റ്റ നോട്ടത്തില്‍ ഒരു സാധാരണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ആരുടെയെങ്കിലും ഫാമിലി ആല്‍ബത്തിലൊതുങ്ങി വിസ്മൃതമാകേണ്ടിയിരുന്ന പഴഞ്ചന്‍ ഫോട്ടോഗ്രാഫ്. പക്ഷേ അടുത്ത നോട്ടത്തില്‍ അതൊരു കാലഘട്ടത്തിന്റെ ചരിത്രമായി രൂപം മാറുന്നു. മൂന്ന് വെറും വ്യക്തികളല്ല, മൂന്നു യുഗങ്ങളാണ് ആ പടത്തില്‍ നിന്ന് നമ്മെ നോക്കി പുഞ്ചിരിയുതിര്‍ക്കുന്നതെന്ന് വിസ്മയത്തോടെ തിരിച്ചറിയുന്ന നിമിഷം.

ഒരേ മേഖലയില്‍ ഏതാണ്ടൊരേ കാലത്ത് വര്‍ഷങ്ങളോളം തിളങ്ങിനിന്നവരാണവര്‍ പി ഭാസ്‌കരനും വയലാര്‍ രാമവര്‍മ്മയും ശ്രീകുമാരന്‍ തമ്പിയും. സ്വാഭാവികമായും പരസ്പരം മത്സരിക്കാന്‍ വിധിക്കപ്പെട്ടവര്‍. പക്ഷേ പ്രൊഫഷണല്‍ വൈരത്തിനും സ്പര്‍ദ്ധക്കും ഈഗോയ്ക്കുമെല്ലാം അപ്പുറത്ത് ഈ മൂന്നു ''പ്രതിയോഗികള്‍'' നിലനിര്‍ത്തിപ്പോന്ന സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റെയും സംസാരിക്കുന്ന തെളിവ് കൂടിയായി മാറുന്നു നാലു പതിറ്റാണ്ട് മുന്‍പ്, 1975 ല്‍  സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ രമാമണി പകര്‍ത്തിയ ഈ അപൂര്‍വ ചിത്രം. പടം പിറന്നുവീണ സന്ദര്‍ഭമേതെന്നു കൂടി അറിയുക: ഭാസ്‌കരന്‍ മാസ്റ്ററുടെ ചലച്ചിത്ര ഗാനരചനയുടെ രജതജൂബിലി വേള. ആഘോഷം സംഘടിപ്പിച്ചത് ശ്രീകുമാരന്‍ തമ്പിയും ഭാര്യയും ചേര്‍ന്ന്.  മുഖ്യാതിഥികളില്‍ ഒരാളായി സാക്ഷാല്‍ വയലാര്‍. ''ഭാസ്‌കരന്‍ മാസ്റ്ററും വയലാറുമൊത്ത് ഈ പടത്തിനു വേണ്ടി പോസ് ചെയ്യുമ്പോള്‍ അതൊരു അവിസ്മരണീയ ചരിത്രരേഖയാകും എന്ന ചിന്തയൊന്നുമില്ല. ഞങ്ങള്‍ ഒരുമിച്ചുള്ള അത്യപൂര്‍വം പടങ്ങളില്‍ ഒന്നായിരിക്കും ഇത്. ആഹ്ളാദഭരിതമായ അന്നത്തെ ഒത്തുചേരലിന്റെ ഊഷ്മളത മുഴുവന്‍ ഞങ്ങളുടെ ചിരികളില്‍ നിന്ന് വായിച്ചെടുക്കാം നിങ്ങള്‍ക്ക്.''-ശ്രീകുമാരന്‍ തമ്പി. 

രവി മേനോന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

weekly
മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം

ഗാനരചനയില്‍ മുന്‍പേ നടന്ന മഹാപ്രതിഭയോട് ഒരു ഇളമുറക്കാരനുള്ള കടപ്പാടും സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ തമ്പി കണ്ടെത്തിയ വഴിയായിരുന്നു ആ സ്വീകരണം. സമകാലീനനായ ഒരു ഗാനരചയിതാവിനെ ആദരിക്കാന്‍ വേണ്ടി മറ്റേതെങ്കിലും ഗാനരചയിതാവ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കില്ല അതിനു മുന്‍പോ പിന്‍പോ. താനുമായി അടുപ്പമുള്ള സിനിമാലോകത്തെ മിക്ക പ്രമുഖരേയും സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു തമ്പി. പ്രേംനസീര്‍, ജോസ് പ്രകാശ്, കെ പി ഉമ്മര്‍, അടൂര്‍ ഭാസി, എം ബി ശ്രീനിവാസന്‍, അര്‍ജുനന്‍, എ ടി ഉമ്മര്‍, പി ലീല തുടങ്ങി ഒരു വന്‍ താരനിര തന്നെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ കോടമ്പാക്കത്തെ തമ്പിയുടെ വീട്ടില്‍ എത്തി. ചടങ്ങില്‍ വെച്ച്  തമ്പി സമ്മാനിച്ച ഗജരാജ ശില്‍പ്പം ഇന്നുമുണ്ട് മാസ്റ്ററുടെ വീട്ടില്‍.
 
(മാതൃഭൂമി  ആഴ്ചപ്പതിപ്പിലെ ''പാട്ടെഴുത്തി''ല്‍ തുടര്‍ന്ന് വായിക്കുക)