ഞ്ചിനീയറിങ് കോളേജില്‍നിന്ന് തുടങ്ങിയ സൗഹൃദം. സംഗീതം ഈ ഏഴ് ചെറുപ്പക്കാരെ ഒന്നിച്ചു നിര്‍ത്തി. ഒന്‍പത് വര്‍ഷം നീണ്ട സംഗീതയാത്ര. ആകസ്മികമായി അന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഒരു ബാന്റ് അകം എന്ന പേരില്‍ പിറക്കുന്നു.  പാരമ്പരാഗത സംഗീതത്തെ പ്രത്യേകിച്ച് കര്‍ണാടിക്, ഗസല്‍ സംഗീതത്തെ കല്ലുകടികളില്ലാതെ പാശ്ചാത്യ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കുക അത്ര എളുപ്പമല്ല. ആ പരീക്ഷണം വലിയ വെല്ലുവിളി തന്നെയാണ്. അകത്തിനെ മറ്റു ന്യൂജെന്‍ ബാന്റുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഇതു തന്നെയാണ്. ഹരീഷ് ശിവരാമകൃഷ്ണന്‍(വോക്കല്‍), പ്രവീണ്‍ കുമാര്‍(ഗിത്താര്‍), ജഗദീഷ്(ഗിത്താര്‍) സ്വാമി സീതാരാമന്‍(കീബോര്‍ഡ്), ശിവ നാഗരാജന്‍(പെര്‍കഷന്‍), യദുനന്ദന്‍(ഡ്രംസ്), ആദിത്യ കശ്യപ്(ബാസ് ഗിത്താര്‍) തുടങ്ങിയവരാണ് ഈ സൗഹൃദ കൂട്ടായ്മയിലെ താരങ്ങള്‍.

"ഇത് ഞങ്ങള്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്. കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട്. അത് ഒരു ബാന്റായി പിറവിയെടുത്തത് തികച്ചും ആകസ്മികമാണ്. തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാം എന്ന് കരുതി തുടങ്ങി. ഇപ്പോള്‍ ഒന്‍പത് വര്‍ഷമായി. ഞങ്ങള്‍ ഏഴ് പേരുണ്ട്. വ്യത്യസ്തമായ അഭിരുചിയുള്ള ആളുകള്‍. പക്ഷേ സംഗീതം ഞങ്ങള്‍ക്കിടയിലെ കോമണ്‍ ഫാക്ടറാണ്. ഞങ്ങള്‍ ആരും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. ഞങ്ങളില്‍ ഭൂരിപക്ഷവും രാജസ്ഥാനിലുള്ള ബിറ്റ്‌സ് പിലാനിയിലാണ് പഠിച്ചിരുന്നത്. ഒരേ വര്‍ഷമല്ല, പലവര്‍ഷങ്ങളായി. എന്റെ ജൂനിയേഴ്‌സായിരുന്നു അവരില്‍ പലരും..." പറഞ്ഞു തുടങ്ങുകയാണ് അകത്തിലെ പ്രധാന ഗായകരില്‍ ഒരാളായ ഹരീഷ് ശിവരാമകൃഷ്ണന്‍. 

സംഗീതത്തെ അറിഞ്ഞ ബാല്യം

harish sivaramakrishnan
ഹരീഷ് ശിവരാമകൃഷ്ണന്‍
Photo Courtesy: Sundara Krishnan

ഷൊര്‍ണൂറുകാരനാണ് ഞാന്‍. കൂട്ടിക്കാലം മുതലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. കലാമണ്ഡലം ചെമ്പൈ കോതണ്ടരാമന്റെ ശിഷ്യനായിരുന്നു ഞാന്‍. ഏകദേശം 17 വയസ്സ് വരെ അദ്ദേഹത്തിന്റെ കീഴില്‍ പഠനം തുടര്‍ന്നു. തിരുവനന്തപുരത്ത് എട്ട് കൊല്ലമുണ്ടായിരുന്നു. തിരുവനന്തപുരം മ്യൂസിക് കോളേജിലെ പ്രൊഫസര്‍ അയ്യാംകുടി മണിയും എന്നെ സംഗീതം പഠിപ്പിച്ചു. കുടുംബത്തിലെ എല്ലാവരും സംഗീതപ്രേമികളാണ്. അമ്മ പ്രഭ, അച്ഛന്‍ ശിവരാമകൃഷ്ണന്‍. അച്ഛന്‍ നന്നായി മൃദംഗം വായിക്കും. അച്ഛന്റെ വീട്ടില്‍ എല്ലാവരും സംഗീതവുമായി ബന്ധമുള്ളവരാണ്. അങ്ങനെയാണ് എനിക്ക് കുട്ടിക്കാലം മുതല്‍ സംഗീതത്തോട് അഭിരുചി തോന്നുന്നത്.  ഇവരുടെ പാഷനും ആഗ്രഹവും പിന്തുണയും എന്നെ ഇവിടെ കൊണ്ട് എത്തിക്കുകയായിരുന്നു.

