എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ 75-ാം ജന്മവാര്‍ഷികം

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചുള്ള  ഓർമകൾ പങ്കുവച്ച് പഴയകാല സിനിമാ പ്രവർത്തകൻ ബാബു ഷാഹിർ. സിദ്ദീഖ്-ലാൽ സംവിധാനം ചെയ്ത റാം ജി റാവു സ്പീക്കിങ്ങിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ബാബു ഷാഹിർ. സംവിധായകൻ ഫാസിലായിരുന്നു ചിത്രം നിർമിച്ചത്. ചിത്രത്തിലെ കളിക്കളം എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എസ്.പി.ബിയാണ്. അദ്ദേഹത്തോടൊപ്പം സ്റ്റുഡിയോയിൽ കുറച്ച് സമയം ചെലവഴിച്ച നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ബാബു ഷാഹിർ പറയുന്നു.

റാംജി റാവു സ്പീക്കിങ്ങിന്റെ സോങ് റെക്കോഡ് ചെന്നെെയിൽ നടക്കുകയാണ്. ചിത്രത്തിലെ കളിക്കളം എന്ന ​ഗാനം പാടാൻ എസ്..പി ബാലസുബ്രഹ്മണ്യത്തെയാണ് സിദ്ദിഖും ലാലും സം​ഗീത സംവിധായകൻ എസ്.ബാലകൃഷ്ണനും മനസ്സിൽ കരുതിയിരുന്നത്. എസ്.പി.ബിയാണെങ്കിൽ തമിഴിൽ അന്ന് ഏറ്റവും തിരക്കുള്ള ​ഗായകനായിരുന്നു. അദ്ദേഹം പാടാൻ വരുമോ എന്ന് സംശയവുമുണ്ടായിരുന്നു. സിദ്ദിഖും ലാലും അടുത്ത സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് പോയി. എസ്.പി.ബി. വന്നാൽ അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാൻ അവർ എന്നെയാണ് ഏർപ്പാടാക്കിയത്. 

എസ്. ബാലകൃഷ്ണൻ അന്ന് പുതുമുഖമാണ്. എസ്.പി.ബിയെ നേരിട്ട് വിളിക്കാൻ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എന്തായാലും എസ്.പി.ബിയുടെ നമ്പർ ഞാൻ സംഘടിപ്പിച്ച് ഫോൺ ചെയ്തു. അദ്ദേഹത്തിന്റെ മാനേജരാണ് ഫോൺ എടുത്തത്. 'എസ്.പി. സർ തിരക്കിലാണെന്ന് എനിക്കറിയാം, എന്നിരുന്നാലും പാട്ട് പാടാൻ വരുമോ' എന്ന് ഞാൻ ചോദിച്ചു. 'സാറുമായി സംസാരിക്കട്ടെ..' എന്ന് പറഞ്ഞ് മാനേജർ ഫോൺ വച്ചു. അന്നു വെെകീട്ട് എസ്.പി.ബി. സാറിന്റെ ഓഫീസിൽ നിന്ന് ഫോൺ കോളെത്തി. 'നാളെ രാത്രി 10 മണിക്ക് ശേഷം സാർ ഫ്രീയാകും. അത് കഴിഞ്ഞാൽ പാടാൻ വരും.' മറ്റുപാട്ടുകളുടെ റെക്കോഡിങ് എ.വി.എം. സ്റ്റുഡിയോയിലാണ് നടന്നത്. എന്നാൽ ഈ പാട്ട് എസ്.പി.ബിയുടെ തന്നെ കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ച് റെക്കോഡിങ് നടത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു. 

പിറ്റേ ദിവസം ഞങ്ങൾ സ്റ്റുഡിയോയിൽ വെെകീട്ട് എട്ട് മണിയോടെ എത്തി എല്ലാ ഒരുക്കങ്ങളും ചെയ്തു. ഒൻപതേ മുക്കാൽ ആയപ്പോൾ വാക്ക് പറഞ്ഞ പോലെ എസ്.പി.ബി. കാറിൽ വന്നിറങ്ങി. എസ്.പി.ബി. എത്ര പ്രതിഫലം വാങ്ങുമെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ബാലകൃഷ്ണനോട് ചോദിച്ചപ്പോൾ അദ്ദേഹം തമിഴിൽ ഒരു പാട്ടിന് 15000 രൂപയാണ് വാങ്ങുന്നത്. അത്ര തന്നെ കരുതേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ 15000 രൂപ കവറിലാക്കി, രണ്ട് വൗച്ചറുകളും സ്റ്റുഡിയോ വാടകയും കയ്യിൽ കരുതി. തമിഴിൽ എഴുതിയ ലിറിക്സാണ് എസ്.പി.ബിയ്ക്ക് ഞങ്ങൾ നൽകിയത്. അതുകൊണ്ട് അദ്ദേഹം കലിക്കളം എന്നാണ് ആദ്യം പാടിയത്. സാർ, അത് 'കലിക്കളമല്ല', 'കളിക്കള'മാണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു മടിയും കൂടാതെ തിരുത്തി പാടി. പന്ത്രണ്ട് മണിയായപ്പോഴേക്കും പാട്ട് പാടി തീർത്തു. അദ്ദേഹം പോകാൻ തയ്യാറെടുക്കുകയാണ്. ഞാൻ പതിയെ നടന്ന് അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു. പണമടങ്ങിയ കവർ നൽകി. അദ്ദേഹം അത് വാങ്ങിയതിന് ശേഷം എന്നോട് ചോദിച്ചു. 'എത്രയുണ്ട്?'. ഞാൻ പറഞ്ഞു സാർ 15000 രൂപയാണ്. കുറഞ്ഞുപോയോ എന്ന ആശങ്കയായിരുന്നു എന്റെ മനസ്സിൽ. ഒന്ന് മൂളിയ ശേഷം എസ്.പി.ബി കവറിൽ നിന്ന് 5000 രൂപയെടുത്തു. അതെനിക്ക് നൽകിയ ശേഷം പറഞ്ഞു, 'മലയാളം അല്ലവാ... എനക്കത് പോതും'. ഇത് കേട്ടപ്പോൾ എന്റെ കണ്ണു തള്ളിപ്പോയി. എന്റെ ഓർമയിൽ മറ്റൊരാളും അങ്ങനെ ചെയ്തിട്ടില്ല. 

Content Highlights: SP Balasubrahmanyam 75th Birth anniversary SPB evergreen hits songs Malayalam Tamil