ചെന്നൈ: മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ 'കല്ല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍നിലാ' എന്ന ഗാനത്തിലൂടെ മലയാളിമനസ്സുകളിലും ഇടം നേടിയ തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ (രാമസാമി-85) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അന്ത്യം.

നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു. 1968-ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. നായകനായ 'കുടിയിരുന്ത കോയില്‍' എന്ന സിനിമയില്‍ 'നാന്‍ യാര്‍ നീ യാര്‍' എന്ന പാട്ടെഴുതിയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് അഞ്ച്  പതിറ്റാണ്ടിലേറെ ഗാനരചനാരംഗത്ത് സജീവമായിരുന്നു. എം.ജി.ആര്‍., ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങി സൂപ്പര്‍താര ചിത്രങ്ങള്‍ക്കുവേണ്ടി നിരവധി പാട്ടുകളെഴുതി.

സാമൂഹികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സിനിമയില്‍ എം.ജി.ആറിന്റെ പ്രതിച്ഛായ വളര്‍ത്തി. എം.ജി.ആര്‍. രാഷ്ട്രീയത്തിൽ എത്തിയപ്പോൾ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായി. എം.ജി.ആര്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

കമല്‍ഹാസന്റെ നായകന്‍ എന്ന ചിത്രത്തിലെ 'തേന്‍പാണ്ടി ചീമയിലെ' തുടങ്ങി ശ്രദ്ധയാകര്‍ഷിച്ച ഗാനങ്ങള്‍ രചിച്ച ഇദ്ദേഹം എം.എസ്. വിശ്വനാഥന്‍, കെ.വി. മഹാദേവന്‍, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

1935-ല്‍ കോയമ്പത്തൂരിലാണ് ജനനം. സിനിമയില്‍ പാട്ടെഴുതാനായാണ് ചെന്നൈയിലെത്തിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

 

Content Highlights: Tamil poet and lyricist Pulamaipithan passes away