-
കൊല്ലം : ഹിന്ദി സംസാരിക്കാൻ അറിയാത്ത ആര്യനന്ദ പാടുമ്പോൾ ഹിന്ദിഗാനലോകം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. ഗാനങ്ങൾ വൈറലാവുകയും വിധികർത്താക്കൾ ഒന്നടങ്കം നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ അത് കേരളത്തിനു കൂടി അഭിമാന നിമിഷം ആവുകയാണ്. വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയ ഈ കൊച്ചുഗായിക ഇപ്പോൾ ദേശീയ ചാനലായ സീ ഹിന്ദി സരിഗമപ എന്ന റിയാലിറ്റി ഷോയിലെ ദക്ഷിണേന്ത്യയിലെ ഏക മൽസരാർത്ഥിയാണ്.
മത്സരത്തിന്റെ തുടക്കത്തിൽ ബോളിവുഡിലെ മികച്ച ഗായകരായ കുമാർ സാനു, ഉദിത് നാരായൺ , അൽക്കായാഗ്നിക് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. മികച്ച പിന്നണി ഗായിക ആയി ആര്യനന്ദ വരും എന്നാണ് ഇവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കൂടാതെ സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലാവുകയും ചെയ്തു.
ലോക്ഡൗൺ ഇടവേളക്ക് ശേഷം മൽസരം പുന:രാരംഭിച്ചപ്പോൾ വിധികർത്താക്കളായ് വന്നത് ബോളിവുഡിലെ സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ, ഗായകരായ അൽക്കായാഗ്നിക് , ജാവേദ് അലി എന്നിവരാണ്. രേനാ ബിതി ജായേ എന്ന ഗാനം പാടി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഞാൻ ആര്യ നന്ദയുടെ ഒരു ബിഗ് ഫാനാണെന്ന് ഹിമേഷ് രേഷാമിയ പറഞ്ഞു. മികച്ച ഗായികയായി മാറുമെന്ന് പ്രവചിക്കുകയും ചെയ്തു. അതിഥിയായ് എത്തിയ പ്രശസ്ത ഗായിക നേഹകക്കർ ആര്യ നന്ദയുടെ കഴിവിനെ ലോകമറിയണമെന്ന് പറഞ്ഞ് അവളുടെ കൂടെ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫൈനൽ ഓഡീഷൻ കഴിഞ്ഞ് 100 മത്സരാർഥികളെ വെച്ച് തുടങ്ങിയ മൽസരം ഇപ്പോൾ ടോപ് 10 ൽ എത്തി നിൽക്കുന്നു.
കോഴിക്കോട് കീഴരിയൂർ സ്വദേശിയായ ആര്യനന്ദ കടലുണ്ടി ഐഡിയൽ പബ്ളിക് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിനിയാണ്. സംഗീത അദ്ധ്യാപകരായ രാജേഷ് ബാബു-ഇന്ദു ദമ്പതികളുടെ മകളാണ്. സ്കൂൾ, ജില്ലാ, സംസ്ഥാന, ദേശീയ സംഗീത മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. കഴിഞ്ഞ വർഷം സീ തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണർഅപ്പ് ആയിരുന്നു. കേരളത്തിലും പുറത്തുമായി 450 ഓളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടര വയസ്സുള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രാങ്കണത്തിലായിരുന്നു ഈ മിടുക്കിയുടെ അരങ്ങേറ്റം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..