ഞാന്‍ ചിത്രയുടെ ഏറ്റവും വലിയ ആരാധികയും ആസ്വാദകയും- കെ എസ് ബീന


രഞ്ജന കെ

സംഗീതലോകത്തു നിന്ന് എങ്ങോ പോയ്മറഞ്ഞുനിൽക്കുന്ന ബീന ഇപ്പോൾ ഭർത്താവിനൊപ്പം തിരുവനന്തപുരത്താണ് താമസം.

-

കെ എസ് ചിത്രയുടെ ജന്മദിനം കഴിഞ്ഞുപോയി. ലോക്ഡൗണിനിടയിലും രാജ്യമൊട്ടാകെ ആഘോഷപൂർവം കൊണ്ടാടിയ പിറന്നാളായിരുന്നു. ചിത്രയെപ്പറ്റി പറയുമ്പോൾ ഒപ്പം ചേർത്തുവയ്ക്കേണ്ട മറ്റൊരു പേരുണ്ട്. സംഗീതം സപര്യയാക്കിയ സഹോദരിമാരിൽ മുതിർന്ന കലാകാരിയായ കെ എസ് ബീന, ചിത്രയുടെ ചേച്ചി. ബീനയാണ് ചിത്രയ്ക്കുമുമ്പെ സിനിമയിലെത്തുന്നത്. ഒരുപിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അവരെയും അവരുടെ പാട്ടും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്. വളരെക്കാലമായി സംഗീതലോകത്തു നിന്ന് എങ്ങോ പോയ്മറഞ്ഞുനിൽക്കുന്ന ബീന ഇപ്പോൾ ഭർത്താവിനൊപ്പം തിരുവനന്തപുരത്താണ് താമസം.

സംഗീതം ഇപ്പോഴും കൂടെത്തന്നെയില്ലേയെന്നു ചോദിച്ചാൽ 'പാട്ടൊക്കെ ഞാൻ എന്നേ വിട്ടു, ഇപ്പോൾ നല്ല ആസ്വാദകയാണെന്ന് പറയാം' എന്നാണ് മറുപടി. കെ എസ് ബീന മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സു തുറക്കുന്നു.

വളരെക്കാലമായി ഈ ഗായികയെ ആളുകൾ കണ്ടിട്ട്? ഇപ്പോൾ എവിടെയാണ്?

ഏകദേശം 19 കൊല്ലത്തോളം ദോഹയിലായിരുന്നു. ഭർത്താവ് വേണുഗോപാൽ അവിടെയാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ വിരമിച്ചു. അദ്ദേഹം ദോഹയിലും ഞാൻ ചെന്നൈയിലുമായി പത്തിരുപതു കൊല്ലമുണ്ടായിരുന്നു. കുട്ടികളുടെ പഠിപ്പും ജോലിയുമൊക്കെയായാണ് 1999ൽ ഞാൻ ചെന്നൈയിലെത്തുന്നത്. ഇപ്പോൾ ആറേഴു വർഷമായി തിരുവനന്തപുരത്താണ് ഞങ്ങൾ രണ്ടുപേരും.

1979-80 കാലഘട്ടത്തിൽ ഒരുപിടി നല്ല ഗാനങ്ങൾ പാടിയ ഗായിക..ഇപ്പോൾ സംഗീതവുമായി കൂട്ടുവിട്ടോ?

സംഗീതം എന്നേ ഞാൻ ഉപേക്ഷിച്ചു. ഇപ്പോൾ ആസ്വാദക മാത്രം. ദോഹയിലായിരുന്നപ്പോൾ സംഗീതക്ലാസുകളെടുത്തിരുന്നു. 45 കുട്ടികളൊക്കെയുണ്ടാവും. വീട്ടിൽ വന്നിരുന്നു. മലയാളികളും അല്ലാത്തവരും ഉണ്ടായിരുന്നു.

വിശ്വസിക്കാൻ പ്രയാസം...

