ചെന്നൈ:  ഇളയരാജയുടെ പാട്ടുകള്‍ വീണ്ടും വേദികളില്‍ പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം. റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദിയില്‍ പാടരുതെന്ന് കാണിച്ചു ഇളയരാജ കഴിഞ്ഞ വര്‍ഷം ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രയ്ക്കും കത്തയച്ചിരുന്നു. ഇത് പാടേ അവഗണിച്ചാണ് എസ്.പി.ബി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇളയരാജയുടെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദികളില്‍ പാടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇളയരാജ അയച്ച നോട്ടിസില്‍ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണു കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.
ആയിരത്തിലധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ-എസ്.പി.ബി കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്.

എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ വേദികളില്‍ പാടരുതെന്നു കാണിച്ച് ഇളയരാജ, ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രയ്ക്കും നോട്ടിസ് അയച്ചതു ചര്‍ച്ചയായിരുന്നു. പാട്ടുകള്‍ തന്റെ അനുമതിയില്ലാതെ പാടുന്നത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും, നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കനത്ത തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നുമായിരുന്നു നോട്ടിസില്‍. ഇളയരാജയുടെ ഈ നിലപാട് നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

പകര്‍പ്പവകാശ നിയമത്തെക്കുറിച്ചു തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ താന്‍ അത് അനുസരിക്കുമെന്നുമായിരുന്നു ബാലസുബ്രഹ്മണ്യം അന്ന് പ്രതികരിച്ചത്. മേലില്‍ ഇളയരാജ ഗാനങ്ങള്‍ വേദിയില്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Content Highlights : SPB to sing Ilayaraja songs on stage again SPB Ilayaraja Hits Royalty Issue