തിനഞ്ച് വർഷം കഴിഞ്ഞു മംമ്ത മോഹൻദാസ് സിനിമയിൽ എത്തിയിട്ട്. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാളത്തിലെ പ്രമുഖതാരങ്ങളുടെയെല്ലാം നായികവേഷമണിഞ്ഞ ചിത്രങ്ങൾ. പിന്നീട് തെലുങ്കിലും തമിഴിലുമടക്കം നിരവധി സിനിമകൾ. 2020 ൽ ബിലാൽ, ജൂതൻ എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് മൂലം ലോകം മുഴുവൻ സ്തംഭിക്കുന്നത്. എന്നിരുന്നാലും ഈ ലോക്ഡൗണ്‍ കാലത്ത് ആരാധകർക്ക് ഒരു സമ്മാനവുമായി വന്നിരിക്കുകയാണ് മംമ്ത.

മംമ്ത പാടി അഭിനയിച്ച തേടൽ എന്ന സം​ഗീതം ആൽബം തരം​ഗമാവുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. സച്ചിൻ വാര്യരാണ് ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും മംമതയ്ക്കൊപ്പം ആലപിച്ചിരിക്കുന്നതും. സച്ചിൻ രാമദാസാണ് ആൽബത്തിന്റെ സംവിധായകൻ. തേടലിന് ലഭിച്ച സ്വീകാര്യതയിൽ അതിയായ സന്തോഷമുണ്ടെന്നും പിന്തുണയേകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും മംമ്ത മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

''സത്യത്തിൽ തേടലിൽ എന്നെ പാടാനായാണ്  വിളിച്ചത്. ആൽബത്തിന്റെ കോൺസെപ്ട് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. പിന്നീട് ഞാൻ തന്നെ അഭിനയിക്കുകയായിരുന്നു. ദുബായിലായിരുന്നു ഷൂട്ടിങ്. കുറച്ച് ഭാ​ഗങ്ങൾ അമേരിക്കയിലും ചിത്രീകരിച്ചു. ലോക്ഡൗണിന് മുൻപ് തന്നെ ചിത്രീകരണമെല്ലാം കഴിഞ്ഞിരുന്നു. ഒരു ചെറിയ കാത്തിരിപ്പിനൊടുവിലായിരുന്നു റിലീസ്.

മനോഹരമായ ഒരു ​ഗാനമാണിത്. ആദ്യമായാണ് ഞാനൊരു സം​ഗീത ആൽബത്തിൽ പാടുന്നത്. അതുകൊണ്ടു തന്നെ അത് പുറത്ത് വന്നതിന്റെ ത്രില്ലിലാണ്. മികച്ച അഭിപ്രായമാണിപ്പോൾ ലഭിക്കുന്നത്. സച്ചിൻ വാര്യർ, സച്ചിൻ രാമദാസ്, നിർമാതാക്കളായ മിനി ശർമ, ഐവര്‍ ഗ്രേഷ്യസ് , കേശവ് പുരുഷോത്ത് എന്നിവരോടും സെവന്‍ മീഡിയ, നികോണ്‍ മിഡില്‍ ഈസ്റ്റ് ഇവയോടും നന്ദി പറയുന്നു.'' 

അഭിനയത്തോടൊപ്പം ഇതുപോലുള്ള നല്ല സംരംഭങ്ങൾ വന്നാൽ പാടാൻ താൽപര്യമുണ്ടെന്നും മംമ്ത മോഹൻദാസ് പറയുന്നു.

''സിനിമയിൽ വന്ന് വർഷങ്ങളായെങ്കിലും ഞാൻ കുറച്ചേ പാടിയിട്ടുള്ളൂ. എന്റെ ഭാ​ഗ്യം കൊണ്ടാണെന്ന് അറിയില്ല, പാടിയ പാട്ടുകളെല്ലാം അത്യവശ്യം ഹിറ്റായി. ഇനിയും പാടാൻ നല്ല അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും പാടും.'' - മംമ്ത കൂട്ടിച്ചേർത്തു

Content Highlights: Thedal Music Video Mamta Mohandas Interview Sachin Warrier  Sachin Ramdas