ലയാളത്തില്‍ ഒരൊറ്റ സിനിമ മാത്രം ചെയ്ത സംഗീത സംവിധായകരോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഗാനരചയിതാവും സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. പ്രതിഭയുണ്ടായിട്ടും എങ്ങുമെത്താതെ പോയ ബോളിവുഡ് സംഗീത സംവിധായകരായ കാനു ഘോഷിനും വേദ്പാല്‍ വര്‍മയ്ക്കും ഒപ്പമുള്ള നിമിഷങ്ങളാണ് ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചത്. ഇരുവരും സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ക്ക് വരികളെഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്.

1970-ല്‍ പുറത്തിറങ്ങിയ നാഴികക്കല്ല് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കാണ് കാനു ഘോഷ് സംഗീതം നല്‍കിയത്. ആദ്യമായി ഈണത്തിന് അനുസരിച്ച് പാട്ടുകളെഴുതിയത് കാനു ഘോഷിന് വേണ്ടിയായിരുന്നെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. യേശുദാസ് പാട്ടു പാടാന്‍ അവസരം ചോദിച്ച് സംഗീത സംവിധായകന്‍ എം.ബി ശ്രീനിവാസന്റെ അടുത്തുപോയപ്പോള്‍ പാടിയത് കാനു ഘോഷിന്റെ ഒരു ഹിന്ദി പാട്ടായിരുന്നെന്നും ശ്രീകുമാരന്‍ തമ്പ് ഓര്‍ക്കുന്നു. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഹൃദയവാഹിനി എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കാനു ഘോഷിനൊപ്പം ഒരു സിനിമ ചെയ്തു. യേശുദാസ് ആദ്യമായിട്ട് ചാന്‍സ് ചോദിച്ച് എംബി ശ്രീനിവാസന്റെ അടുത്തു പോയപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടാന്‍ പറഞ്ഞു. കാനു ഘോഷിന്റെ ഹിന്ദി പാട്ടാണ് യേശുദാസ് പാടിയത്. സിനിമകള്‍ ഇല്ലാതായപ്പോള്‍ കാനു ഘോഷ് സലീല്‍ ചൗധരിയുടെ അസിസ്റ്റന്റായി. അദ്ദേഹം ആദ്യമായി ഒരു മലയാള സിനിമ സംഗീതം ചെയ്തപ്പോള്‍ അതില്‍ പാട്ടെഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായി. 1970-ല്‍ പുറത്തിറങ്ങിയ നാഴികക്കല്ല് എന്ന ചിത്രം. ആദ്യമായി ഞാന്‍ ഈണത്തിന് അനുസരിച്ച് വരികള്‍ എഴുതിയത് ആ സിനിമയിലാണ്. രണ്ടു പാട്ടുകള്‍ ഹിറ്റായി. 'നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്‌നജാലം,' 'ചന്ദനത്തൊട്ടില്‍ ഇല്ല, ചാമരത്തൊട്ടില്‍ ഇല്ല, ചെന്താമര കണ്ണനുണ്ണി വാവാവോ...' ഇതു രണ്ടുമായിരുന്നു ആ പാട്ടുകള്‍. 

ബോളിവുഡില്‍ മികച്ച സംഗീത സംവിധായകനാകേണ്ട പ്രതിഭയായിരുന്നു വേദ്പാല്‍ വര്‍മയെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. മലയാളത്തില്‍ വേദ്പാല്‍ വര്‍മ സംഗീതം നല്‍കിയത് കാട് എന്ന ചിത്രത്തിനാണ്. അഞ്ചു ഭാഷകളിലെടുത്ത ചിത്രമായിരുന്നു അത്. അതില്‍ മലയാളത്തില്‍ പാട്ടെഴുതിയത് ശ്രീകുമാരന്‍ തമ്പി ആയിരുന്നു. ഹിന്ദിയിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ മലയാളത്തിലെ പാട്ടുകള്‍ ഹിറ്റായി. ആ പാട്ടാണ് 'ഏഴിലംപാല പൂത്തു...' 

സിനിമയുടെ പൊളിറ്റിക്‌സില്‍ പെട്ടുപോയ വേദ്പാല്‍ വര്‍മ ഹതഭാഗ്യനായ സംഗീത സംവിധായകനാണ്. അദ്ദേഹം ചെയ്ത പ്രശസ്തമായ ഒരു പരസ്യ ജിങ്കിളുണ്ട്. വാഷിങ് പൗഡര്‍ നിര്‍മയുടെ ജിങ്കിള്‍. പക്ഷേ സിനിമയല്‍ വേദ്പാലിന് പരിഗണന ലഭിച്ചില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. 

മുഴുവന്‍ വീഡിയോ കാണാം

Content Highlights: Sreekumaran Thambi MBIFL KJ Yesudas Kanu Ghosh Vedpal Varma