മിഴ്നാട് സര്‍ക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഗായിക എസ്. ജാനകി. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ 2011 മുതലുള്ള കലൈമാമണി അവാര്‍ഡുകളും എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ഗായികമാരായ സി.സരോജ സി. ലളിത, സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് എസ്. ജാനകിക്കും അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും  പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത കലാ പുരസ്‌കാരമായ കലൈമാമണി പുരസ്‌കാരത്തിനൊപ്പമാണ് മുതിര്‍ന്ന കലാകാരന്മാര്‍ക്കുള്ള സുബ്ബലക്ഷ്മി അവാര്‍ഡും നല്‍കുന്നത്. ഇത്തവണത്തെ കലൈമാമണി അവാര്‍ഡ് നേടിയവരില്‍ ഗായകന്‍ ഉണ്ണി  മേനോനും ഉള്‍പ്പെടും. ജാനകിക്ക് 1986ല്‍ കലൈമാമണി പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാര്‍ എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, സംഗീതരംഗത്ത് നിന്ന് പൂര്‍ണമായി വിരമിച്ചതിനാല്‍ ഈ അവാര്‍ഡ് അമ്മ സ്വീകരിക്കില്ലെന്ന് എസ്. ജാനകിയുടെ മകന്‍ മുരളീകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അവാര്‍ഡിന് തിരഞ്ഞെടുത്ത വിവരം സംസ്ഥാന സര്‍ക്കാരോ മറ്റാരെങ്കിലുമോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമ്മയുടെ ഫാന്‍സ് പറഞ്ഞ അറിവ് മാത്രമാണ് ഞങ്ങള്‍ക്ക് അവാര്‍ഡിനെക്കുറിച്ചുള്ളത്. സാധാരണനിലയില്‍ അവാര്‍ഡിന് തിരഞ്ഞടുക്കപ്പട്ടാല്‍ അത് ഔദ്യോഗികമായി അറിയിക്കുക എന്നൊരു പതിവുണ്ട്. എന്നാല്‍, ഇതുവരെ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അവാര്‍ഡിന് തിരഞ്ഞെടക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും അത് അറിയിക്കാത്തതില്‍ വിഷമമുണ്ട്. ഇത് ആരെങ്കിലും പറഞ്ഞ് അറിയേണ്ടതല്ലല്ലോ. ഇത് വിചിത്രമായ ഒരു കാര്യമാണ്- മുരളീകൃഷ്ണന്‍ പറഞ്ഞു.

ഇനി ഔദ്യോഗികമായി അറിയിച്ചാലും അവാര്‍ഡ് സ്വീകരിക്കേണ്ട എന്നാണ് അമ്മയുടെ തീരുമാനമെന്നും മുരളീകൃഷ്ണന്‍ പറഞ്ഞു. സംഗീതരംഗത്ത് നിന്ന് മാത്രമല്ല, പൊതുരംഗത്ത് നിന്ന് ഏതാണ്ട് പൂര്‍ണമായി തന്നെ വിരമിച്ചിരിക്കുകയാണ് അമ്മ. പുതിയതായി പാട്ടുകളൊന്നും പാടുന്നില്ല. മുമ്പ് ഏറ്റ ചില പാട്ടുകള്‍ മാത്രമാണ് പിന്നീട് പാടിയത്. പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ ഒരു തരത്തിലുമുള്ള അവാര്‍ഡുകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. അമ്മ വേണ്ടത്ര പാട്ടുകള്‍ പാടിക്കഴിഞ്ഞതാണ്. ഒരുപാട് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഇനി ഒന്നും വേണ്ട. ഈ തീരുമാനത്തില്‍ ഇനി ഒരു മാറ്റവുമില്ല- മുരളീകൃഷ്ണന്‍ പറഞ്ഞു.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാലു തവണയും കേരള സംസ്ഥാന അവാര്‍ഡ് പതിനൊന്ന് തവണയും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴ് തവണയും ആന്ധ്ര സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് പന്ത്രണ്ട് തവണയും നേടിയിട്ടുള്ള ജാനകിക്ക് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ നിരസിച്ച ചരിത്രവുമുണ്ട്. 2013ലാണ്  അഞ്ചര പതിറ്റാണ്ടിന്റെ സംഗീത പാരമ്പര്യമുള്ള തന്നെ ആദരിക്കാന്‍ വൈകിയെന്നും തെന്നിന്ത്യന്‍ കലാകാരന്മാര്‍ അവഗണിക്കപ്പെടുന്നുവെന്നും പരാതിപ്പെട്ട് എസ്.ജാനകി പത്മഭൂഷന്‍ നിരസിച്ചത്.

ജര്‍മനും ജാപ്പനീസും ഇംഗ്ലീഷും അടക്കം പതിനേഴ് ഭാഷകളില്‍ പാടിയ ചരിത്രമുള്ള തെന്നിന്ത്യയുടെ വാനമ്പാടിയായ ജാനകി 2017 ഒക്ടോബറില്‍ മൈസൂരുവിലെ ഒരു കച്ചേരിയോടെയാണ് തന്റെ സംഗീതജീവിതം അവസാനിപ്പിച്ചത്. പണ്ണാടി എന്ന തമിഴ് ചിത്രത്തിലെ ഉൻ ഉസുരു കാതുലയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകള്‍ എന്ന  ചിത്രത്തിലെ അമ്മ പൂവിനും എന്ന താരാട്ടുപാട്ടാണ് അവസാനമായി പാടി റെക്കോഡ് ചെയ്ത മലയാള ചലച്ചിത്രഗാനം.

എണ്‍പതാം വയസ്സിലും അമ്മ പൂര്‍ണ ആരോഗവതിയായി വീട്ടില്‍ വിശ്രമിക്കുകയാണെന്ന് മുരളീകൃഷ്ണന്‍ പറഞ്ഞു. ചെറുപ്പകാലം മുതല്‍ തന്നെ ഒപ്പമുള്ള ശ്വാസതടസ്സം മാത്രമാണ് ഇപ്പോഴും അലട്ടുന്നത്. മറ്റ് വിഷമങ്ങളൊന്നുമില്ല. ആരാധകര്‍ ഇപ്പോഴും തന്നെയും തന്റെ പാട്ടുകളെയും ഓര്‍ക്കുന്നതില്‍ അമ്മയ്ക്ക് അതിയായ സന്തോഷമുണ്ടെന്നും മുരളീകൃഷ്ണന്‍ പറഞ്ഞു.

Conetnt Highlights: singer s janaki refuses to receive ms subbulakshmi award tamilnadu state government, s janaki songs