തുറന്നിട്ട ജനാലയ്ക്കപ്പുറത്ത് നിലാവ് പെയ്യുന്നു. ആകാശത്ത് താരകൾ കൺചിമ്മുന്നു. ഇളംകാറ്റിൽ രാപ്പൂക്കളുടെ സൗരഭ്യം നിറയുന്നു. പകരം വെക്കാനില്ലാത്ത ഈ മായികാനുഭൂതിയെ മറ്റെന്തു വിളിക്കും ഞാൻ -- തലത്ത് മഹ്മൂദ് എന്നല്ലാതെ?

ഏകാന്തരാവുകളിൽ ഇന്നും കൂട്ട് തലത്തിന്റെ ഗാനങ്ങൾ തന്നെ. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് ഈ കോവിഡ് കാലത്തും കാതുകളിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു ആ പാട്ടുകൾ. ഇരുട്ട് കട്ടപിടിച്ച ഈ നീണ്ട ഇടനാഴിയുടെ അറ്റത്ത് ഒരു തുള്ളി വെളിച്ചമുണ്ടെന്നും.
``ഫിർ വഹീ ശാം വഹീ ഗം വഹീ തൻഹായീ ഹേ, ദിൽ കോ സംജാനേ തേരി യാദ് ചലീ ആയീ ഹേ..'' -- ഭരത് ഭൂഷൺ അവതരിപ്പിച്ച മിർസാ യൂസുഫ് ചെങ്കാസി എന്ന വിരഹിയായ കാമുകന് വേണ്ടി തലത്ത് പാടുകയാണ് ``ജഹനാര'' എന്ന ചിത്രത്തിൽ: വീണ്ടും ആ പഴയ സന്ധ്യ, അതേ വേദന, അതേ ഏകാന്തത..നിന്റെ ഓർമ്മകൾ തിരികെ വരുന്നു; എന്റെ ഹൃദയത്തിന് തണലേകാൻ .... രാജേന്ദ്ര കിഷന്റെ വരികളും മദൻമോഹന്റെ മാന്ത്രികസംഗീതവും തലത്തിന്റെ തെല്ലു വിറയാർന്ന ശബ്ദവും ചേർന്ന് മാഞ്ഞുപോയ ഒരു കാലം വീണ്ടെടുക്കുകയാണ്.
തീർന്നില്ല. ``ഫിർ തസവ്വൂർ തേരേ പെഹലൂ മേ ബിഠാ ജായേഗാ, ഫിർ ഗയാ വഖ്ത് ഘടി ഭർ കോ പലട് ആയേഗാ, ദിൽ ബഹൽ ജായേഗാ ആഖിർ കോ തോ സൗദായി ഹേ...'' ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങൾ സ്വപ്നത്തിലെങ്കിലും വീണ്ടെടുക്കാൻ മോഹിക്കുന്ന കാമുകമനസ്സുണ്ട് രജീന്ദർ കിഷന്റെ വരികളിൽ. തലത്ത് ആ മോഹത്തിന് ശബ്ദചിറകുകൾ നൽകുന്നു; പ്രണയാർദ്രമായ ആലാപനത്തിലൂടെ. മദൻ മോഹൻ ആ ചിറകുകളെ ഈണം കൊണ്ട് തഴുകുന്നു.

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദമാണ് തലത്തിന്റേത് എന്ന് തോന്നും ചിലപ്പോൾ. ഏകാകിയുടെ എല്ലാ ആഹ്ളാദങ്ങളും വേദനകളും വിഹ്വലതകളും നിറഞ്ഞ ആത്മഗീതം. നിത്യജീവിതത്തിലെ നെറികെട്ട പന്തയങ്ങളുടെ ഭാഗമാകാൻ കഴിയാത്ത, തീർത്തും അന്തർമുഖനും നിസ്സഹായനുമായ ഒരാളുടെ മനസ്സുണ്ടതിൽ. ഏതു തിരക്കിലും ബഹളത്തിലും സ്വന്തം ലോകത്തേക്ക് ഉൾവലിയാനും പുറത്തെ ശബ്ദഘോഷങ്ങൾക്കുമേൽ കാതുകൾ കൊട്ടിയടയ്ക്കാനും എന്നെ സഹായിക്കുന്നു ആ പാട്ടുകൾ. ഈ ദുരിതകാലത്തും ഏറ്റവുമടുത്ത കൂട്ടുകാരനെപ്പോലെ തൊട്ടരികെയിരുന്ന് പാടിക്കൊണ്ടിരിക്കുന്നു തലത്ത് .-- മ്യൂസിക് സിസ്റ്റത്തിൽ, കംപ്യൂട്ടറിൽ, മൊബൈൽ ഫോണിൽ. ഒരു പക്ഷേ ഈ ലോക്ക് ഡൗൺ കാലം എന്റെ മനസ്സിൽ അവശേഷിപ്പിക്കാൻ പോകുന്ന പ്രസാദമധുരമായ ഒരേയൊരു ഓർമ്മയും ആ കേൾവിയുടെ ഇന്ദ്രജാലമാകാം.

