രിചയപ്പെടുത്തലുകളുടെ ആവശ്യമില്ല സിതാര കൃഷ്ണകുമാറെന്ന ​ഗായികയ്ക്ക് മലയാളികളുടെയിടയിൽ. സ്വരമാധുര്യവും വ്യത്യസ്തമായ ആലാപനശൈലിയുംകൊണ്ട് സം​ഗീത പ്രേമികളുടെ ഇഷ്ട​ഗായികയായി മാറിയ സിതാരയുടെ ഏറ്റവും പുതിയ ​ഗാനവും ഹിറ്റ് ചാർട്ടുകളിൽ‍ ഇടം നേടി. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രത്തിനായി ദേവിശ്രീ പ്രസാദിന്റെ ഈണത്തിൽ പാടിയ സാമി എന്ന ​ഗാനം ട്രെൻഡിങ്ങായി മാറുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് സിതാര. ഒപ്പം തരുണി എന്ന തന്റെ സം​ഗീത-നൃത്ത വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷം സിതാര പങ്കുവയ്ക്കുന്നു.

പുഷ്പയിലേക്ക്

റെക്കോർഡിങ്ങിന്റെ തലേ ദിവസമാണ് ഇങ്ങനെയൊരു പാട്ടുണ്ടെന്ന് പറഞ്ഞ് ദേവിശ്രീ പ്രസാദ് സാറിന്റെ സ്റ്റുഡിയോയിൽ നിന്ന് കോൾ വരുന്നത്. . നാല് ഭാഷകളിലയി നാല് ​ഗായകർ പാടുന്ന പാട്ടാണ്.  ഡിഎസ്പി സാർ തന്നെയാണ് നേരിട്ട് പാടിക്കുന്നത്. ഡിഎസ്പി സാറിന്റെ ഒരു പാട്ട് പാടുക എന്നത് തന്നെ വളരെ ആവേശമുണർത്തുന്ന കാര്യമാണ്. സൂപ്പർസ്റ്റാർ കമ്പോസർ ആണ് അദ്ദേഹം. അതുപോലെ അല്ലു അർജുനെ പോലെ ഇത്രയധികം സ്വീകാര്യതയുള്ള ഒരു നടന്റെ ചിത്രത്തിലെ പാട്ട് എന്നുള്ളതും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സജി തുറവൂറാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. 

വിലപിടിപ്പുള്ള പ്രതികരണം

ഭയങ്കര പോസറ്റീവായ പ്രതികരണമാണ് സാമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബഹുഭാഷാ ചിത്രമാണ്, നാല് ഭാഷകളിലും അത്രയ്ക്കും ശ്രദ്ധയോടെയാണ് അവർ റെക്കോർഡ് ചെയ്യുന്നത്. തെലുങ്ക് വേർഷന്റെ അതേ എനർജി തന്നെ മലയാളത്തിലും നൽകണം എന്നുണ്ടായിരുന്നു. നാല് വേർഷനു നാല് പാട്ടുകാരാണ് പാടിയിരിക്കുന്നതെങ്കിലും ഒരേ എനർജി ലെവൽ ആണ്. അത് കമ്പോസറുടെ പ്രത്യേകതയാണ്. യൂട്യൂബ് വീഡിയോയ്ക്ക് താഴെ പാട്ട് നന്നായെന്ന് പറഞ്ഞ് അന്യഭാഷക്കാരുടെ കമന്റുകളും കാണുന്നുണ്ട്. അതൊക്കെ കാണുമ്പോൾ വലിയ സന്തോഷമാണ്. പക്ഷേ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വിലപിടിപ്പുള്ള പ്രതികരണം അത് ഡിഎസ്പി സാറിന്റെ തന്നെയാണ്. മനോഹരമായി പാടിയിരിക്കുന്നുവെന്ന് സാർ പറഞ്ഞതാണ് എനിക്കേറ്റവും പ്രധാനപ്പെട്ട നിമിഷം. 

ഇന്ന ജോണർ പാട്ടുകളോട് പ്രത്യേക ഇഷ്ടം എന്നൊന്നുമില്ല. പല തരത്തിലുള്ള പാട്ടുകൾ പാടാൻ സാധിക്കുന്നു എന്നതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. അതൊരു സം​ഗീത വിദ്യാർഥി എന്ന നിലയിൽ പഠിക്കാനുള്ള അവസരം കൂടിയാണ്. സാമി ഏറ്റെടുത്ത എല്ലാവരോടും നിറഞ്ഞ സ്നേഹം. അവരുടെ സ്നേഹവും പിന്തുണയുമാണ് മുന്നോട്ട് നയിക്കുന്നത്.

തരുണിയെ സ്വീകരിച്ച് പ്രേക്ഷകർ

ഇതിനോടൊപ്പം തരുണിയും പ്രേക്ഷകർ ഏറ്റെടുത്തതിൽ നിറഞ്ഞ സന്തോഷം. തരുണി എന്റെ ഇൻഡിപെൻഡന്റ് വർക്കാണ്. മിഥുൻ ജയരാജ് എന്ന എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് അത് കമ്പോസ് ചെയ്തിരിക്കുന്നത്. മിഥുനും എന്റെ ഭർത്താവ് സജീഷുമൊക്കെ പറഞ്ഞാണ് തരുണിയിലേക്ക് എത്തുന്നത്. പിന്നീടതിന് നല്ലൊരു കോറിയോ​ഗ്രാഫറുടെ സഹായത്തോടെ നൃത്താവിഷ്കാരം ഒരുക്കാമെന്ന് ചിന്തിക്കുകയും ശ്രീ ബിജു ധ്വനിതരം​ഗിലേക്ക് എത്തിച്ചേരുകയുമായിരുന്നു. എന്റെ നല്ലൊരു സുഹൃത്താണ് ബിജു മാഷ്. അദ്ദേഹം  എപ്പോഴും പറയുന്നതാണ് ഒരു ഡാൻസ് വീഡിയോ ചെയ്യൂ എന്ന്. ബി.കെ.ഹരിനാരായണന്റെ വരികൾ, സുമേഷ് ലാലിന്റെ സംവിധാനം, വണ്ടർവാൾ മീഡിയയയുടെ പ്രൊഡക്‌ഷൻ എല്ലാം കൂടെ ചേർന്നപ്പോ 'തരുണി' പൂർണമായി. അതിന് കിട്ടുന്ന അം​ഗീകാരങ്ങൾ ഏറെ സന്തോഷം നൽകുന്നു.

content highlights : Singer Sithara Krishnakumar interview pushpa movie song DSP Allu Arjun Rashmika