'കാവൽ' എന്ന തന്റെ പുതിയ ചിത്രത്തിലൂടെ മലയാളി സം​ഗീത പ്രേമികൾക്ക് പുതിയ ഗായകനെ പരിചയപ്പടുത്തി നടൻ സുരേഷ് ഗോപി. സന്തോഷ് ആണ് കാവലിലെ 'കാർമേഘം മൂടുന്നു' എന്ന ​ഗാനം ആലപിച്ചുകൊണ്ട് മലയാള പിന്നണി ​ഗാനരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് ഈണം നൽകിയിരിക്കുന്നത്. 

സുരേഷ് ​ഗോപി അവതാരകനായെത്തിയ ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന സംഗീത എന്ന യുവതിയുടെ ഭർത്താവാണ് സന്തോഷ്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന സന്തോഷിന് സിനിമയിൽ പാടാൻ അവസരം നൽകാമെന്ന് സുരേഷ് ​ഗോപി വാക്ക് നൽകിയിരുന്നു. ആ ഉറപ്പാണ്  ‘കാവലി’ലൂടെ താരം സാധിച്ചു നൽകിയത്. 

നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് 'കാവൽ'. രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

content highlights : Suresh Gopi Movie Kaval song by Santhosh Bk Harinarayanan Ranjin Raj Nithin Renji Panicker