മുഹമ്മദ് റഫിയും കിഷോർ കുമാറും അവരുടെ കാക്കത്തൊള്ളായിരം അനുകർത്താക്കളും ഉള്ളപ്പോൾ എന്തുകൊണ്ട് തലത്ത് മഹ്മൂദ് എന്ന് ചോദിച്ചിട്ടുണ്ട് പലരും. ഒരു പാട്ടുകാരനോടും അകൽച്ചയില്ല എനിക്ക്. എല്ലാവരും ഹൃദയത്തിന്റെ ഭാഗം. റഫിയുടെ പ്രണയവും കിഷോറിന്റെ വിഷാദമാധുര്യവും ഹേമന്ത് കുമാറിന്റെ ആർദ്രതയും മുകേഷിന്റെ ഗദ്ഗദവും മന്നാഡേയുടെ ഭാവമാധുര്യവും ഭുപീന്ദറിന്റെ പ്രസാദാത്മകതയുമെല്ലാം ഒരുപോലെ പ്രിയങ്കരം. എങ്കിലും പൊടി ഇഷ്ടം കൂടുതലുണ്ട് തലത്തിനോട്. നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ടാവാം. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കാൻ കഴിയുന്നതു കൊണ്ടാവാം. ഏതെങ്കിലുമൊരു പാട്ടിന്റെ കൈപിടിച്ച് മരണതീരത്തേക്ക് യാത്രചെയ്യാൻ ഈശ്വരൻ അനുവദിക്കുകയാണെങ്കിൽ കണ്ണും ചിമ്മി ഞാൻ തിരഞ്ഞെടുക്കുക ``ജൽത്തേ ഹേ ജിസ്കേലിയേ'' ആയിരിക്കുമെന്ന് ഒരിക്കൽ എഴുതിപ്പോയതും അതുകൊണ്ടുതന്നെ.

പാതിരാവിൽ ഞെട്ടിയുണർന്ന് ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകളുമായി ഉറക്കം വരാതെ കിടക്കുമ്പോഴെല്ലാം ഉപബോധമനസ്സ് തലത്തിനെ തേടും. പാതിമയക്കത്തിൽ തലത്തിനെ കേൾക്കുന്നതോളം ലഹരി നിറഞ്ഞ അനുഭവം മറ്റെന്തുണ്ട്? സിന്ദഗി ദേനേവാലെ സുൻ, ജായേ തോ ജായേ കഹാം, അന്ധേ ജഹാം കേ, തസ് വീർ ബനാത്താ ഹൂ, മേരി യാദ് മേ തും നാ, സീനേ മേ സുലഗ്താ, മേ പാഗൽ മേരാ മൻവാ പാഗൽ, മേ ദിൽ ഹൂം ഏക് അർമാൻ ഭരാ....എല്ലാം എന്റെ നിദ്രാവിഹീനനിശകളിൽ സ്വപ്നം നിറയ്ക്കുന്ന പാട്ടുകൾ. നൂറു തവണ, ചിലപ്പോൾ ആയിരം തവണയെങ്കിലും കേട്ടിരിക്കും അവയിൽ പലതും. പക്ഷെ, ഇന്നും ആദ്യ കേൾവിയിലെ അതേ അനുഭൂതി പകരുന്നു ആ പാട്ടുകളെല്ലാം.

എന്നായിരിക്കണം തലത്തിനെ കാതുകൾ ആദ്യമായി തിരിച്ചറിഞ്ഞതും സ്നേഹിച്ചു തുടങ്ങിയതും? വൈകി മാത്രം വീട്ടിലെത്തുന്ന അച്ഛന്റെ മോട്ടോർ സൈക്കിളിന്റെ വിദൂരശബ്ദത്തിന് കാതോർത്ത് വയനാട്ടിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിന്റെ മുറ്റത്ത്, മുന്നിലെ കൂരിരുട്ടിലേക്ക് ഭയപ്പാടോടെ നോക്കിയിരുന്ന ഏകാകിയായ സ്കൂൾ കുട്ടിയെ ഒരു രാത്രി വന്ന് ചേർത്തു പിടിക്കുകയായിരുന്നു ആ ശബ്ദം -- `ജൽത്തേ ഹേ ജിസ്കേലിയേ'' എന്ന ഗാനത്തിന്റെ രൂപത്തിൽ. റേഡിയോ സിലോണിൽ നിന്ന് തരംഗമാലകളായി ഒഴുകിവന്ന ആ ഗാനം അവനെ പൊടുന്നനെ ഉറക്കച്ചടവിൽ നിന്നുണർത്തി; വിഹ്വല ചിന്തകളിൽ നിന്നും. ഉള്ളിലടക്കിപ്പിടിച്ച ഭയത്തെ പോലും തുടച്ചുനീക്കാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു തലത്തിന്റെ ശബ്ദത്തിൽ. ഈ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന സത്യം ഒരു പാട്ടിലൂടെ അവൻ ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരിക്കണം.

content highlights : Talat Mahmood Indian playback singer ghazal ravi menon paattuvazhiyorathu