ചെന്നൈയിലെത്തിയപ്പോൾ പിന്നെയും സംഗീതവുമായി അടുക്കാനായി. കച്ചേരികളും സംഗീതപരിപാടികളുമായി, അറിവും വർധിപ്പിക്കാനായി. എന്റെ പാട്ട് വിട്ട് പൂർണമായും ആസ്വാദകയായി മാറി. അതായിരുന്നു സന്തോഷം നൽകിയിരുന്നത്. പാടുമ്പോൾ ടെൻഷനാണ്. ആസ്വദിക്കാൻ കഴിയാറില്ല. ഇതാണെങ്കിൽ സ്വയം മറന്ന് ആസ്വദിച്ചിരിക്കാമല്ലോ. ചിത്രയുടെ റെക്കോർഡിംഗുകളുടെ പതിവ് സന്ദർശകയായിരുന്നു ഞാൻ. തിരുവനന്തപുരത്തെത്തിയതിൽ പിന്നെ പാട്ടുമായി വലിയ ബന്ധമില്ല.

ks beena

ജന്മദിനത്തിൽ ചിത്രയെ വിളിച്ചിരിക്കുമല്ലോ?

ചിത്രയുടെ പിറന്നാളിന് പുലർച്ചെ പന്ത്രണ്ട് മണിക്കേ ഞാനും അനിയനും കുടുംബവും ചേർന്ന് വീഡിയോകോൾ ചെയ്തിരുന്നു. ഒരുമണിവരെയൊക്കെ സംസാരിച്ചു. ചിത്ര സന്തോഷമായിരിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം എല്ലായിടത്തു നിന്നും വിളികളും ആശംസകളും വന്നുകാണ്ടേയിരിക്കുകയാണെന്നും പറഞ്ഞു.

സഹോദരിയുടെ പാട്ടിനെക്കുറിച്ച്?

ഞാനായിരിക്കും ചിത്രയുടെ ഏറ്റവും വലിയ ആരാധിക. എന്റെ അനിയത്തിയായതുകൊണ്ട് മാത്രം പറയുന്നതല്ല. എന്റെ കാഴ്ച്ചപ്പാടിൽ അത്രയും പെർഫെക്ഷനോടു കൂടി പാടുന്ന ഗായിക മറ്റൊരാളില്ല. പെർഫക്ഷൻ നിർബന്ധമാണ് ചിത്രയ്ക്ക്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യും. പാട്ടിനിടയിൽ എന്തെങ്കിലും പിഴവ് വന്നാൽ ഒന്നുകൂടെ പാടാമെന്ന് നിസ്സംശയം പറയും. തൃപ്തിയാകുന്നതു വരെ. അതുപോലെതന്നെ പെരുമാറ്റവും. നമ്മുടെ ചെറിയ കാര്യങ്ങൾ പോലും ഓർത്തുവെച്ച്, ഓർമപ്പെടുത്തും. ചിത്രയിൽ നിന്ന് ഒരുപാടു കാര്യങ്ങൾ കണ്ടു പഠിക്കേണ്ടതു തന്നെയാണ്.

നിങ്ങളൊന്നിച്ചുള്ള ബാല്യം ഒന്നോർത്തെടുക്കാമോ?

ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സാണ് വ്യത്യാസം. ഞാൻ ഏഴു വയസ്സിൽ പാട്ടു പഠിച്ചു തുടങ്ങി. ചിത്രയ്ക്കന്ന് രണ്ട് വയസ്സു പ്രായമേയുള്ളൂ. എച്ച് ഹരിഹരൻ സാറായിരുന്നു ആദ്യഗുരു. സർ വീട്ടിൽ വരുമായിരുന്നു. ചിത്രയ്ക്കും പാട്ടുണ്ട് എന്നത് അന്നേ എല്ലാവർക്കും അറിയാം. കഷ്ടിച്ച് വാക്കുകൾ ഉച്ചരിച്ചു തുടങ്ങുന്ന കാലത്തേ ഞാൻ പഠിക്കുന്ന ഗീതങ്ങളൊക്കെ കേട്ട് പാടിത്തുടങ്ങിയിരുന്നു. വാക്കുകളൊന്നും വ്യക്തമാകില്ല എങ്കിലും ട്യൂണൊക്കെയിട്ട്. പിന്നീട് രണ്ടു പേരും സംഗീതം തന്നെയാണ് പഠനവിഷയമാക്കിയത്.

ks beena

ഓമനക്കുട്ടി ടീച്ചറുടെ കീഴിലും പഠിച്ചിട്ടുണ്ടല്ലോ...

