ചെന്നൈ: തമിഴ്‌സിനിമയിൽ എം.ജി.ആറിന്റെ പ്രതിച്ഛായ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഗാനരചയിതാവായിരുന്നു പുലമൈപിത്തൻ. അദ്ദേഹത്തിന്റെ തൂലിക ഉതിർത്ത സാമൂഹിക പ്രസക്തമായ വരികൾ തമിഴ് മക്കളുടെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്. അതിലൂടെ എം.ജി.ആർ. മുടിചൂടാമന്നനിലേക്കു വളർന്നു. പിൽക്കാലത്ത് എം.ജി.ആറിന് രാഷ്ട്രീയത്തിൽ ഉയർന്നുവരാൻ പോലും പുലമൈപിത്തന്റെ വരികൾ സഹായകമായി.

ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, അജിത്ത്, വിജയ് തുടങ്ങി പഴയതും പുതിയതുമായ തലമുറയിലെ താരങ്ങളുടെ സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിനു സാധിച്ചു. തമിഴ് പണ്ഡിതൻ, കവി, രാഷ്ട്രീയ നേതാവ് തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. തമിഴ് സാഹിത്യത്തിൽ കമ്പം മൂത്താണ് സിനിമയിൽ പാട്ടെഴുതണമെന്ന ആഗ്രഹവുമായി കോയമ്പത്തൂരിൽ നിന്ന്‌ 1960 കളിൽ ചെന്നൈയിലെത്തുന്നത്.

എം.ജി.ആർ. നായകനായ കുടിയിരുന്ത കോയിൽ (1968) എന്ന ചിത്രത്തിൽ ആദ്യമായി പാട്ടെഴുതാൻ അവസരം ലഭിച്ചു. 'നാൻ യാർ നീ യാർ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ലഭിച്ചു. 'അടിമൈ പെൺ' എന്ന ചിത്രത്തിലെ 'ആയിരം നിലവേ വാ..', 'കുമരി കോട്ട'ത്തിലെ 'ആടുവത് ഉടലുക്ക്..., നല്ല നേരം എന്ന ചിത്രത്തിലെ 'ഓടി ഓടി ഉഴയ്ക്കും..', 'ഉലകം ചുറ്റം വാലിബനി'ലെ 'സിരിത്തു വാഴ വേണ്ടും...' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം രചിച്ചു. ആയിരത്തോളം സിനിമ ഗാനങ്ങൾ പുലമൈ പിത്തന്റേതായി പുറത്തുവന്നു.

2016- ൽ വിജയ് നായകനായ തെറി എന്ന സിനിമയ്ക്കു വേണ്ടി 'തൈമായി...' എന്ന ഗാനവും അദ്ദേഹത്തിന്റേതാണ്. എം.എസ്.വിശ്വനാഥൻ, കെ.വി.മഹാദേവൻ, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകർക്കു വേണ്ടി ഗാനരചന നിർവഹിച്ചു.

1982-ൽ 'ഒടുക്കം തുടക്കം' എന്ന ചിത്രത്തിൽ ദേവരാജന്റെ സംഗീതത്തിൽ 'കാലൈ വന്ത സൂരിയനെ...' എന്ന ഗാനം രചിച്ചു. 1987 ൽ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യാനിരുന്ന 'വെൺമേഘ ഹംസങ്ങൾ'ക്കു വേണ്ടി 'പാൽക്കിണ്ണമോ...നിലാമുഖം...'എന്ന തമിഴ് ഗാനം രചിച്ചു. എസ്.പി.ബിയും ചിത്രയും പാടിയ ഈ ഗാനം റിക്കോർഡ് ചെയ്തുവെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. കെ.മധു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'മൗനം സമ്മതം' എന്ന ചിത്രത്തിലെ 'കല്ല്യാണ തേൻനിലാ കൽപ്പാന്ത പാൽനിലാ' എന്ന ഗാനം പുലമൈപിത്തന്റേതാണ്. പഴയ തമിഴ് ഗാനങ്ങൾ റീമിക്‌സ് ചെയ്യുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ പുലമൈപിത്തൻ എ.ആർ.റഹ്മാനും യുവൻ ശങ്കർ രാജയും ജി.വി.പ്രകാശും ഉൾപ്പെടെയുള്ളവരെ റീമിക്‌സിന്റെ പേരിൽ കോടതി കയറ്റുമെന്നുവരെ ഭീഷണിമുഴക്കിയിരുന്നു.

എം.ജി.ആറുമായുളള അടുപ്പമാണ് പുലമൈപിത്തനെ രാഷ്ട്രീയത്തിലേക്കു നയിച്ചത്. എം.ഐ.എ.ഡി.എം.കെയിൽ സജീവമായിരുന്ന അദ്ദേഹം തമിഴ്‌നാട് നിയമസഭാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ഠിച്ചു. എം.ജി.ആർ അദ്ദേഹത്തിന് 'അരസവി കവിജ്ഞർ' എന്ന വിശേഷണം നൽകിയിരുന്നു. ഗാനരചയിതാവിനുളള സർക്കാർ പുരസ്‌ക്കാരം ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങളും പുലമൈപിത്തനു ലഭിച്ചു.

 

Content Highlights: Tamil Poet Lyricist Pulamaipithan's friendship with MGR