പ്രില്‍ 16 , 1813. ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളെക്കുറിച്ച് അമ്മയുടെ ഉദരത്തിലിരിക്കെ കേട്ടാനന്ദിച്ച ഒരു കുട്ടി മഹാരാജാവായി പിറന്നത് അന്നാണ്. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന താരാട്ടിലെ, ഭാഗ്യദ്രുമത്തിന്‍ ഫലവും ഈശ്വരന്‍ തന്ന നിധിയും സുക്തിയില്‍ കണ്ടപൊരുളുമെല്ലാം ആ ഗര്‍ഭശ്രീമാന്‍ തന്നെ. പ്രൗഢമായ ഭാഷയില്‍ ശബ്ദാലങ്കാരങ്ങളിലേക്കു സംഗീതം സന്നവേശിപ്പിച്ച് സ്വാതി തിരുനാള്‍ രാമവര്‍മ്മ രചനകള്‍ നടത്തിയപ്പോള്‍ അവയുടെ വൈകാരികവും സംഗീതപരവുമായ മൂല്യങ്ങള്‍ക്കു ചോദനയായി വര്‍ത്തിച്ചത് ഇരയിമ്മന്‍ തമ്പിയുടെ ഈ താരാട്ട് ആകണം. 

മറ്റൊരു സ്വാതിജയന്തിയുടെ സന്ദര്‍ഭത്തില്‍ ആലോചിക്കുമ്പോള്‍ കേരളവും കര്‍ണാടകസംഗീതവും തമ്മിലുള്ള ബന്ധുത്വത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍കൂടി മിഴിവോടെ തെളിയുന്നുണ്ട്. കര്‍ണാടക സംഗീതത്തിന്റെ പൊതുധാരയിലേയ്ക്ക് കേരളത്തില്‍നിന്ന് ഒന്നാമതായി കടന്നുചെല്ലുന്ന സംഗീതരചയിതാവ് സ്വാതി തിരുനാള്‍ ആണ്. സംഗീത 'ത്രയം' എന്ന് വിളിക്കപ്പെടുന്ന ത്യാഗരാജസ്വാമി, മുത്തു സ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി എന്നിവരുടെ കാലത്താണ് കര്‍ണാടക സംഗീതം ഏറ്റവും കരുത്തു നേടുന്നത്. അതേ കാലയളവില്‍ത്തന്നെ ജീവിച്ചിരുന്ന സ്വാതിതിരുനാള്‍ കര്‍ണാടക സംഗീതത്തെ സ്‌നേഹിക്കുകയും വളര്‍ത്തുകയും ചെയ്ത മലയാളിസാന്നിധ്യമായി. കൃതി, വര്‍ണ്ണം, പദം, സ്വരജതി, തില്ലാന, ഭജന്‍, ജാവളി തുടങ്ങിയ വൈവിധ്യമാര്‍ന്ന സംഗീതവിഭാഗങ്ങളില്‍ വിശേഷവിധിയായ രചനകള്‍ അദ്ദേഹം നടത്തി. മലയാളം, സംസ്‌കൃതം, തമിഴ്, ഹിന്ദി, മറാത്തി, തെലുഗ് ഭാഷകളില്‍ കൃതികള്‍ രചിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ അറിവു നേടുകയും ആ സംഗീതപദ്ധതി കേരളത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളായ  ദ്രുപദ്, ഖയാല്‍ എന്നിവയും സ്വാതി തിരുനാള്‍ രചിച്ചിട്ടുണ്ടല്ലൊ. ഇന്ത്യയിലെ മറ്റുദേശങ്ങളില്‍ പ്രചാരത്തിലിരുന്ന പല സംഗീത രൂപങ്ങളെയും കേരളത്തില്‍ കൊണ്ടുവരുവാനും കലാകാരന്മാരെ ചേര്‍ത്തുനിര്‍ത്തുവാനും അദ്ദേഹത്തിനായി. കേരളത്തിന് ഒരു സംഗീതസംസ്‌ക്കാരം തന്നെ ഉണ്ടാക്കിയെടുത്തത് സ്വാതി തിരുനാളാണെന്നതിനു ചരിത്രം സാക്ഷി. കര്‍ണാടക സംഗീതത്തിനൊപ്പം ഹിന്ദുസ്ഥാനി സംഗീതവും ആസ്വദിയ്ക്കുവാന്‍ സാധ്യമായ ഒരു കേള്‍വി സംസ്‌ക്കാരം, ഇതര സംഗീതരൂപങ്ങളില്‍നിന്നു വന്നുചേര്‍ന്ന കലര്‍പ്പുകള്‍ക്കുള്ള സ്വീകാര്യത  ഇതിനെല്ലാം സ്വാതി തിരുനാളിനോട് കേരളം കടപ്പെട്ടിരിക്കുന്നു. ഹിന്ദുസ്ഥാനിസംഗീതത്തില്‍പ്പെടുന്ന ഒരു ഭജന്‍ കര്‍ണാടക സംഗീതജ്ഞന് തന്റെ കച്ചേരിയില്‍ അവതരിപ്പിക്കുവാനുള്ള ആത്മവിശ്വാസം ഉണ്ടാകുന്നതും ഈ കേള്‍വിയനുഭവങ്ങളില്‍ നിന്നാണ്.