പിന്നീട് ഞാൻ മാവേലിക്കര പ്രഭാകരവർമ്മ സാറിന്റെയടുത്തും പഠിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് ഡോ ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യയാവുന്നത്. ചിത്രയ്ക്ക് എട്ടാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ നാഷ്ണൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. അതിന് അപേക്ഷിക്കുമ്പോൾ ഗുരുവിന്റെ പേര് വയ്ക്കണമെന്നതുകൊണ്ട് ഡോ ഓമനക്കുട്ടി ടീച്ചറുടെ പേരുവയ്ക്കുകയായിരുന്നു. ചിത്രയിലെ ഗായികയെ പരിപോഷിപ്പിച്ചെടുത്തത് ഓമനക്കുട്ടി ടീച്ചർ തന്നെയാണ്. ഞാൻ രണ്ടുമൂന്ന് ഗുരുക്കൻമാർക്ക് കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു.

എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ നിങ്ങൾ രണ്ടുപേരും ചേർന്ന് പാടിയിട്ടുണ്ട്...അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പം..

രാധാകൃഷ്ണൻ ചേട്ടന്റെ കുടുംബവുമായി നേരത്തെ പരിചയമുണ്ട്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിന് തൊട്ടടുത്താണ് എം ജി രാധാകൃഷ്ണൻ ചേട്ടന്റെ അമ്മ പാട്ടു പഠിപ്പിച്ചിരുന്നത്. സ്കൂളിലെ ഏതെങ്കിലും പരിപാടികൾ വരുമ്പോൾ ടീച്ചറെ ആണ് ജഡ്ജായി വിളിച്ചിരുന്നത്. പദ്യം ചൊല്ലലിനും പാട്ടുമത്സരങ്ങളിലും കവിതകൾ ട്യൂൺ ചെയ്തു തന്നിരുന്നത് രാധാകൃഷ്ണൻ ചേട്ടനാണ്. വലിയ അടുപ്പമാണ് ആ കുടുംബവുമായി. സ്നേഹപൂർവം മീരയിൽ ഞാനും ചിത്രയും ചേർന്ന് ചേട്ടന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. വിവാഹശേഷം ദോഹയ്ക്ക് പോകും മുമ്പാണ് ആ പാട്ട് പാടിയത്.

അമ്പിളി പാടിയ 'രാധയെ കാണാത്ത മുകിൽവർണനോ' വീണ്ടും അദ്ദേഹം എന്നെക്കൊണ്ട് പാടിച്ചിട്ടുണ്ട്. ആകാശവാണിയ്ക്കുവേണ്ടി പിന്നെയും ചില ലളിതഗാനങ്ങൾ പാടിയിട്ടുണ്ട്. കാവാലം ശ്രീകുമാർ, ഉദയഭാനു, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എന്നിവർക്കൊപ്പം സംഗീതശിൽപം എന്ന പരിപാടിയിലും പാടിയിട്ടുണ്ട്.

ചിത്രയുമൊത്തുള്ള റെക്കോർഡിംഗ് എങ്ങനെ ആസ്വദിച്ചിരുന്നു?

ഒന്നിച്ചുപാടി ഞങ്ങൾക്ക് പണ്ടേ ശീലമുണ്ട്. വീട്ടിൽ സാധകം ചെയ്യുമ്പോഴും എല്ലാവരും ഒരുമിച്ചിരുന്നാണ് പാടിയിരുന്നത്. അനിയൻ അക്കാലത്ത് മൃദംഗം പഠിച്ചിരുന്നു. മൂവരും ഒന്നിച്ചായിരുന്നു സാധകം. അത് റെക്കോർഡിംഗ് സ്റ്റുഡിയോയിലായി എന്ന വ്യത്യാസമേ തോന്നിയിട്ടുള്ളൂ.

ചിത്രയുടെ ഏറ്റവും വലിയ ആരാധിക.. സഹോദരിയുടെ പാട്ടിനെക്കുറിച്ച്...

