കാലത്തെ അതിജീവിച്ച ​ഗാനങ്ങളിൽ ഒന്നാണ് മം​ഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദ കൽപന ചാരുത നൽകിയ എന്ന് തുടങ്ങുന്ന യു​ഗ്മ ​ഗാനം. എംഡി രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജ ഈണം പകർന്ന ​ഗാനം ആലപിച്ചത് യേശുദാസും കല്യാണി മേനോനും ചേർന്ന്. തറവാടിത്തമുള്ള, മലയാളിത്തമുള്ള ശബ്ദമായിരുന്നു കല്യാണി മേനോന്റേതെന്ന് പറയുകയാണ് ​ഗാനരചയിതാവ് എംഡി രാജേന്ദ്രൻ.

"ഇളയരാജയുടെ സം​ഗീതത്തിൽ മം​ഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദകൽപന എന്ന് തുടങ്ങുന്ന ​ഗാനത്തിന് വേണ്ടിയാണ് ഞാനും കല്യാണി മേനോനും ഒന്നിക്കുന്നത്. യേശുദാസാണ് കല്യാണി മേനോനൊപ്പം ആ യു​ഗ്മ​ഗാനം ആലപിച്ചത്.ഞാനെഴുതിയതിൽ വച്ച് മലയാളത്തിലെ മികച്ച പ്രണയ ​ഗാനങ്ങളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്ന ​ഗാനം. വളരെ ഭം​ഗിയായി തന്നെ അവർ ആ ​ഗാനം ആലപിച്ചു. അതിന്റെ റെക്കോർഡിങ്ങ് ഞാനിന്നും ഓർക്കുന്നു. ഒന്നോ രണ്ടോ ടേക്കുകൾ കൊണ്ട് തന്നെ പാട്ടു മുഴുവനും അതി​ഗംഭീരമായി പാടിത്തീർത്തു. ദാസേട്ടനാണോ കല്യാണി മേനോനാണോ കൂടുതൽ ഭം​ഗിയായി പാടിയതെന്ന് അത്ഭുതപ്പെടുന്ന രീതിയിലായിരുന്നു അവരുടെ ആലാപനം.

തനി തറവാടിത്തമുള്ള, മലയാളിത്തമുള്ള ശബ്ദമായിരുന്നു കല്യാണി മേനോന്റേത്. ആ വിയോ​ഗം വല്ലാതെ വേദനിപ്പിക്കുന്നതാണ്. ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യയിൽ നിന്ന് ഇനിയും ധാരാളം ​ഗാനങ്ങൾ പ്രതീക്ഷിച്ചിരുന്നു. പ്രായം ആ ശബ്ദത്തെ ബാധിച്ചിട്ടില്ലായിരുന്നു. പാട്ട് ഉള്ളിടത്തോളം കാലം അവർക്ക് മരണമില്ല.

ഋതുഭേദ കൽപന സത്യത്തിൽ ഒരു കവിതയായിരുന്നു. ആ കവിത യാതൊരു ഭാവവും ചോർന്ന് പോവാതെ ട്യൂൺ ചെയ്ത് പാട്ടാക്കി മാറ്റിയ ഇളയരാജയുടെ പ്രതിഭയും ഇവിടെ ഓർത്തെടുക്കുന്നു. എല്ലാ വരികളും ഞാൻ എന്ന വാക്കിൽ അവസാവനിക്കുന്നതായിരുന്നു ആ കവിത. ആ ഞാൻ എല്ലാം അദ്ദേഹം വെട്ടിക്കളഞ്ഞു. ഞാൻ പോയാൽ തന്നെ എല്ലാം ശരിയാവും എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഞാനെന്ന ഭാവം ഇല്ലാതായാൽ എല്ലാം നന്നായി വരുമെന്ന തത്വം കൂടെ അദ്ദേഹം പകർന്നു തന്നു."

content highlights : singer kalyani menon rememberance MD Rajendran Mangalam nerunnu rithubedha kalpana song