ഇന്ത്യൻ സം​ഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് ഇതിഹാസ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയത്... ഇപ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അത്തരമൊരു ഓർമ പങ്കുവയ്ക്കുകയാണ് നടി ശോഭനയും. എസ്.പി.ബിയുടെയും എസ്.ജാനകിയുടെയും ആലാപനത്തിൽ പുറത്തിറങ്ങിയ ഒരു  മനോഹര പ്രണയ​ഗാനം പങ്കുവച്ചുകൊണ്ടാണ്  ശോഭനയുടെ കുറിപ്പ്.

മണിരത്നം ഒരുക്കിയ ദളപതി എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ച് പാടിയ സുന്ദരി കണ്ണാൽ ഒരു സേതി എന്ന ​ഗാനമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. ശോഭനയും രജനികാന്തുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസ്.പി.ബിയുടെ ഹിറ്റ് ​ഗാനങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഈ ​ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഇളയരാജയാണ്. 

"ആ നഷ്ടവുമായി പൊരുത്തപ്പെടുക പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പങ്കുവയ്ക്കാൻ ഒരു പാട്ട് തിരയുമ്പോൾ…. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാൻ കള്ളിയുമായിരുന്നു,..അഹങ്കാരമില്ലാത്ത, ഉല്ലാസവാനായ, ശുദ്ധനായ, പാട്ടിൽ അധിഷ്ഠിതമായ വ്യക്തിയായിരുന്നു എസ്.പി.ബി സർ” ശോഭന കുറിക്കുന്നു.

ഇക്കഴിഞ്ഞ സെപ്തംബർ‌ 25-നാണ് ഇതിഹാസ ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങുന്നത്. ഓ​ഗസ്റ്റ് അഞ്ചിന് കോവിഡ് രോ​ഗബാധിതനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓ​ഗസ്റ്റ് 13-ഓടെ ആരോ​ഗ്യനില വഷളായ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ച എസ്.പി.ബിക്ക് സെപ്തംബർ ആദ്യവാരത്തിൽ കോവിഡ് നെ​ഗറ്റീവ് ആവുകയും ചെയ്തിരുന്നു.  എങ്കിലും വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു,.

Content Highlights : Shobhana Remembers SP balasubrahmanyam Thalapathi Movie Sundari Kannal Oru Song