സണ്ണി വെയ്‌നിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വൈറലായിരുന്നു. മജുവിലെ ഒരു ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാട്ടുകളുടെ സ്ഥിരം പാറ്റേണില്‍ നിന്ന് വ്യത്യസ്തമായി സംസാര ഗാനമായാണ് 'മുള്ള് മുള്ള്‌' എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. സിംഗിള്‍ ഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിനേതാക്കളായ സണ്ണി വെയ്‌നും ആര്യയും ചേര്‍ന്നാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

ഇരുപത് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന മദ്യനിരോധനവുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കഥ വികസിക്കുന്നത്. ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അന്‍വര്‍ അലി, ഷജീര്‍, ഷാന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. അബ്ബാ ക്രിയേഷന്റെ ബാനറില്‍ ഷജീര്‍, ജാഫര്‍ ഖാന്‍ എന്നിവരാണ് നിര്‍മ്മാണം. സെപ്തംബര്‍ 7 ന് ചിത്രം തീയേറ്ററുകളിലെത്തും.

Content Highlights : sunny wayne french viplavam movie song mullu mullu maju sunny wayne arya experimental song