ആൽബത്തിന്റെ റിലീസ് വേള
ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ക്രിസ്ത്യൻ ഭക്തിഗാനആൽബം Way of the cross in a sacramental life യൂട്യൂബിൽ റിലീസ് ചെയ്തു. പീയാർ എക്സ്പോർട്ടേഴ്സാണ് ആൽബം നിർമിച്ചിരിക്കുന്നത്. റെവെറന്റ് ഡോക്ടർ പ്രൊഫസർ ജോൺ മൂലൻ വരികളെഴുതിയ ഗാനങ്ങൾ അമൽ ആന്റണിയും ഔസേപ്പച്ചനും ചേർന്നാലപിച്ചിരിക്കുന്ന ഗാനങ്ങൾക്ക് പ്രമോദ് പപ്പൻ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നു. ഈസ്റ്റർ അമ്പത് നോയമ്പ് ആരംഭത്തോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തിരിക്കുന്നത്. വിശ്വാസികൾ സഹനത്തിന്റെയും പരിത്യാഗത്തിന്റെയും സ്മരണകളിൽ നോയമ്പ് പുണ്യത്തിന്റെ വിശുദ്ധനാളുകൾക്ക് തുടക്കം കുറിയ്ക്കുമ്പോൾഈസ്റ്റർ വരെയുള്ള അൻപത് ദിവസക്കാലം അവരിലെ പ്രാർഥനയും വിശ്വാസവും പാകപ്പെടുത്തുന്ന വിധത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. യേശുക്രിസ്തുവിന്റെ കുരിശുമരണവും ദുഃഖവെള്ളിയും തുടർന്നുള്ള ഉയിർപ്പും ഉൾപ്പെടുന്ന കുരിശ്ശിന്റെ വഴിയിലൂടെ ഓരോ വിശ്വസിയെയും മാനസികമായി പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഔസേപ്പച്ചന്റെ ഭക്തിസാന്ദ്രമായ സംഗീതമൊരുങ്ങിയിരിക്കുന്നത്.
നോയമ്പ് ആരംഭം മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി എല്ലാ ദിവസവും വൈകുന്നേരം പള്ളികളിൽ കുരിശ്ശിന്റെ വഴിയുടെ സംഗീതം കേൾക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. 'പീഡിതനെ ക്രൂശിതനെ' എന്ന ആരംഭഗാനം മുതൽ പ്രാർത്ഥനകളും ഒടുവിലെ സമാപനഗാനവും ഉൾപ്പെടെ പതിനാറ് ഗാനങ്ങളായാണ് ആൽബം ഒരുക്കിയിട്ടുള്ളത്. നൂതനദൃശ്യസാങ്കേതിക മികവോടെയാണ് പ്രമോദ് പപ്പൻ ആൽബത്തിന്റെ ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത്. കുരിശ്ശിന്റെ വഴിക്ക് എല്ലാവിധ പ്രാർഥനയും സ്നേഹാശംസകളും നൽകി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ്ജ് കർദിനാൾ ആലഞ്ചേരി പിതാവും കുരിശ്ശിന്റെ വഴിയ്ക്കൊപ്പമുണ്ട്.
Here, the at most optimistic video songs on the Way of the Cross in Sacramental Life, is being released in the divine presence and blessings of Jesus Christ the Almighty, on 28 February 2022, the Ash Monday of Great Fast എന്നാണ് ആൽബത്തിന്റെ റിലീസിന് നൽകിയിരിക്കുന്ന ആമുഖം.
ആൽബത്തിലേക്കെത്തിയത് ദൈവനിശ്ചയം-ഔസേപ്പച്ചൻ
ഒരു നിയോഗം പോലെയാണ് ആൽബത്തിന്റെ സംഗീതസംവിധാനത്തിലേക്കെത്തിയതെന്ന് ഔസേപ്പച്ചൻ പറയുന്നു. ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാനായി ആദ്യം ഫാദർ ജോൺ മൂലൻ ബന്ധപ്പെട്ടപ്പോൾ താൻ ഒഴിഞ്ഞുമാറിയതായും പിന്നീട് അദ്ദേഹം നേരിട്ട് തന്നെ കാണാനെത്തി ആൽബത്തിന്റെ അന്ത:സത്തയും ലക്ഷ്യവും വിശദീകരിച്ചതോടെ അതിൽ പങ്കാളിയാവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ സാധാരണയായി യേശുദേവന്റെ കുരിശുമരണത്തെ ദുഃഖവെള്ളിയായാണ് ആചരിക്കുന്നത്. മനുഷ്യസമൂഹത്തെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ യേശുദേവൻ മരണം വരിച്ച ദുഃഖവെള്ളി ദിനത്തെ ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ എന്നാണ് പറയുന്നത്. അതിനാൽ ആ പാവനദിനത്തെ നല്ല രീതിയിൽ ഉൾക്കൊള്ളുക എന്നതാണ് ആൽബം ലക്ഷ്യമിടുന്നതെന്നുള്ള ഫാദറിന്റെ വിശദീകരണം തന്റെ തീരുമാനത്തെ മാറ്റുകയും സംഗീതസംവിധാനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഔസേപ്പച്ചൻ പറഞ്ഞു.

