'നാടെങ്ങും കൊറോണ വൈറസ് ജാഗ്രതയും ഭീതിയും. എല്ലാം താളം തെറ്റിക്കിടക്കുന്ന അവസ്ഥ. അപ്പോള്‍ താളം കൊണ്ട് ഈ അവസ്ഥയെ അതിജീവിച്ചാലോ. പ്രതീക്ഷ കൈവിടാതെ നാം മുന്നേറും. ഈ മോശം സമയത്തെ നമ്മള് മറികടക്കും. അതാണ് ലെജന്റ്സ് ലൈവ് കൊണ്ട് ഉദ്ദേശിക്കുന്നത്'. പറയുന്നത് ഗായിക അമൃത സുരേഷ്. അമൃതംഗമയ എന്ന സ്വന്തം ബാന്റിന്റെ കൂട്ടായ്മയില്‍ ഗുരുതുല്യരായി കാണുന്ന സീനിയര്‍ സംഗീതജ്ഞരോടൊപ്പമുള്ള സെഷനുകള്‍ എന്ന അര്‍ഥത്തിലാണ് പേരിട്ടത്. സീരീസിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. വീണയില്‍ വിദ്വാനായ രാജേഷ് വൈദ്യയ്ക്കൊപ്പം ഒരു കമ്പോസിഷന്‍ എന്നത് എന്നെന്നും കൊതിച്ചിരുന്നതാണെന്നും തന്റെ ഡ്രീം പ്രൊജക്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും അമൃത പറയുന്നു.
ഡ്രമ്മറും കീബോര്‍ഡിസ്റ്റും തന്നോടൊപ്പം ബാന്റിലുള്ളവരാണ്. ഡ്രംസ് വായിക്കുന്ന സിദ്ധാര്‍ഥ് നാഗരാജന് ഗിന്നസ് റെക്കോര്‍ഡുള്ള പ്രതിഭയാണ്. തമിഴ് മലയാളം ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ കീബോര്‍ഡ് ആര്‍ട്ടിസ്റ്റാണ് അനൂപ് ആര് നായര്‍. ഈ മൂന്നു പ്രതിഭകളെയാണ് എപിസോഡ് ഒന്നില്‍ അവതരിപ്പിക്കുന്നത്.
ഇനി ശിവമണി സാറിനൊപ്പമൊരു സെഷനാണ് സ്വപ്നം. അമേസിങ് മി എന്നൊരു ഔദ്യോഗിക പേജുണ്ട്. അതിലേക്ക് നവാഗതസംഗീത പ്രതിഭകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റൊരു പ്ലാനുണ്ട്. അതും നടക്കുന്നു.
ഗുരുവായ ആചാര്യ മോഹന്‍കുമാറിന്റേതാണ് ഈണം. കര്‍ണാടക സംഗീതത്തിലെ തില്ലാനയാണ് ഹിന്ദുസ്താനിയില് തരാന എന്നു വിളിക്കുന്നത്. വരികളില്ല. മേളമാണ് പ്രധാനം. മായാമാളവഗൗള(ഹിന്ദുസ്താനിയില് ഭൈരവ്) രാഗത്തിലാണ് ഗുരുജി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനെ ഫ്യൂഷന്‍ വേര്‍ഷനിലേക്ക് കൊണ്ടു വന്നതാണെന്നും അമൃത പറയുന്നു. ചിത്രീകരണവും റെക്കോര്‍ഡിങ്ങും എഡിറ്റിങ്ങും ചെന്നൈയിലെയും കൊച്ചിയിലെയും സ്റ്റുഡിയോകളില്‍ വച്ചാണ് നടന്നത്.
ബിഗ്ബോസിലേക്ക് പോകും മുമ്പാണ് പാട്ട് റെക്കോര്‍ഡിംഗും എല്ലാം ചെയ്തത്. റിലീസ് ചെയ്യാന്‍ അന്ന് സാധിച്ചില്ല. ബിഗ് ബോസില്‍ നിന്നു തിരിച്ചു വന്ന് അധികം താമസിയാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. അതിനാല്‍ ഇപ്പോള്‍ വ്ലോഗിങ്ങും തത്കാലം നിര്‍ത്തിയിരിക്കുകയാണ്. പതുക്കെ തുടങ്ങണം. ഇപ്പോള്‍ സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കുന്നു. മകള്‍ക്കൊപ്പം സമയം ചെലവിട്ട് ഞാനും അഭിരാമിയും.
ജയസൂര്യയും അതിഥി റാവുവും വേഷമിടുന്ന സൂഫിയും സുജാതയുമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അതിലൊരു പാട്ട് പാടിയിട്ടുണ്ട്. ഏറെ പ്രതീക്ഷയുള്ള പാട്ടാണത്. സിനിമയ്ക്കായി കട്ട വെയ്റ്റിംഗ്.
Content Highlights : singer amritha suresh comes with legends live rajesh vaidhya veena maestro with amritamgamaya band