ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ അല്പം വ്യത്യസ്തമായി സംഗീതത്തെ പറ്റി ചർച്ചകൾ നടത്താനും, സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കാനും കുറച്ച് സുഹൃത്തുക്കൾ ചേർന്ന് 2019 ആഗസ്റ്റിൽ തുടങ്ങിയ ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് മ്യൂസിക് സർക്കിൾ.
പ്രിയങ്കരങ്ങളായ പാട്ടുകളെ കുറിച്ചും അവയുടെ ശില്പികളെ കുറിച്ചും ഗായകരെ കുറിച്ചുമെല്ലാം ആളുകൾ അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. പുതിയൊരു പാട്ട് കേൾക്കുമ്പോൾ അത് ഷെയർ ചെയ്തും തങ്ങളുടെ ഇഷ്ട ഗാനം മറ്റുള്ളവരിലേക്ക് എത്തിച്ചും അംഗങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായി.. സംഗീതം പഠിച്ചവരോടൊപ്പം തന്നെ സംഗീത ആസ്വാദകരും, പ്രശസ്ത സംഗീത പ്രതിഭകളും ഗ്രൂപ്പിൽ സജീവമായി ഇടപെടാറുണ്ട്. ഒട്ടേറെ സംഗീത ചർച്ചകൾക്കും മ്യൂസിക് സർക്കിൾ ഗ്രൂപ്പ് വേദിയായിട്ടുണ്ട്. ഓരോ പാട്ടുകളുടെ പിന്നിലെ രസകരങ്ങളായ കഥകളും ഗ്രൂപ്പിൽ ചർച്ചയാകാറുണ്ട്. റെക്കോർഡിങ് രീതികൾ, മ്യൂസിക് പ്രൊഡക്ഷനിലെ നൂതന സാങ്കേതിക വിദ്യകളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചും നിരവധി ചർച്ചകൾ ഉയർന്നു വരാറുണ്ട്.
ഒട്ടേറെ പുതിയ കലാകാരന്മാരാണ് മ്യൂസിക് സർക്കിളിലൂടെ വൈറലായിട്ടുള്ളത്. മനോഹരവും വ്യത്യസ്തവുമായ പല പെർഫോമൻസുകളും ഗ്രൂപ്പിന് പുറത്തും വൈറലാകാൻ സാധിച്ചിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഷെയർ ചെയ്ത ആര്യ ദയാലിന്റെ വൈറൽ വീഡിയോ മ്യൂസിക് സർക്കിളിൽ പോസ്റ്റ് ചെയ്തതായിരുന്നു.
കോവിഡ് ലോക് ഡൗൺ കാലത്ത് ഹരീഷ് ശിവരാമകൃഷ്ണൻ, ഗോവിന്ദ് വസന്ത, മിൻമിനി, ഇഷാൻ ദേവ്, റാസാ ബീഗം തുടങ്ങിയ ഗായകരുടെ ഫേസ്ബുക് ലൈവ് പെർഫോമൻസുകളുമായും മ്യൂസിക് സർക്കിൾ സജീവസാന്നിദ്ധ്യമറിയിച്ചിരുന്നു.
Content Highlights :the music circle facebook group first anniversary