കോവിഡ് ബാധിച്ച് ഗായകൻ എസ് പി ബാലസുബ്രമണ്യം ചെന്നൈ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ  തുടരുകയാണ്. അദ്ദേഹത്തിന്റെ രോഗമുക്തിയ്ക്കായുള്ള പ്രാർഥനയിലാണ് ആരാധകർ. അതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് 19 പടർന്നത് ഒരു തെലുങ്ക് ടി വി ഷോയിൽ പങ്കെടുത്തതിനാലാണെന്ന വാർത്ത പുറത്തു വരുന്നത്. ഷോയിൽ പങ്കെടുത്തിരുന്ന ഗായിക മാളവികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അത് വക വെയ്ക്കാതെ ഷോയിൽ പങ്കെടുക്കുകയും എസ് പി ബി അടക്കമുള്ളവർക്ക് കോവിഡ് പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണങ്ങളുയരുന്നത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് മാളവിക.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായികയുടെ പ്രതികരണം. എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനും കോവിഡ് പോസിറ്റീവെന്നു കണ്ടെത്തിയതിനും ശേഷമാണ് താനും രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8നാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. തനിക്കും രണ്ടു വയസ്സുള്ള മകൾക്കും അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആണെന്നും അച്ഛനെ ആശുപത്രിയിലാക്കിയെന്നും മാളവിക പറയുന്നു.

ജൂലൈ 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്സിക, തുടങ്ങിയ ഗായകർക്കൊപ്പം എസ് പി ബി പങ്കെടുത്ത ടി വി ഷോയുടെ ഷൂട്ട് നടന്നത്. എസ് പി ബിയ്ക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

 


Content Highlights :singer malavika denies rumours that she spread covid to sp balasubramanyam facebook post