എ.ആര്‍ റഹ്മാന്‍ നല്‍കിയ പ്രോത്സാഹനം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയിരുന്നു. സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യുന്നതിനിടെ ടിവിയില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം കിട്ടി. ഞങ്ങളുടെ ബാന്റ് സണ്‍ ടിവിയില്‍ ഒരു കോപന്റീഷന് പോയിരുന്നു. അതിന്റെ വിധികര്‍ത്താക്കളില്‍ ഒരാള്‍ എ.ആര്‍ റഹ്മാന്‍ ആയിരുന്നു. നല്ല അഭിപ്രായമാണ് അദ്ദേഹം ഞങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞത്. അത് വലിയ പ്രചോദനമായി. ഞങ്ങളുടെ വര്‍ക്കുകള്‍ അദ്ദേഹത്തിന് ഇടയ്ക്ക് അയച്ചു കൊടുക്കും. അതിന് റഹ്മാന്‍ സാര്‍ മറുപടി തരാറുണ്ട്, നിര്‍ദ്ദേശങ്ങള്‍ പറയാറുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്.

മനസ്സില്‍ സൂക്ഷിക്കുന്ന പാഠങ്ങള്‍

ആദ്യത്തെ പെര്‍ഫോമന്‍സ് ഞങ്ങള്‍ക്ക് വളരെ എക്‌സൈറ്റഡ് ആയിരുന്നു. ആദ്യമായി ഒരു അവസരം കിട്ടിയതിന്റെ സന്തോഷം ഒരുവശത്ത്. അത്രയും തന്നെ ആശങ്ക മറുവശത്ത്. പലതരം ഇമോഷന്‍. ഒരു മിക്‌സ് എന്നൊക്കെ പറയില്ല, അതു തന്നെ. കാണികള്‍ ഞങ്ങളെ സ്വീകരിക്കുമോ? അവര്‍ക്ക് ആസ്വാദ്യത നല്‍കാന്‍ സാധിക്കുമോ?  എന്തെങ്കിലും തെറ്റ് സംഭവിക്കുമോ? എന്നൊക്കെ തോന്നല്‍ ഉണ്ടായിരുന്നു. നന്നായി ചെയ്യണം എന്ന് മാത്രം മനസ്സില്‍ ഉറപ്പിച്ചു. ആദ്യത്തെ പരിപാടി ഭാഗ്യവശാല്‍ നന്നായി ചെയ്യാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ വീണ്ടും അവസരം ലഭിച്ചു. 

പെര്‍ഫോം ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇപ്പോഴും ഒരു പരിധിവരെ നേരത്തേ പറഞ്ഞ വികാരങ്ങള്‍ മനസ്സിലൂടെ കടന്നുപോകും. എത്ര പരിശീലിച്ചാലും ആ ദിവസം എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്നതാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ വിജയത്തെയും പരാജയത്തെയും തീരുമാനിക്കുന്നത്. നമ്മുടെ പരിപാടി കാണാന്‍ പൈസ കൊടുത്തും സമയം കളഞ്ഞും വരുന്നവരെ ഒരിക്കലും നമ്മള്‍ നിരാശപ്പെടുത്തരുത്. ബാന്റിന്റെ കൂടെയും അല്ലാതെയും ഞാന്‍ ഒരുപാട് സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്കാണെങ്കിലും ഒരുമിച്ചാണെങ്കിലും കാഴ്ചക്കാരോടുള്ള ഉത്തരവാദിത്തെക്കുറിച്ച് നല്ല ബോധ്യത്തോടു കൂടിയാണ് പെര്‍ഫോം ചെയ്യാന്‍ ഇറങ്ങുന്നത്. എനിക്ക് തോന്നുന്നത് അത്തരത്തിലുള്ള ആശങ്കകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ നല്ലതാണ്. ആത്മവിശ്വാസം അതിരു കടക്കാതിരിക്കാന്‍ അത് ഗുണം ചെയ്യും. ഓഡിയന്‍സിന് പരമാവധി ബഹുമാനം കൊടുക്കുക അവരെ എന്റര്‍ടൈന്‍ ചെയ്യുക.

അകം എന്ന പേര്

agam

അകം എന്ന് ബാന്റിന് പേരിടുന്നത് കീബോര്‍ഡിസ്റ്റാണ്. സെല്‍ഫ് എന്ന് തമിഴിലും മലയാളത്തിലുമെല്ലാം അര്‍ഥം വരുന്ന ഒന്നാണ്. കേട്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെ ബാന്റിന്റെ പേര് ഇതായി.