ആദ്യകാലങ്ങളിൽ ചിത്ര ഒന്നിനുപിറകെ ഒന്നായി വരുന്ന അവസരങ്ങൾ വിനിയോഗിച്ചിരുന്നു എന്നേയുള്ളൂ. പിന്നണി ഗാനരംഗമാണ് കരിയർ എന്ന് ചിത്രയും ഉറപ്പിച്ചിരുന്നില്ല. പതുക്കെ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിച്ചു. ചിത്ര ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് കരിയറിൽ അതീവ ശ്രദ്ധ പുലർത്തിത്തുടങ്ങിയത്. വലിയ വലിയ സംഗീതസംവിധായകരുടെ പാട്ടുകൾ പാടാനും ചിത്രയ്ക്ക് പാടാനായി. അതെല്ലാം വലിയ പാഠങ്ങളാണെന്ന് ചിത്ര എപ്പോഴും പറയും.

ആദ്യം പിന്നണിഗാനരംഗത്തേക്കെത്തിയത് കെ എസ് ബീനയാണ്..

1980ലാണ് സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങുന്നത്. തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലെ ഡ ഡ ഡ ഡ ഡാഡി എന്ന പാട്ട്. ബാലു കിരിയത്ത് ആയിരുന്നു വരികളെഴുതിയത്. എന്നെ കോളേജിൽ പഠിപ്പിച്ച സുശീലദേവി ടീച്ചറാണ് സിനിമയിൽ സംഗീതം നൽകിയത്. അങ്ങനെയാണ് എനിക്ക് അവസരം ലഭിച്ചത്. ടീച്ചറുടെ സഹോദരൻ ദർശൻ രാമനും ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നൽകിയിരുന്നു. സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന അതിമനോഹരമായൊരു ഗാനം.

ks beena

യേശുദാസിനൊപ്പം പാടിയ ഓർമകൾ...

ദാസേട്ടന്റെ കൂടെ പാടുക എന്നത് ചിരകാലഭിലാഷമായിരുന്നു. കുറച്ച് പാട്ടുകളേ പാടാനായുള്ളൂവെങ്കിലും അത് സാധിച്ചതിൽ വലിയ സന്തോഷം തോന്നിയിരുന്നു. തകിലുകൊട്ടാമ്പുറത്തിലാണ് അടുത്ത് പരിചയപ്പെടുന്നത്. ആദ്യമായി ഒപ്പം പാടുന്ന സമയത്ത് ടെൻഷനായിരുന്നു. ആദ്യ റെക്കോർഡിംഗ് അനുഭവമായിരുന്നല്ലോ. ആകാശവാണി റെക്കോർഡിംഗേ മുമ്പ് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. പുതിയ പാട്ടുകാരി എന്ന നിലയിൽ വലിയ പ്രോത്സാഹനം തന്നു. അതിനു ശേഷം ചിത്രയുടെ റെക്കോർഡിംഗുകൾ ധാരാളം കണ്ടിട്ടുണ്ട്. റഹ്മാന്റെ പാട്ടുകളുടെ റെക്കോർഡിംഗുകൾ വ്യത്യസ്തമാണ്. അന്ന് മലയാളത്തിലുണ്ടായിരുന്ന പോലെ ലൈവ് റെക്കോർഡിംഗ് ആയിരുന്നില്ല.

പ്രതിഭയുളള ഗായിക.. കെഎസ് ബീനയെ വളരെക്കാലം സംഗീതപ്രേമികൾ മിസ് ചെയ്തിരുന്നു..

സംഗീതത്തിൽ ഒരു ഭാവി സ്വപ്നം കണ്ടിരുന്നില്ല. പാട്ട് പഠിച്ചത് പിന്നണി ഗായിക ആവാനുമായിരുന്നില്ല. 22 വയസ്സിലായിരുന്നു എന്റെ വിവാഹം. 1979-80 കാലഘട്ടമല്ലേ. അന്ന് വിഷ്വൽ മീഡിയ പോപ്പുലർ അല്ലല്ലോ. റേഡിയോ ആണ് ഏക മാധ്യമം. പഠിക്കുന്ന കാലത്ത് മത്സരങ്ങൾക്കും ഗാനമേളകൾക്കുമൊക്കെ പാടിയിരുന്നു. ദാസേട്ടനൊപ്പം പാടുക എന്നത് വലിയ മോഹമായിരുന്നു. അത് സാധിച്ചു.

