കണ്ണൂര്‍: സിരകളില്‍ പാട്ടിന്റെ വൈദ്യുതവീചികള്‍ പടര്‍ത്തി തൈക്കുടം ബ്രിഡ്ജ്. യുവത്വത്തെ പാട്ടിന്റെ തീക്കാറ്റില്‍ പൊരിച്ചടുക്കി, ഏറ്റുപാടിച്ച്, നൃത്തം ചെയ്യിച്ച്, പുതുസംഗീതത്തിന്റെ നുരയുന്ന ലഹരി ഒഴുകിപ്പരന്നു. ക്ലബ്ബ് എഫ്.എം. 94.3-യുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കൊച്ചിയുടെ സ്വന്തം തൈക്കുടം ബ്രിഡ്ജ് കണ്ണൂരിന്റെ മണ്ണില്‍ സംഗീതവിരുന്നൊരുക്കിയത്.

പാട്ടിന്റെ പാലാഴിയിലലിയാന്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. മിക്കവരും ചുണ്ടിലും ചുവടിലും ചടുലതയൊളിപ്പിച്ച യുവത്വം. കണ്ണൂരില്‍ തങ്ങളുടെ ആദ്യപരിപാടി അവതരിപ്പിച്ച തൈക്കുടം സംഘം കണ്ണൂരിന്റെ മനസ്സിലേക്കിട്ടത് പാട്ടിന്റെ പാമ്പന്‍പാലം.

മാതൃഭൂമിയുടെ കപ്പ ടി.വി.യിലെ മ്യൂസിക് മോജോയെന്ന പരിപാടിയിലൂടെ പിറന്ന, കേരളത്തിലെ അറിയപ്പെടുന്ന ബാന്‍ഡാണ് തൈക്കുടം ബ്രിഡ്ജ്. ബാന്‍ഡിന്റെ ത്രസിപ്പിക്കുന്ന സംഗീതം നുകരാന്‍ ജനം ഇടതടവില്ലാതെ ഒഴുകിയെത്തി. പഴംപാട്ടിന്റെ മധുരം നുണയാനെത്തിവരെയും ഷോ തെല്ലും നിരാശരാക്കിയില്ല. ഫിഷ് റോക്ക് തൊട്ട് പാടിപ്പതിഞ്ഞ ഈണങ്ങള്‍വരെ ആസ്വാദകര്‍ നെഞ്ചേറ്റിയത് ഒരേ ആവേശത്തോടെ.

ഗ്രൗണ്ടിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ബാന്‍ഡിന്റെ ജില്ലയിലെ ആദ്യപരിപാടി അനുഭവിച്ചറിയാന്‍ മണിക്കൂറുകള്‍ക്കു മുമ്പേതന്നെ കെ.എ.പി. ഗ്രൗണ്ടിലേക്ക് ജനമെത്തി. പുറത്തിറക്കിയ പുതിയ ആല്‍ബമായ 'നമഃ'യിലെ പുതിയ െഎറ്റങ്ങള്‍ യുവത്വം സ്വീകരിച്ചത് നിറഞ്ഞ കൈയടികളോടെ. ഇരമ്പിയെത്തിയ ജനത്തെ ആനന്ദസാഗരത്തിലാറാടിച്ച് പിന്നീട് ഒന്നിനുപിറകെ ഒന്നായി ഈണങ്ങളെത്തി.

ശബ്ദവിന്യാസത്തിന്റെയും പ്രകാശക്രമീകരണത്തിന്റെയും പരിപൂര്‍ണതയായിരുന്നു സംഗീതപരിപാടിയുടെ പ്രത്യേകത. കുറ്റമറ്റ സാങ്കേതികതയുടെ അംശം ഓരോ അണുവിലും പ്രകടം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള, കെ.എ.പി. കമാന്‍ഡന്റ് കെ.സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ക്ലബ്ബ് എഫ്.എം. 94.3-യുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചാണ് പരിപാടികള്‍ക്കു തുടക്കമായത്.

തളിപ്പറമ്പിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഷോറൂമായ നാഷണല്‍ ഇലക്ട്രോണിക്‌സും പ്രമുഖവസ്ത്രാലയമായ ഗ്രാന്‍ഡ് തേജസുമാണ് ക്ലബ്ബ് എഫ്.എം. തൈക്കുടം മ്യൂസിക് ഷോയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ഗോനെക്‌സാ മാട്രസ്, ജയാ ഫാഷന്‍ ജ്വല്ലറി, സീക്കോ വാച്ചസ്, ഹാര്‍ കാര്‍സ്, ബയോ ഡ്രോപ്‌സ് വാട്ടര്‍ പ്യൂരിഫൈയര്‍, ഫുട് മാര്‍ട്ട്, അല്‍ ഹിന്ദ് ഹോളിഡേയ്‌സ്, സ്‌നേഹ ഇന്‍ എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

Content Highlights: Thaikudam Bridge Club FM 94.3