കൊച്ചി: പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാക്കി ആരാധകരുടെ മനസ്സിൽ സ്നേഹത്തോടെ കുറുകിയിരുന്ന വെള്ളരിപ്രാവ് ഇപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ആഹ്ലാദമഴയിലാണ്. ‘എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിൽ ‘നീ ഹിമമഴയായ് വരൂ...’ എന്ന ഗാനം പാടി അരങ്ങേറിയ നിത്യ മാമ്മന് ഈ പുരസ്കാരം ഒട്ടും പ്രതീക്ഷിക്കാതെ വന്ന സമ്മാനമാണ്. ‘സൂഫിയും സുജാതയും’ എന്ന സിനിമയിലെ ‘വാതുക്കല് വെള്ളരിപ്രാവ്...’ എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നിത്യയിലെത്തിയത്.

“പുരസ്കാരത്തിന് പാട്ട്‌ പരിഗണിക്കപ്പെട്ടിരുന്നുവന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ശരിക്കും ത്രില്ലടിച്ചു. വലിയൊരു ടീംവർക്കിന്റെ ഫലമാണ് ആ ഗാനം. സംഗീതം നൽകിയ എം. ജയചന്ദ്രൻ സാറും പാട്ടെഴുതിയ ബി.കെ. ഹരിനാരായണൻ ചേട്ടനും സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഇക്കയും ഒക്കെ ചേർന്ന്‌ സൃഷ്ടിച്ച ഇന്ദ്രജാലമാണ് ഈ പാട്ട്. പുറത്തിറങ്ങി കുറേ നാളുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ ഈ പാട്ടിന്റെ പേരിൽ എന്നെ ഓർക്കുന്നതിൽ വളരെ സന്തോഷമുണ്ട്” -നിത്യ പറഞ്ഞു.

ഖത്തറും ബാംഗ്ലൂർ ഡേയ്‌സും

ഖത്തറിൽ ജനിച്ചുവളർന്ന, ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന നിത്യയുടെ സംഗീതജീവിതം മാറ്റിമറിച്ചത് ബെംഗളൂരുവിലെ ജീവിതമാണ്. “ഖത്തറിലെ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. അവിടെ യു.പി. ക്ലാസിൽ പഠിക്കുമ്പോഴാണ് സംഗീതം ഒപ്പം കൂടിയത്. സ്കൂൾ കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടി. കുട്ടിക്കാലം മുതൽ പള്ളി ക്വയറുകളിലും പാടുമായിരുന്നു. ആർക്കിടെക്ചർ പഠിക്കാൻ ബെംഗളൂരുവിലെത്തിയപ്പോഴാണ് പിന്നണിഗായിക ആകണമെന്ന മോഹം കൂടുതൽ ചിറകടിച്ചത്. അങ്ങനെ സംഗീതപരിപാടികളിൽ പങ്കെടുത്തുതുടങ്ങി. ഹിന്ദുസ്ഥാനി സംഗീതംകൂടി പഠിച്ചതോടെ സ്റ്റേജ് ഷോകളിൽ പാടാൻ കൂടുതൽ അവസരങ്ങൾ കിട്ടിത്തുടങ്ങി” -നിത്യ പറഞ്ഞു.

ഹിമമഴ പെയ്ത നേരത്ത്

ബെംഗളൂരുവിലെ സ്റ്റേജ് ഷോകളിലൊന്നിൽ പാടിയ നേരത്താണ് നിത്യയുടെ ജീവിതം മാറ്റിമറിച്ച ആ കണ്ടുമുട്ടൽ സംഭവിച്ചത്. “ബെംഗളൂരുവിലെ എന്റെ സ്റ്റേജ് ഷോ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ അമ്മ കാണാനിടയായി.

അമ്മ പറഞ്ഞതുകേട്ടാണ് കൈലാസ് നിത്യയെ ഒരു ചിത്രത്തിൽ ട്രാക്ക് പാടാൻ വിളിക്കുന്നത്. ടൊവിനോ തോമസിന്റെ ‘എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിലെ ‘ഹിമമഴയായി...’ എന്ന ഗാനം. ശ്രേയ ഘോഷാൽ പാടാൻവെച്ചിരുന്ന ആ പാട്ട്‌ പക്ഷേ, ട്രാക്ക്‌ കേട്ടപ്പോൾ എന്നോടുതന്നെ പാടാൻ കൈലാസും സിനിമയുടെ നിർമാതാവ് സാന്ദ്ര തോമസും പറയുകയായിരുന്നു. ആ പാട്ട് ഹിറ്റായതോടെ എന്റെ ജീവിതവും മാറുകയായിരുന്നു. അതുകൊണ്ടുതന്നെ കൈലാസ് സാറിനോടും അമ്മയോടും എനിക്ക്‌ തീർത്താൽത്തീരാത്ത കടപ്പാടുണ്ട്” -നിത്യ പറഞ്ഞു.

ഖൽബിലൊരു തീരാനോവ്

താൻ ഏറെ ആരാധിക്കുന്ന സംഗീതജ്ഞനായ എം. ജയചന്ദ്രന്റെ പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ ടെൻഷനും ത്രില്ലും ഒരുപോലെ അനുഭവിച്ചതായി നിത്യ പറയുന്നു. “അദ്ദേഹം പാട്ടുപാടി കേൾപ്പിച്ചുതന്നപ്പോൾ അതിൽ ലയിച്ചുപാടുകയായിരുന്നു. ആദ്യ കേൾവിയിൽത്തന്നെ ഖൽബിൽ കയറിക്കൂടുന്നത്ര ഫീൽ ഉള്ളൊരു പാട്ടാണത്. ആ പാട്ടാണ് എന്നെ പ്രശസ്തയാക്കിയത്. ആ സിനിമ ഒരുക്കിയ ഷാനവാസ് ഇക്ക ഇന്നു നമ്മോടൊപ്പമില്ല. അതു വലിയൊരു നോവായി മനസ്സിൽ നീറുന്നുണ്ട്.

ഷാനവാസ് ഇക്കയെ ഞാൻ നേരിട്ടു കണ്ടിട്ടില്ല. റെക്കോഡിങ്ങിലും മറ്റും ഫോണിലൂടെ അദ്ദേഹം കൃത്യമായ നിർദേശങ്ങൾ തന്നിരുന്നു. റെക്കോഡിങ് കഴിഞ്ഞ്‌ പാട്ടുകേട്ടപ്പോൾ വളരെ നന്നായെന്നും പറഞ്ഞു. പുരസ്കാരം കിട്ടിയപ്പോൾ ഷാനവാസ് ഇക്കയുടെ ഭാര്യ അസു വിളിച്ചിരുന്നു. ആ സ്വരം കേട്ടപ്പോൾ മനസ്സിൽ ഷാനവാസ് ഇക്ക ഒരു നൊമ്പരമായി വീണ്ടും വിടർന്നു...” -അപൂർണമായൊരു ഗാനംപോലെ നിത്യയുടെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു

content highlights : Singer Nithya Mammen Interview Kerala state film Awards Sufiyum Sujathayum movie song