അരാമിക് ഭാഷ കുറച്ച് പ്രയാസമായിരുന്നു എങ്കിലും ആൽബത്തിന്റെ ഭാഗമായത് വലിയ ഭാഗ്യം- അമൽ ആന്റണി
'ഔസേപ്പച്ചൻ സർ വളരെ ഡെഡിക്കേറ്റഡ് ആയാണ് ഇതിൽ പ്രവർത്തിച്ചത്. പ്രാരംഭഗാനം, പതിനാല് സ്ഥലങ്ങൾ, സമാപനഗാനം എന്നിങ്ങനെയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ ഗാനങ്ങളും വ്യത്യസ്തമായാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാനും സാധിച്ചത് വലിയ കാര്യമായി കാണുന്നു. കുട്ടിക്കാലം മുതൽ ആവർത്തിച്ചു കേട്ടുകൊണ്ടിരുന്ന കുരിശ്ശിന്റെ വഴി പാട്ടുകൾക്ക് പകരം പുതുമയുള്ളതും കൂടുതൽ മികച്ചതുമായ ഗാനങ്ങൾ വരുന്നത് നല്ല കാര്യമാണ്. ഇതിൽ പങ്കാളിയാവാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ വലിയൊരു സംഭവമാണ്. കുരിശ്ശിന്റെ വഴിയിലെ ഓരോ സീക്വൻസിനും ആഴത്തിലുള്ള അർഥമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.
യേശു സംസാരിച്ചിരുന്ന ഭാഷയാണ് അരാമിക്. ഇവിടെ സുറിയാനിപ്പാട്ടുകളുണ്ടെങ്കിലും പക്കാ അരാമിക് ഭാഷയില്‍ പാടുന്നത് കുറച്ച് പ്രയാസമായിരുന്നു. ഓരോ സീക്വന്‍സും ഔസേപ്പച്ചന് സാര്‍ പറയുമ്പോള്‍ ആ ക്യാരക്ടറാണെന്ന് സങ്കല്പിച്ച് പാടുകയാണുണ്ടായത്. അരാമിക് പോര്‍ഷനുകളാണ് ഔസേപ്പച്ചനും ഏറെ ഇഷ്ടമുള്ള ഭാഗം. അദ്ദേഹം വളരെ കെയര്‍ഫുള്‍ ആയാണ് ആ ഭാഗങ്ങള്‍ ചെയ്തത്. ഭയങ്കര ക്രിയേറ്റീവായാണ് ഔസേപ്പച്ചന് സാര്‍ ഓരോ പാട്ടും ചെയ്തിരിക്കുന്നത്. സാറിന്റെ പ്രോത്സാഹനം കൊണ്ടു മാത്രമാണ് ആ ഭാഗങ്ങള്‍ ഭംഗിയായി പാടാന്‍ സാധിച്ചത്. പഠിച്ച കര്‍ണാടക സംഗീതപാഠങ്ങളോ വെസ്റ്റേണ്‍ പാഠങ്ങളോ ഈ ഗാനങ്ങള്‍ ആലപിക്കാന്‍ സഹായകമായില്ലെന്നതാണ് സത്യം. ഈ ആല്‍ബം ഒരു ചെയ്ഞ്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ എല്ലാവരുടേയും ജീവിതത്തില്‍ മാറ്റമുണ്ടാകട്ടെ, എല്ലാവരും നവീകരിക്കപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു'.
(തയ്യാറാക്കിയത്: സ്വീറ്റി കാവ്)
Content Highlights: The way of the cross devotional music album composed by Ouseppachan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..