സിൽക്ക് സ്മിത ഓർമ്മയായി കാൽ നൂറ്റാണ്ട് തികയുമ്പോൾ ഈ ഗാനം ഓർക്കാതിരിക്കുന്നതെങ്ങനെ? "ഇതിലേ ഏകനായ് അലയും ഗായകാ, കരളിൽ നീ പേറുമീ കണ്ണീരിന്നും ഗാനമായ്, ഒഴുകീ നോവുമായ്..'' -- പൂവച്ചൽ ഖാദർ എഴുതി ശ്യാം ഈണമിട്ട് യേശുദാസ് പാടിയ  പാട്ട്. 

'ഒറ്റപ്പെട്ടവർ' (1979) എന്ന ചിത്രത്തിലെ  ഈ ഗാനരംഗത്ത് രാഘവനോടൊപ്പം പ്രത്യക്ഷപ്പെട്ടത് സ്മിതയാണ് -- അന്നത്തെ വിജയലക്ഷ്മി. ആന്ധ്രക്കാരായ രാമലുവിന്റെയും സർസമ്മയുടെയും മകൾ.

നായികയായി സ്മിത ആദ്യം അഭിനയിച്ചത് ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി'യിൽ ആയിരുന്നെങ്കിലും ആ പടം പുറത്തുവരാൻ വൈകി. സ്മിതയെ ഒരു ഗാനരംഗത്ത്  പ്രേക്ഷകർ  ആദ്യമായി കണ്ടത് ഒറ്റപ്പെട്ടവരിൽ. "വളരെ പാവമായിരുന്നു ഞാൻ അറിയുന്ന സ്മിത. നാണം കുണുങ്ങിയും. പക്ഷെ സിനിമ അവരെ എങ്ങനെ മാറ്റിയെടുത്തൂ എന്ന് നോക്കൂ.'' -- ആദ്യ നായകൻ രാഘവന്റെ വാക്കുകൾ.

വയനാട്ടിൽ വെച്ചായിരുന്നു ഗാനചിത്രീകരണം. രാഘവൻ രംഗത്ത് പ്രത്യക്ഷപ്പെടുന്നത് അന്ധനായി. കാമുകിയായ ഗ്രാമീണ യുവതിയുടെ റോളിലാണ് സ്മിത.

പിൽക്കാലത്ത് വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു സിൽക്ക് സ്മിത. ഏറെയും മാദകത്വമുള്ള വേഷങ്ങളിൽ. ``സ്ഫടിക''ത്തിലെ ഏഴിമല പൂഞ്ചോല, അഥർവ്വത്തിലെ പുഴയോരത്തിൽ പൂന്തോണിയെത്തീല എന്നിവ മലയാളത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ.

content highlights : silk smitha 25th death Anniversary Ottapettavar spadikam Adharvam movie songs