
Image designed by Sajiv Radhakrishnan
സഞ്ജയ് ലീല ഭന്‍സാലി-സംവിധായകന്, നിര്‍മാതാവ്, സംഗീതസംവിധായകന്, തിരക്കഥാകൃത്ത്, എഡിറ്റര്‍ -സിനിമയുടെ പ്രധാനപ്പെട്ട മേഖലകളില്‍ പ്രതിഭ തെളിയിച്ച ഫിലിം മേക്കര്‍. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഗംഗുഭായ് കാഠിയവാഡിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജനപ്രീതി നേടിയ ചിത്രം, ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായകന്, സംഗീതസംവിധായകന് എന്നീ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ തന്റെ നാല് സിനിമകളിലായി സഞ്ജയ് ലീല ഭന്‍സാലി നേടിയിട്ടുണ്ട്. കൂടാതെ പത്ത് വര്‍ഷത്തെ ചലച്ചിത്ര പ്രവര്‍ത്തനത്തിനിടെ നിരവധി തവണ ഫിലിഫെയര്‍, ഫിലിം ക്രിട്ടിക്സ്, മിര്‍ച്ചി മ്യൂസിക് പുരസ്കാരങ്ങള്‍ നേടിയ ഈ കലാകാരനെ പദ്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിക്കുകയും ചെയ്തു. മനോഹരമായ ഫ്രെയിമുകളില്‍ ഒരുങ്ങുന്ന, ഗൗരവമുള്ള വിഷയങ്ങള്‍ ഒട്ടും പാളിച്ചയില്ലാതെ കൈകാര്യം ചെയ്യുന്ന സഞ്ജയ് ലീല ഭന്സാലിസിനിമകള് ഉത്സവങ്ങള്‍ പോലെയാണ്.
പ്രമുഖ ബോളിവുഡ് സംവിധായകന് വിധു വിനോദ് ചോപ്രയുടെ അസിസ്റ്റന്റായാണ് സഞ്ജയ് സിനിമാമേഖലയിലെത്തിയത്. 1996 ല്‍ ഖാമോഷി: ദ മ്യൂസിക്കല്‍ എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ സഞ്ജയ് ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായിരുന്നു. ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും സിനിമ ഏറെ പ്രശംസ നേടി. 1999 ല്‍ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ നിര്‍മാതാവ് കൂടിയായ സഞ്ജയുടെ തുടര്‍ന്നുള്ള സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാനാരംഭിച്ചു. ദേവദാസും, ഗോലിയോം കി രാസ് ലീല രാം-ലീലയും ബാജിറാവു മസ്താനിയും പദ്മാവതും അദ്ദേഹത്തിന് ബോളിവുഡിലെ ബെസ്റ്റ് ഫിലിം മേക്കേഴ്സിന്റെ പട്ടികയില്‍ ഇടം നേടിക്കൊടുത്തു. ഗുസാരിഷിലൂടെയാണ് സംഗീതസംവിധാനരംഗത്തേക്കുള്ള സഞ്ജയ് ലീല ഭന്‍സാലിയുടെ പ്രവേശനം. തന്റെ സിനിമകളിലെ ഗാനങ്ങളുടെ കാര്യത്തില്‍ സഞ്ജയ് വളരെ ശ്രദ്ധ ചെലുത്താറുണ്ട്. സൂക്ഷ്മവികാരങ്ങള്ക്ക് പോലും ഏറെ പ്രാധാന്യം നല്കുന്ന സഞ്ജയ് സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയിലെ ഗാനങ്ങളും സിനിമയുടെ റിലീസിന് മുമ്പ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
സഞ്ജയ് ലീല ഭന്‍സാലിയുടെ പിറന്നാള്‍ ദിനമാണ് ഫെബ്രുവരി 24. തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പിറന്നാളാംസകള് നേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ ചില ഹിറ്റ് ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിക്കാം, ആസ്വദിക്കാം.
ഉഡി തേരി ആഖാം സേ... ( ചിത്രം: ഗുസാരിഷ് )
2010 ല്‍ റിലീസായ ഗുസാരിഷിന്റെ കഥയും സംവിധാനവും സഞ്ജയ് ലീല ഭന്സാലിയുടേതായിരുന്നു. ഗുസാരിഷിന് മുമ്പിറങ്ങിയ സഞ്ജയ് ചിത്രം സാവരിയ വന്‍ പരാജയമായിരുന്നു. ആ സമയത്ത് ഏറെ വിഷാദത്തിലായിരുന്ന താന്‍ ദയാവധത്തെ കുറിച്ച് ചിന്തിച്ചിരുന്നതായും അതില്‍ നിന്നാണ് ഗുസാരിഷിന്റെ കഥാതന്തു ഉണ്ടായതെന്നും സഞ്ജയ് ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. ധൂമ് 3, ജോധാ അക്തര്‍ എന്നീ ചിത്രങ്ങളിലെ ഹൃതിക് റോഷന്-ഐശ്വര്യ റായ് ജോഡികളുടെ കെമിസ്ട്രി കണ്ടാണ് ഗുസാരിഷില്‍ സഞ്ജയ് ഇരുവരേയും നായികാനായകന്മാരാക്കിയത്. സിനിമ സാമ്പത്തികവിജയം നേടി. എ.എം. തുരാസ്, വിഭു പുരി, ജഗദീഷ് ജോഷി എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. പത്ത് ഗാനങ്ങളായിരുന്നു സിനിമയില്‍. സഞ്ജയ് ആദ്യമായി സംഗീതസംവിധാനം കൈകാര്യം ചെയ്ത ചിത്രമായിരുന്നു ഗുസാരിഷ്.
