35 വർഷത്തോളം കൊണ്ടുനടന്ന നക്ഷത്രം പെട്ടെന്ന് മാഞ്ഞുപോയ സങ്കടത്തിലാണ് മുരളി. എസ്.പി. ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബി.യുടെ പാട്ടുകൾ നെഞ്ചിലേറ്റിയാണ് ഇതുവരെയും ജീവിതം. പാടുംനിലാവ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ ഓർത്തെടുക്കുകയാണ് യു.കെ. മുരളി ഓർക്കസ്ട്ര ഉടമയായ പാലക്കാട് മാത്തൂർസ്വദേശി മുരളീധരൻ.

സ്വദേശത്തായാലും വിദേശത്തായാലും പരിപാടിക്ക് ബുക്ക് ചെയ്താൽ ഇന്നത് വേണമെന്ന് ആവശ്യപ്പെടില്ല എസ്.പി.ബി. പരിപാടിക്കുമുമ്പായി പാട്ടിന്റെ ലിസ്റ്റ് വാങ്ങി പ്രാക്ടീസ് ചെയ്യുകയായിരിക്കും പകലിൽ. കൂടെപ്പാടുന്നവർ ആരാണെന്ന് അന്വേഷിച്ച് അവർക്ക് ധൈര്യംപകരും എസ്.പി.ബി. 50 വർഷവും പാട്ടുകാരുടെയും സംഗീതജ്ഞരുടെയും സൗണ്ട് എൻജിനീയറുടെയും എന്തിനേറെ സ്റ്റേജിലെ ലൈറ്റ്മാനുപോലും ഓർമകളിലെ സുവർണ കാലഘട്ടമാണ്. വേദികളിൽ വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് അണിനിരത്തി ആശ്ലേഷിച്ച്‌ മറ്റുള്ളവർക്കും കാണികളിൽനിന്ന് കൈയടി വാങ്ങിനൽകുന്ന ആ വലിയമനസ്സ് വേറെ ആർക്കുണ്ടാവും. മുരളി സംഗീതംനിർവഹിച്ച ആൽബത്തിലും ഒരു സിനിമയിലും അദ്ദേഹം പാടിയിട്ടുണ്ട്. 35 വർഷത്തിനിടയിൽ എസ്.പി.ബി.യെവെച്ച് മാത്രം മുരളിയും സഹോദരൻ മനോജും ചേർന്ന് അൻപതോളം ഷോകൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നിരവധി വേദികളിൽ ഒന്നിച്ച് പാടാനുള്ള ഭാഗ്യവും അദ്ദേഹത്തിന്റെ ശബ്ദത്തിൽത്തന്നെ പതിനായിരത്തോളം വേദികളിൽ പാടാനുള്ള അവസരവും ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ഭാഗ്യമായി കരുതുന്നതായി മുരളിപറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ഏറ്റവുമധികം എന്നമ്മാ കണ്ണ് സൗഖ്യമാ, കാട്ടുകുയില് മനസ്സുക്കുെള്ളെ പാടിയത് മുരളിയാണ്.

ഉണ്ണിമേനോൻ സിനിമയിലെത്തിയതിന്റെ മുപ്പതാം വാർഷികത്തിൽ ഉണ്ണിമേനോൻപാടിയ റോജ സിനിമയിലെ ' പുതുവെള്ളൈ മഴൈ' ഗാനം പകൽമുഴുവൻ പ്രാക്ടീസ് ചെയ്തശേഷമാണ് എസ്.പി.ബി. സ്റ്റേജിൽ പാടിയത്. തന്നേക്കാൾ ജൂനിയറായ മറ്റൊരു പാട്ടുകാരന്റെ ഗാനം പഠിച്ചെടുത്തശേഷം അദ്ദേഹത്തിന്റെ സമ്മതത്തോടെതന്നെ വേദിയിൽ ആലപിക്കാൻ എത്തിയ എസ്.പി.ബി.യുടെ എളിമ കണ്ണിൽനിന്നും മാറുന്നില്ല. തന്റെ ഓർക്കസ്ട്രാ ഗ്രൂപ്പിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് എസ്.പി.ബി.യെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തൊട്ടടുത്തമാസം മറ്റൊരു ഗാനമേളയിൽ ഒന്നിച്ച് പാടുന്നതിനിടെ അദ്ദേഹത്തെ ആദരിക്കാനെത്തിയവരിൽനിന്ന്‌ മാലയും പുഷ്പകിരീടവും വാങ്ങി മുരളിയെ അണിയിച്ച് തനിക്ക് അന്ന് വരാൻപറ്റാത്തതിന്റെ കാരണവും വേദിയിൽ അറിയിച്ചു. ഇത്രയേറെ സന്തോഷക്കണ്ണീരണിഞ്ഞ ദിവസങ്ങൾ വേറെ ഉണ്ടാവില്ലെന്നുപറഞ്ഞ മുരളിക്ക് കണ്ഠമിടറി.

2020 ഓഗസ്റ്റിൽ 35-ാം വാർഷികം ആഘോഷിക്കുമ്പോൾ അദ്ദേഹം വാട്സാപ്പിൽ വീഡിയോസന്ദേശം അയച്ചുതന്ന അന്നാണ് ഒരുപാട് നേരം സംസാരിച്ചത്. പിന്നീട് പല തിരക്കുകളിൽപ്പെട്ട് അദ്ദേഹം ആശുപത്രിയിൽ ആയപ്പോഴാണ് അദ്ദേഹത്തിനുവേണ്ടി നിർത്താതെ പ്രാർഥനാചടങ്ങുകൾ നടത്തിയത്‌. എന്നിട്ടും ഓർമകൾ ബാക്കിനിർത്തി അദ്ദേഹം പോയി. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തുടർച്ചയായ 48 മണിക്കൂർ അദ്ദേഹത്തിന്റെ പാട്ടുകൾപാടി ആദരാഞ്ജലിയർപ്പിക്കാൻ ഒരുങ്ങുകയാണ് മുരളി. ചെന്നൈ തിരുവാൻമയൂരിലാണ് ഇപ്പോൾ താമസം. ഡിസംബറിൽ എസ്.പി.ബി.യുടെ ഓർമകൾ അയവിറക്കുന്ന എസ്.പി.ബി. ചരൺ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കത്തിലാണ് ഇപ്പോൾ മുരളിയും മനോജും.

Content Highlights: SP balasubrahmanyam death anniversary, UK Murali on legendary singer, SPB hits, evergreen songs