണ് കേരളത്തിന്റെ മേന്മ. എന്നാൽ, കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം പുരുഷമേധാവിത്വംതന്നെയാണ്. എല്ലാ പ്രധാന അമ്പലത്തിലും ആറാട്ടിന് സംഗീതക്കച്ചേരികളുണ്ടാകും.  പുരുഷൻമാരല്ലാതെ എവിടെയെങ്കിലും ഒരു സ്ത്രീ പാടുന്നത് കാണുന്നുണ്ടോ. ഈ പുരുഷമേധാവിത്വം ഏറ്റവും വേഗത്തിൽ ഇല്ലാതാക്കാൻ കഴിയുന്ന ഒരു സമൂഹംകൂടിയായതിനാൽ കേരളത്തെക്കുറിച്ച് പ്രതീക്ഷകളുണ്ട്.

Content Highlights: tm krishna carnatic musician interview talks about caste discrimination in carnatic music, margazhi music festival, caste politics, dalit issues