ലഹു മൂം ലഗ് ഗയാ...( ചിത്രം: ഗോലിയോം കി രാസ് ലീല രാം-ലീല )
ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ചുണ്ടായ വിവാദം റിലീസിന് മുമ്പ് തന്നെ സിനിമയെ ശ്രദ്ധേയമാക്കിയിരുന്നു. ദീപിക പദ്ക്കോണും രണ്‍വീര്‍ സിങ്ങുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ പ്രശംസ നേടി. ഗാനങ്ങളുടെ ചിത്രീകരണവും ഗംഭീരമായിരുന്നു. സിദ്ധാര്‍ഥും ഗരിമയും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഗാനമൊഴികെ മറ്റ് പത്ത് പാട്ടുകള്‍ ഈണമിട്ടത് സഞ്ജയ് ലീല ഭന്സാലിയായിരുന്നു. ഗായകര്‍ക്ക് സ്പേസ് നല്കുന്ന സംഗീതസംവിധായകനെന്ന ക്രെഡിറ്റും സഞ്ജയിനെ തേടിയെത്തി. സംഗീതപ്രേമികള്‍ക്കുള്ള വിരുന്ന് എന്നാണ് ഗാനങ്ങള്‍ക്ക് ലഭിച്ച വിശേഷണം. താനൊരു മികച്ച സംവിധായകന് മാത്രമല്ല സംഗീതസംവിധായകനെന്ന പെരുമയും സഞ്ജയ് ലീല ഭന്‍സാലി രാം-ലീലയിലൂടെ നേടി.
ദീവാനി മസ്താനി ( ചിത്രം: ബാജിറാവു മസ്താനി )
2015 ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനിയില്‍ ദീപിക പദ്ക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍. സിനിമയിലെ ഗാനങ്ങള്‍ രചിച്ചത് സിദ്ധാര്‍ഥ്-ഗരിമ, എ.എം. തുരാസ്, പ്രശാന്ത് ഇംഗ്ലോ എന്നിവരാണ്. വിസ്മരിക്കാനാവാത്ത ഗാനങ്ങള്‍ എന്നാണ് സിനിമയിലെ ഗാനങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. ക്ലാസ്സിക്കല്‍ ബെയ്സ്ഡായ ഗാനങ്ങള്‍ സിനിമയുടെ മൊത്തത്തിലുള്ള ആമ്പിയന്‍സിന് അനുയോജ്യമാണെന്നായിരുന്നു സംഗീതപ്രേമികളുടെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കിപ്പുറവും ബാജിറാവു മസ്താനിയിലെ ഗാനങ്ങള്‍ ഫ്രഷായി തുടരുന്നതില്‍ സഞ്ജയ് ലീല ഭന്‍സാലിയുടെ ബ്രില്യന്‍സാണ്. സിനിമ ബോക്സോഫീസ് ഹിറ്റായിരുന്നു.
ഖലിബലി ഹോ ഗയാ ഹെ ദില്‍ ( ചിത്രം: പദ്മാവത് )
1540 ല്‍ സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ പദ്മാവത് എന്ന ഇതിഹാസരചനയുടെ സിനിമാവിഷ്കാരമായിരുന്നു പദ്മാവത് എന്ന പേരില്‍ തന്നെ 2018 ല്‍ പുറത്തിറങ്ങിയ സിനിമ. ഏറ്റവുമധികം മുതല്‍മുടക്കിയ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് പദ്മാവത്. സഞ്ജയ് ലീല ഭന്‍സാലി സിനിമയുടെ നിര്‍മാണ പങ്കാളിയായിരുന്നു. ദീപിക പദ്ക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, അദിതി റാവു തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ പദാമാവത് മുതല്‍മുടക്കിന്റെ ഇരട്ടി കളക്ഷന്‍ നേടി. എ.എം. തുരാസും സിദ്ധാര്‍ഥ്-ഗരിമയുമാണ് ഗാനങ്ങള്‍ രചിച്ചത്. സിനിമയിലെ ഗാനങ്ങള്‍ തമിഴിലും തെലുഗിലും പുറത്തിറങ്ങിയിരുന്നു.
മേരേ ജാന്‍...(ചിത്രം: ഗംഗുഭായ് കാഠിയവാഡി )
ചിത്രത്തിലെ ആറ് ഗാനങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. ഇതിനോടകം സംഗീതപ്രേമികള്‍ ഏറ്റെടുത്ത ഗാനങ്ങള്‍ ഗംഗുഭായ് കാഠിയാവാഡിയ്ക്ക് ഗംഭീര മൈലേജാണ് നേടിക്കൊടുത്തിട്ടുള്ളത്. 2021 ജൂലായില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് മൂലം നീട്ടി വെക്കുകയായിരുന്നു. എ.എം. തുരാസ്, കുമാര്‍, ഭോജക് അശോക് അംജാം എന്നിവരാണ് ഗാനങ്ങളുടെ രചന നിര്‍വഹിച്ചത്. ഫെബ്രുവരി 16 ന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആലിയ ഭട്ട്, ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ് എന്നിവര്‍ സിനിമയില്‍ വേഷമിടുന്നു.
(തയ്യാറാക്കിയത്: സ്വീറ്റി കാവ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..