പിന്നണിയില്‍ മാത്രം ഒതുങ്ങിക്കൂടിയ സംഗീതോപകരണത്തെ കൈപിടിച്ച് അരങ്ങത്തേക്ക് കൊണ്ടുവന്ന് സംഗീത വിപ്ലവം തീര്‍ത്ത അതുല്യ പ്രതിഭ. ലണ്ടനിലെ ട്രിനിറ്റി സ്‌കൂള്‍ ഓഫ് മ്യൂസിക്കലില്‍ നിന്നും 92.2 ശതമാനം മാര്‍ക്ക് വാങ്ങി റെക്കോഡ് സ്വന്തമാക്കിയ കീബോര്‍ഡ് മാന്ത്രികന്‍. വിശേഷണങ്ങള്‍ ഒരുപാടുണ്ട് സ്റ്റീഫന്‍ ദേവസ്സിക്ക്. കീബോര്‍ഡിലും പിയാനോയിലും കീറ്റാറിലുമെല്ലാം മാസ്മരിക സംഗീതം സൃഷ്ടിക്കുന്ന സ്റ്റീഫന്റെ സംഗീതം ഭൂഖണ്ഡങ്ങള്‍ കീഴടക്കി ഒഴുകുന്നു. ലോകം മുഴുവന്‍ വ്യാപിക്കുന്നു. 

ഇന്ത്യയിലെ ഒട്ടുമിക്ക സംഗീത പ്രതിഭകളും പൊതുവായി കാണുന്ന ഒരു സ്വപ്‌നമുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനൊപ്പം പ്രവര്‍ത്തിക്കുക എന്നത്. സ്റ്റീഫന് അതിനുള്ള ഭാഗ്യം ലഭിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ റഹ്മാനൊപ്പം വേദി പങ്കിട്ട സ്റ്റീഫന്‍ കുറച്ച് കാലങ്ങള്‍ക്ക് ശേഷം ട്രൂപ്പില്‍ നിന്ന് പിരിഞ്ഞു. അതിനുള്ള കാരണം മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീഫന്‍ പറയുന്നതിങ്ങനെ. റഹ്മാനെ പരിചയപ്പെട്ടതും ഒപ്പം പ്രവര്‍ത്തിച്ചതും പിരിയാനുള്ള കാരണവും സ്റ്റീഫന്‍ തുറന്ന് പറയുകയാണ്. 

ചെന്നൈയില്‍ വച്ച് ഗായകന്‍ ശ്രീനിവാസനാണ് എന്നെ എ.ആര്‍ റഹ്മാന്‍ജിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹം എന്നോട് എപ്പോഴും റഹ്മാനെക്കുറിച്ച് പറയുമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ റഹ്മാനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഈശ്വരന്‍ അത് സാധ്യമാക്കി. അദ്ദേഹത്തിന് ഓസ്‌കര്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ സ്‌റ്റേജ് ഷോകളില്‍ വായിക്കാന്‍ തുടങ്ങിയത്. അതുവരെ സിനിമകളില്‍ വായിക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം ലോകത്തിലെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ അസുലഭ മുുഹൂര്‍ത്തമായി കണക്കാക്കുന്നു.

അദ്ദേഹം എനിക്ക് ഗുരുസ്ഥാനീയനാണ്. വളരെ ഹാര്‍ഡ് വര്‍ക്കിങായ കോംപ്രമൈസ് ചെയ്യാത്ത കലാകാരന്‍മാരാണ് റഹ്മാന്‍ജി. അദ്ദേഹത്തോടൊപ്പം റിഹേഴ്‌സലിനിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. പാട്ടിന്റെ ഫെര്‍ഫക്ഷനും ക്വാളിറ്റിയും ഉറപ്പുവരുത്താന്‍ രാത്രിയും പകലും കഷ്ടപ്പെടാന്‍ അദ്ദേഹത്തിന് മടിയില്ല. അതെല്ലാം അദ്ദേഹത്തില്‍ നിന്നും ആര്‍ജിച്ച കാര്യങ്ങളാണ്. ഹിന്ദി ചിത്രം റോക്ക് സ്റ്റാര്‍ വരെ അദ്ദേഹത്തോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എന്റെ പേരില്‍ പ്രോഗ്രാമുകള്‍ വരുമ്പോള്‍ അതിനോട് പ്രതിബദ്ധത പുലര്‍ത്തണമെന്ന് തോന്നി. ഞാന്‍ നില്‍ക്കുന്നത് സ്വതന്ത്രമായ ഒറ്റു പ്ലാറ്റ്‌ഫോമിലാണ്. എനിക്ക് ഒറ്റയ്ക്ക് ഒരു ഷോ ചെയ്യാന്‍ പറ്റും. അത് നന്നായി നടത്തണമെങ്കില്‍ കഠിനാധ്വാനം ആവശ്യമാണ്. ആരുടെയെങ്കിലും കീഴില്‍ നിന്നാല്‍ ഒറ്റയ്ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് റഹ്മാന്റെ ഗ്രൂപ്പില്‍ നിന്നും ഒഴിവായത്. അത് ഞാന്‍ എടുത്ത തീരുമാനമായിരുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

stephen devassyContent Highlights: stephen devassy interview, music journey, experience with AR Rahman, stage performance