സിനിമയില്‍ പാടിത്തുടങ്ങിയ കാലത്ത് നിരവധി സ്റ്റേജ് ഷോകളിലും മഞ്ജരി പാടിയിരുന്നു. അക്കാലത്ത് യേശുദാസിനൊപ്പം ഒരു വേദിയില്‍ പാടാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഗായിക. ഒരു ഫെയ്‌സ്ബുക്ക് ലൈവിനിടെ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മഞ്ജരി അനുഭവം തുറന്നുപറഞ്ഞത്.

'ചെറുപ്പത്തില്‍ ദാസ് അങ്കിളിന്റെ കൂടെ ഒരു സ്റ്റേജ് പരിപാടിയില്‍ പാടാന്‍ പോയി. എന്റെ എല്ലാമെല്ലാമല്ലെ എന്ന ഗാനമാണ് പാടുന്നത്. ഈ പാട്ടിനു മുമ്പ് കുറച്ച് ഡയലോഗുകളുണ്ടല്ലോ. അതെല്ലാം വേണം, പഠിച്ചിട്ടുണ്ടല്ലോ എന്ന ദാസ് അങ്കിള്‍ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്നും ഞാനും പറഞ്ഞു. പാടിത്തുടങ്ങി. ഞാന്‍ ഡയലോഗുകളും പറഞ്ഞു തുടങ്ങി. അവസാനം പോടാ എന്നു പറയണം. അവിടെ ഞാന്‍ സ്റ്റക്കായി. ദാസ് അങ്കിള്‍ എന്നെ നോക്കി എന്താ ബാക്കി പാടാത്തത് എന്നായി. അങ്കിളിനെപ്പോലെ ഒരു വ്യക്തിയുടെ അടുത്ത് നിന്നെങ്ങനെ അതു പറയും എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുകയാണ് ഞാന്‍. എനിക്കെന്ത് ചെയ്യണമെന്നറിയില്ല. ബി ജി എം ഒക്കെ നിര്‍ത്തി വീണ്ടും തുടങ്ങി.രണ്ടാമത് പാടിത്തുടങ്ങാന്‍ ദാസ് അങ്കിള്‍ പറഞ്ഞു. ഞാന്‍ പാടി. വീണ്ടും അവിടെ എത്തിയപ്പോള്‍ സ്റ്റക്കായി. പിന്നെയും നിര്‍ത്തി. കേട്ടുകൊണ്ടിരുന്ന എല്ലാവരും നോക്കുന്നു. ദാസ്  അങ്കിളിന്റെ അടുത്ത് പോടാ എന്നു പറയുമ്പോള്‍ അത് ബഹുമാനക്കുറവാകും എന്നതാണ് എന്റെ മനസ്സില്‍. ഗുരുവിനെപ്പോലെ കാണുന്ന ഒരു വ്യക്തിയുടെ അടുത്ത് ഞാന്‍ എങ്ങനെ ഇതു പറയും. കുറച്ചു കഴിഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞു. നമ്മള്‍ പാട്ടു പാടാന്‍ വേണ്ടി സ്റ്റേജില്‍ കയറുമ്പോള്‍ അങ്കിള്‍, ആന്റി, അച്ഛന്‍, അമ്മ തുടങ്ങിയ ബന്ധങ്ങള്‍ ഒന്നുമില്ല. പാട്ടില്‍ മാത്രമായിരിക്കണം ശ്രദ്ധ. അവസാനം ഞാന്‍ സ്റ്റേജില്‍ നിന്ന് പോടാ എന്നു പറഞ്ഞുകൊണ്ട് പാട്ടു പാടി അവസാനിപ്പിച്ചു. അതിനു ശേഷം ഞാന്‍ ഒരുപാടു തവണ ദാസ് അങ്കിളിനോട് സോറി പറഞ്ഞു.' 

തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗായകന്‍ കൂടിയാണ് യേശുദാസ് എന്നും മഞ്ജരി പറഞ്ഞു.

Content Highlights : singer manjari about yesudas singing song ente ellam ellam alle in a stage programme