തിരുവിതാംകൂറിനെ ആധുനികീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സ്വാതി തിരുനാള്‍ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളും പെണ്‍ പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അടിമക്കച്ചവടം പോലുള്ള പ്രാകൃത ഏര്‍പ്പാടുകളും പല അന്ധവിശ്വാസങ്ങളും നിര്‍ത്തലാക്കിയ അദ്ദേഹം തികഞ്ഞ നവീകരണവാദി ആയിരുന്നിരിക്കണം. പക്ഷേ കൊളോണിയല്‍ നവീകരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുന്നതിനൊപ്പംതന്നെ പ്രാദേശിക ഭാഷകളില്‍ സംഗീതരചനകള്‍ നടത്തി പ്രതിരോധിക്കുവാനും സ്വാതി തിരുനാള്‍ പരിശ്രമിച്ചു. അതിനാല്‍ത്തന്നെ പല ഭാഷകളില്‍ അദ്ദേഹം രചിച്ച കൃതികള്‍ വിപ്ലവാത്മകമെന്ന് കരുതുവാനാകും. കേരളീയരാഗങ്ങളിലും താളങ്ങളിലും അദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്. മൂന്നൂറോളം രചനകള്‍ നടത്തിയതില്‍ അന്‍പതോളം പദങ്ങള്‍ വിശിഷ്ട നിര്‍മ്മിതികളായി നിലനില്‍ക്കുന്നുണ്ട്. ഭക്തിയും തത്വജ്ഞാനവും കൃതികളിലെ പൊതുവായ വിഷയം ആയി വരുമ്പോള്‍ത്തന്നെ പദങ്ങളില്‍ പ്രണയവും വിരഹവും ശൃംഗാരാസ്പദമായ ഭാവങ്ങളും നിറഞ്ഞു നില്‍ക്കുന്നു. വിരഹവേദനയില്‍ നീറുന്ന പ്രണയിനിയുടെ നിര്‍ദ്ദയനായ കാമുകനോട് ഉപമിക്കുന്നത് ശ്രീ പദ്മനാഭനെത്തന്നെയും. പരിഭവവും സംഗമസുഖവും വര്‍ണിക്കുന്ന പദങ്ങള്‍ക്കൊപ്പംതന്നെ വിശിഷ്ടപദഘടനയുമായി നിരവധി കീര്‍ത്തനങ്ങള്‍. സ്വരാക്ഷര പ്രയോഗങ്ങളും അലങ്കാരങ്ങളുമായി സമ്പന്നമായ കൃതി വൈവിധ്യങ്ങളും എടുത്തുപറയേണ്ടിയിരിക്കുന്നു.
 
'ജഗതിസമസ്തചരാചരവിതതം', 
'ജഹി ധനദാരസുതാദിസുരാഗം
സ്വപ്നസമേഷു ഹി മമതാരചിതം'

എന്നിങ്ങനെ മൊഴിച്ചേര്‍പ്പുകളിലൂടെ ഭംഗികള്‍ സൃഷ്ടിക്കുന്ന സ്വാതിയുടെ 'ഭജ ഭജ മാനസ' എന്ന കൃതിയിലെ ഭാവവൈവിധ്യം നോക്കൂ. സ്വന്തം ജീവിതസംഘര്‍ഷങ്ങള്‍ക്കുതന്നെയാണ് അദ്ദേഹം സംഗീതരൂപം നല്കിയതെന്നു തോന്നും; കലയും കലാകാരനും ഇവിടെ ഒന്നായിത്തീരുന്നു.
ജനപ്രിയം എന്ന് കരുതപ്പെട്ട 'രക്തി'രാഗങ്ങള്‍ക്കൊപ്പം അപൂര്‍വ്വ രാഗങ്ങളിലും അദ്ദേഹം കൃതികള്‍ രചിച്ചു. ലളിതപഞ്ചമം, മോഹനകല്യാണി, സൈന്ധവി, ഗോപികാവസന്തം തുടങ്ങിയ രാഗങ്ങളിലെ കൃതികള്‍ ഉദാഹരണങ്ങള്‍. 'ഭാവയാമി രഘുരാമം' എന്ന കൃതിയില്‍ ഒരു ചിമിഴിലെന്നപോലെ രാമായണകഥ പൂര്‍ണ്ണമായും അദ്ദേഹം ഉള്‍ക്കൊള്ളിക്കുന്നു. 'കമലജാസ്യഹൃതാനി' എന്നത് പത്തു ചരണങ്ങള്‍ ചേര്‍ന്ന ദശാവതാരകൃതിയും. നൃത്താവതരണങ്ങള്‍ക്കായി നിര്‍മ്മിച്ച പദങ്ങള്‍ക്ക് വര്‍ണ്ണാഞ്ചിതമായ സങ്കല്‍പ്പങ്ങളിലൂടെ അദ്ദേഹം ഉടല്‍വടിവുകള്‍ക്കും ഭാവങ്ങള്‍ക്കുമിണങ്ങുന്ന മട്ടില്‍ പൊലിമ നല്കുന്നതു കാണാം. 'വര്‍ണ്ണങ്ങള്‍'ക്കു പൊതുവെ തെലുഗ് ഭാഷയിലായിരുന്നു പ്രചാരം. എന്നാല്‍ സംസ്‌കൃതത്തില്‍ രചിച്ച സ്വാതി തിരുനാളിന്റെ വര്‍ണ്ണങ്ങള്‍ സംഗീതജ്ഞാനത്തിലുംകവിതയിലുമുള്ള അദ്ദേഹത്തിന്റെ കൃതഹസ്തതയെ കൃത്യമായി വരച്ചുകാണിക്കുന്നു. നവവിധഭക്തിയെ പ്രതിപാദിക്കുന്ന ഭാഗവത സാരസംഗ്രഹമായ 'ഭക്തി മഞ്ജരി' , സംഗീതസാഹിത്യത്തില്‍ പ്രയോഗിക്കുന്ന ശബ്ദാലങ്കാരങ്ങളെപ്പറ്റിയുള്ള 'മുഹുന പ്രാസ അന്ത്യപ്രാസ വ്യവസ്ഥ' എന്നകൃതി, കുചേലോപാഖ്യാനം പ്രബന്ധം എന്നിവയും സ്വാതി തിരുനാളിന്റെ പ്രധാനസംഭാവനകള്‍ ആണ്. ഉത്സവപ്രബന്ധകൃതിയായ 'കനകമയമായിടും' പോലുള്ള രചനകള്‍ മലയാള ഭാഷയിലെ മികച്ച സംഗീതകാവ്യോത്സവങ്ങള്‍തന്നെയാകുന്നു.

സംഗീതത്തിലെ ത്രിമൂര്‍ത്തികളും മറ്റു വാഗ്ഗേയകാരന്മാരും മുഴുവന്‍സമയ സംഗീതോപാസകര്‍ ആയിരുന്നു. അവരുടെ സംഗീതത്തെ പാടിയുറപ്പിക്കുവാനും പ്രചരിപ്പിക്കുവാനും അനേകം ശിഷ്യര്‍ക്കാവുകയും ചെയ്തു. സ്വാതി തിരുനാള്‍ അക്കാലമത്രയും വിശ്രമരഹിതമായ രാജ്യഭാരത്തില്‍ ഏര്‍പ്പെട്ടിരുന്നു, കൊളോണിയല്‍ അധിനിവേശത്തില്‍ മുക്കാലും അടിമപ്പെട്ട ഒരു ഭരണാധികാരിയുടെ സംഘര്‍ഷങ്ങളില്‍ക്കൂടി കടന്നു പോവുമ്പോളാണ് സംഗീതത്തിനായി ഇത്രയും വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുള്ളത്. മുപ്പത്തിനാലു വയസ്സിനുള്ളില്‍ ഇത്രയും ചെയ്തു തീര്‍ക്കുവാനായത് ഒരു മുഴുവന്‍ സമയ സംഗീതജ്ഞനല്ലാത്ത, ഒരുഭരണാധികാരിയ്ക്കാണ് എന്നതു വിസ്മയകരം തന്നെയാണ്.

''സാരി'യെന്നൊരാള്‍ക്കങ്ങു മൂളിയാലോ മന്ത്രത്താല്‍
ദാരിദ്ര്യപ്പിശാചിനെത്തല്‍ക്ഷണം തച്ചോടിക്കാം'

സംഗീതത്തെ ഉപജീവനമാര്‍ഗ്ഗം ആയി സ്വീകരിച്ചവര്‍ക്കു സ്വാതിതിരുനാള്‍ മഹാരാജാവ് എത്രത്തോളം പ്രോത്സാഹനം നല്‍കി എന്നതിനെക്കുറിച്ച് മഹാകവി ഉള്ളൂര്‍ 'കാട്ടിലെ പാട്ട്' എന്ന കവിതയില്‍ കുറിച്ചിട്ട വരികള്‍ ആണിത്. സ്വാതി തിരുനാളിന്റെ സംഗീത സദസ്സില്‍ മലയാളികളും മറുനാട്ടുകാരുമായി നിരവധി കലാകാരന്മാര്‍ തങ്ങളുടെ കലാനിപുണത പ്രദര്‍ശിപ്പിക്കുകയും പാരിതോഷികങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവന്നു.  നാട്യാചാര്യന്മാരും പ്രഗത്ഭ നര്‍ത്തകരും ഗാനരചയിതാക്കളും ചിത്രകാരന്മാരും സ്വാതിസഭയില്‍ ബഹുമാനിക്കപ്പെട്ടപ്പോള്‍ പല കലാസമ്പ്രദായങ്ങളും കേരളത്തില്‍ കലരുകയും വളരുകയും ചെയ്തു. 'തഞ്ചാവൂര്‍ ക്വോര്‍റ്റെറ്റ്' എന്നറിയപ്പെട്ട പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം, വടിവേലു എന്നിവരോടൊപ്പം ഹാരികഥാകാലക്ഷേപകലാകാരന്‍ 'കോകിലകണ്ഠ' മേരുസ്വാമിയും ഷട്കാല ഗോവിന്ദമാരാരും സ്വാതിസഭയിലെ ആസ്ഥാന വിദ്വാന്‍മാരായി. ത്യാഗരാജ സ്വാമിയെ ചെന്നുകാണുവാനായി ഗോവിന്ദ മാരാരെ അയച്ചത് സ്വാതി തിരുനാള്‍ആണ്. എന്നാല്‍ സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലേക്കുള്ള ക്ഷണം  ത്യാഗരാജസ്വാമി നിരസിച്ചു. സംഗീതം തൊഴിലാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. യഥാവിധി പ്രോത്സാഹനങ്ങളുടെയും അവസരങ്ങളുടെയും ദൗര്‍ലഭ്യം കാരണം സംഗീതം ഉപേക്ഷിച്ചു മറ്റു തൊഴിലുകളിലേയ്ക്കു തിരിഞ്ഞവരുടെ നിരാശയെക്കുറിച്ച് നാം കേട്ടറിഞ്ഞിട്ടുമുണ്ട്. സ്വാതി തിരുനാളിന്റെ കൊട്ടാരത്തില്‍ നിരവധി കലാകാരന്മാര്‍ ശമ്പള വ്യവസ്ഥയില്‍ സ്ഥിരം നിയമിതരായിരുന്നു എന്നത് കലാനിപുണനായിരുന്ന ഭരണാധികാരിയുടെ ദീര്‍ഘദര്‍ശനം എന്നുറപ്പിക്കാം.

ആലോചനകളിലും പ്രവൃത്തികളിലും തന്റെ മനസ്സ് പദ്മനാഭസ്വാമിയോട് ചേരട്ടെ എന്ന സ്വാതി തിരുനാളിന്റെ ചിന്തയ്ക്കു സമകാലിക സന്ദര്‍ഭത്തില്‍ വളരെ പ്രസക്തിയുണ്ട്. ദൈവികമായ കലയെക്കുറിച്ചുള്ള ഒരു നിഷ്‌കാമകര്‍മ്മിയുടെ ഉയര്‍ന്ന സങ്കല്പനമാണത്. കൃതികളില്‍ സന്നിവേശിപ്പിച്ച രാഗഭാവത്തിനും മീതെ സാഹിത്യഭേദങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിച്ച സ്വാതിയുടെ സംഗീതം ഇനിയുമേറെ പഠിക്കേണ്ടതുണ്ട്. ഈ സ്വാതിസ്മരണയില്‍ സംഗീതജ്ഞരും വിദ്യാര്‍ഥികളും അദ്ദേഹത്തിന്റെ സംഗീത്തിലേയ്ക്ക് കൂടുതല്‍ ചെന്നെത്തുമെന്നാശിക്കാം. ഒരു രാജാവ് എന്നതിനെക്കാള്‍ കേരളീയസംഗീതത്തെ അതിര്‍ത്തികള്‍ കടത്തുകയും മറ്റു സംഗീതവഴികളെ കേരളത്തിലേക്കാനയിക്കുകയും ചെയ്ത ഗാനചക്രവര്‍ത്തിയായിരുന്നല്ലൊ അദ്ദേഹം.