ബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ ഗാനരംഗം നമ്മളാരും മറന്നിട്ടില്ല. 'മുത്തേ പൊന്നേ പിണങ്ങല്ലേ...' എന്നു പാടി അരിസ്റ്റോ സുരേഷ്, നിവിന്‍ പോളിയുടെ ബിജുവെന്ന കഥാപാത്രമുള്‍പെടെയുള്ള പോലീസുകാരെ മുഴുവന്‍ കൈയിലെടുത്തതാണ്. സിനിമയില്‍ പോലീസ് സ്റ്റേഷനിലെത്തുന്ന പ്രതിയായാണ് സുരേഷ്. 

പ്രതിയല്ലാത്ത മറ്റൊരു സുരേഷിന്റെ പാട്ടുകൂടി വൈറലായിരിക്കുകയാണിപ്പോള്‍. അരിസ്റ്റോ സുരേഷ് പാടിയത് സിനിമയിലാണെങ്കില്‍ ഇത് ജീവിതത്തിലാണെന്നു മാത്രം.

പരിയാരം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സുരേഷ് പള്ളിപ്പാറയാണ് ഇതിലെ ഗായകന്‍. കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തായ പോലീസുകാരനെ കാണാന്‍ സ്‌റ്റേഷനിലെത്തിയതാണ് സുരേഷ്. തുടര്‍ന്ന് സ്റ്റേഷനിലെ മറ്റു പോലീസുകാരുടെ അഭ്യര്‍ഥന പ്രകാരം സുരേഷ് പാടുകയായിരുന്നു.

ജിതേഷ് മലപ്പുറം രചിച്ച 'പാലം പാലം നല്ല നടപ്പാലം.. അപ്പന്റെ കൈയ്യും പിടിച്ച്..' എന്ന ഗാനമാണ് സുരേഷ് ആലപിച്ചത്. ഈ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളില്‍ ഏറെ പ്രശസ്തമായ 'കൈതോല പായ വിരിച്ച്' എന്ന നാടന്‍പാട്ടിന്റെ സ്രഷ്ടാവാണ് ജിതേഷ് മലപ്പുറം. 

Content highlights : Suresh Pallippara singer, Suresh Pallippara folk singer at Pariyaram Police station, singer at police station