ലാഭേച്ഛയില്ല, സൗഹൃദം തന്നെയാണ് വലുത്

ഞങ്ങള്‍ യാതൊരു ലാഭേച്ഛയോടും കൂടി തുടങ്ങിയതല്ല. നേരത്തേ പറഞ്ഞതുപോലെ സംഗീതം ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തു. ഇത്രയും കാലം മുന്നോട്ടു നയിച്ചു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. എന്തു പ്രശ്നം വന്നാലും ഒരുമിച്ച് നില്‍ക്കുന്ന പരസ്പരം ആത്മവിശ്വാസം നല്‍കുന്ന ഏഴാളുകള്‍. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ഞങ്ങള്‍ എന്നും കൂട്ടുകാരായി ഒരുമിച്ചുണ്ടാകും. 

ഗസലിന്റെ ലോകത്ത്

ഞാന്‍ ബാന്റിനൊപ്പവും ഒറ്റയ്ക്കും സംഗീത പരിപാടികള്‍ ചെയ്യാറുണ്ട്. എല്ലാ ദിവസവും ഞാന്‍ പാട്ടുപാടാന്‍ സമയം മാറ്റി കണ്ടെത്താറുണ്ട്. സാധകം എന്നൊന്നും വിളിക്കാന്‍ പറ്റുമോ എന്നെനിക്ക് അറിഞ്ഞൂടാ. ഞാനിപ്പോള്‍ ഗസല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടക സംഗീതമാണ് ഞാന്‍ ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളത്. ഗസല്‍ കുറച്ച് കൂടി അറിയണമെന്ന് തോന്നി. അതിനുള്ള ശ്രമത്തിലാണ്.

മലയാളം പാട്ടുകള്‍ കേട്ടു തുടങ്ങിയ ബാല്യം...

എനിക്ക് പ്രചോദനമായിട്ടുള്ള സംഗീതരജ്ഞരെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. നമ്മള്‍ എല്ലാവരെയും പോലെ തന്നെ കുട്ടിക്കാലത്ത് മലയാളം പാട്ടുകളാണ് ഞാന്‍ അധികവും കേട്ടിരുന്നത്.  യേശുദാസ്, ചിത്ര,സുജാത... ഇവരെല്ലാം എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ കാലത്ത് ടി.എന്‍ ശേഷഗോപാലന്‍, ഗസല്‍ പഠിച്ചു തുടങ്ങിയപ്പോള്‍ മെഹ്ദി ഹസന്‍, ഗുലാം അലി അങ്ങനെ പോകുന്നു.. ഒരാളുടെ പേരെടുത്ത് പറയാന്‍ ബുദ്ധിമുട്ടാണ്. കാലഘട്ടത്തിനനുസരിച്ച് പലരും എന്നെ സ്വാധിനിച്ചിട്ടുണ്ട്. 

9 വര്‍ഷം, അറുനൂറോളം വേദികള്‍

agam

2010 മുതല്‍ സ്റ്റേജ് ഞങ്ങള്‍ പെര്‍ഫോം ചെയ്താന്‍ തുടങ്ങി. ഒരു വര്‍ഷം ശരാശരി 60 പരിപാടികളെങ്കിലും ചെയ്തിട്ടുണ്ടായിരിക്കും. പിന്നെ മ്യൂസിക് ടൂള്‍ പോകുമ്പോള്‍ തുടര്‍ച്ചായായി സ്റ്റേജ് പെര്‍ഫോമന്‍സ് ഉണ്ടാകും. ഏകദേശം ഒരു അറുനൂറോളം വേദികളില്‍  പെര്‍ഫോം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. വീക്കെന്‍ഡിലാണ് പൊതുവ പ്രോഗ്രാം ലഭിക്കുന്നത്.

വീല്‍ചെയറില്‍ വന്ന് അനുഗ്രഹം നല്‍കിയ ആ അമ്മ

ഓരോ വേദിയും വ്യത്യസ്തമാണ്. അതിനിടെ മറക്കാനാകാത്ത അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു പരിപാടിക്ക് പ്രായമായ ദമ്പതികള്‍ വന്നിരുന്നു. നാനൂറോളം കീലോമീറ്റര്‍ കാറോടിച്ച് ബാംഗ്ലൂരിലേക്ക് അവര്‍ ഞങ്ങളുടെ പരിപാടി കാണാന്‍ എത്തി. യൂട്യൂബില്‍ മാത്രമേ കണ്ടിട്ടൂള്ളൂ, നേരിട്ട് കാണാനുള്ള മോഹം കൊണ്ടു വന്നതാണെന്ന് പറഞ്ഞു. ആ അമ്മയ്ക്കാണെങ്കില്‍ തീരെ സുഖമില്ല, വീല്‍ചെയറിലാണ് ഇരിക്കുന്നത്. ഞങ്ങളെ കണ്ട് സംസാരിച്ച് അനുഗ്രഹിച്ചാണ് പോയത്. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഞങ്ങളുടെ പരിപാടി കാണാന്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ 80 വയസ്സുവരെയുള്ള ആളുകള്‍ വരാറുണ്ട്. അവരെയെല്ലാം എന്റര്‍ടൈന്‍ ചെയ്യാന്‍ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യം.

Content Highlights: story of agam music band, singer harish sivaramakrishnan interview, agam performance videos, Indian music