കഴിവിനൊപ്പം നല്ല നല്ല അവസരങ്ങളും കൂടി ലഭിച്ചാലേ ഒരു ഗായികയ്ക്ക് വളർച്ചയുള്ളൂ. യോഗം പോലെ വരും. അത്രയേ ഉള്ളൂ, കലയുടെ കാര്യത്തിൽ. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചശേഷം ആ ഒരു ഒഴുക്കിലങ്ങനെ പോയി. ഇപ്പോൾ നല്ല ആസ്വാദകയാണെന്നു പറയാം.

അന്നത്തെ അപേക്ഷിച്ച് ഇന്ന് അവസരങ്ങൾ നിരവധിയാണ്.. പുതിയ പാട്ടുകാരെ ശ്രദ്ധിക്കാറുണ്ടോ?

ഇന്ന് അവസരങ്ങൾ നിരവധിയല്ലേ. അത്രയധികം പാട്ടുകാരും ദിനംപ്രതി ഈ മേഖലയിലെത്തുന്നു. ഇപ്പോൾ പുതിയ പുതിയ എത്ര നല്ല പാട്ടുകാരുണ്ട്.? ഗന്ധർവൻമാരെപ്പോലെ പാടുന്നവർ.

ദിനചര്യകൾ?

രാവിലെ നടക്കാൻ പോകും. നാത്തൂനും കൂടെ നടക്കാൻ വരും. ഭക്ഷണം പാകം ചെയ്യാൻ ഒരു സഹായി ഉണ്ട്. അതിനാൽ അക്കാര്യങ്ങളിൽ ടെൻഷനില്ല. ക്ലീനിങ്, ഗാർഡനിങ് ഒക്കെ ഞാൻ ചെയ്യാറുണ്ട്. ഉച്ചക്ക് ഒരു മണി വരെ സ്പിരിച്വൽ ക്ലാസും മീറ്റിങ്ങുമായി ആയി കഴിയും. ഉച്ചയ്ക്ക് അല്പം കിടക്കും. സാധാരണ അതൊക്കെയാണ് പതിവ്.

മക്കൾ?

മകൾ വർഷ ചെന്നൈയിൽ ആനിമേറ്ററായി ജോലി ചെയ്യുന്നു. ഇപ്പോൾ ലോക്ഡൗൺ ആയതിനാൽ വീട്ടിലിരുന്നാണ് വർക്ക് ചെയ്യുന്നത്. മകൻ വിനായക് ഐ ടി ഉദ്യോഗസ്ഥനാണ്. അമേരിക്കയിൽ ഷിക്കാഗോയിലാണ്. ഞാനും ഭർത്താവും ഇവിടെ തിരുവനന്തപുരത്ത്. ഇവിടെ ആത്മീയ ക്ലാസുകളൊക്കെയായി തിരക്കിലാണ്. ക്ലാസെടുക്കുന്ന പല ഗ്രൂപ്പുകളുണ്ട്. ഇടയ്ക്കിടെ തമ്മിൽ കാണാറുണ്ട്. ലോക്ഡൗൺ ആയതിനാൽ വീഡിയോകോൾ വഴിയാണ് മീറ്റിംഗുകളെല്ലാം. പുറത്തെവിടെയും പോവാൻ പറ്റുന്ന സാഹചര്യമല്ലല്ലോ.

പേരക്കുട്ടികൾക്ക് 'ഡ ഡ ഡ ഡ ഡാഡി' പാടിക്കൊടുക്കാറുണ്ടോ?

എന്റെ രണ്ടു മക്കളും പാടും. അനിയന്റെ മക്കളും പാടും. പേരക്കുട്ടികൾ എന്നെയും ചിത്രയെയും ഫോണിൽ വിളിക്കുമ്പോൾ ഞങ്ങൾ അവർക്ക് മാറി മാറി പാടിക്കൊടുക്കും. 'കിലുകിലുക്കും കിലുകിലുക്കും', കണ്ണാം തുമ്പി, ഉണ്ണി വാവാവോ ഒക്കെയാണ് സ്ഥിരം പാട്ടുകൾ.

Content Highlights :singer ks beena interview k s chithra birthday

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented