ലതാ മങ്കേഷ്‌കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍. ലതാജിയാണ് തന്റെ ഗുരുവെന്നും ലതാജിയുടെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പില്‍ ശ്രേയ പറയുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ ലതാജി.. ഇന്ന് നിങ്ങളുടെ നവതിയാണ്. നിങ്ങളുടെ ആയുരാരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല.  നിങ്ങളാണെന്റെ ഗുരു.. എന്റെ ഏറ്റവും വലിയ പ്രചോദനം.. നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്റെ വലിയ ഭാഗ്യമായി കരുതുന്നു...' ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ ഗായകരില്‍ തനിക്കേറെ ഇഷ്ടമുള്ള ശബ്ദമാണ് ശ്രേയ ഘോഷാലിന്റേതാണെന്ന് ലതാ മങ്കേഷ്‌കര്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ശ്രേയ ബോളിവുഡിലെ അടുത്ത ലതാ മങ്കേഷ്‌കറാണെന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ പ്രചരണങ്ങളുമുണ്ടായിരുന്നു.

Content Highlights : shreya ghoshal wishes lata mangeshkar happy birthday facebook