സിനിമ ഗാനരചനാ രംഗത്ത് സജീവമാകണമെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ശ്രീകുമാരന്‍ തമ്പി. ഇന്നത്തെ കാലത്ത് പഴയ ശൈലിയില്‍ പാട്ടെഴുതുന്നത് ബുദ്ധിമുട്ടാണെന്നും സംവിധായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഈയിടെ പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയെങ്കിലും അവിടെയെല്ലാം ചില വിട്ടുവീഴ്ചകള്‍ താന്‍ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഞാന്‍ വീണ്ടും ഗാനരചനാരംഗത്ത് സജീവമാകണമെന്നു പറയുന്ന സുഹൃത്തുക്കളുടെ അറിവിലേക്ക്.

ഞാന്‍ കവി എന്ന നിലയില്‍ ഇപ്പോഴും സജീവമാണ്. നാളെ ഇറങ്ങുന്ന കലാകൗമുദിയിലും എന്റെ കവിതയുണ്ട്. ഇനിയും പഴയ ശൈലിയില്‍ പാട്ടുകള്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്. സംവിധായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അത് ആവശ്യമില്ല. സംഗീതസംവിധായകരാണ് പലയിടങ്ങളിലും ഗാനരചയിതാവിനെ തീരുമാനിക്കുന്നത്. പണ്ട് ഞങ്ങള്‍ ഗാനരചയിതാക്കളാണ് സംഗീത സംവിധായകരെ ശുപാര്‍ശ ചെയ്തിരുന്നത്. പഴയ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല,

എങ്കിലും ജയരാജിന്റെ 'ഭയാനകം', മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്നീ ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതി. 'ഓട്ടം ' എന്ന സിനിമയ്ക്ക് ടൈറ്റില്‍ ഗാനം എഴുതി. ഇനി 'എ ഫോര്‍ ആപ്പിള്‍' എന്ന ചിത്രം ഇറങ്ങാനുണ്ട്. ഇവിടെയെല്ലാം ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. ഒരു പൊന്‍വെയില്‍മണിക്കച്ചയോ, എന്‍ മന്ദഹാസമോ...., ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നുവോ. ഇനി പ്രതീക്ഷിക്കേണ്ടതില്ല.

Content Highlights: sreekumaran thampi, malayalam films songs