shan johsonഗാനമായി വന്നു നീ... മൗനമായി മാഞ്ഞുനീ... എന്നായിരുന്നു ജോണ്‍സണ്‍ അവസാനമായി ഈണം നല്‍കിയ വരികളിലൊന്ന്. അച്ഛന്‍ പാതിവഴിയില്‍ നിര്‍ത്തിയ പാട്ട് പൂര്‍ത്തീകരിച്ചാണ് മകള്‍ ഷാനും സംഗീതവഴിയിലെത്തിയത്. അച്ഛന്റെ വഴിയേ മകളും പാതിയില്‍ മുറിഞ്ഞ പാട്ട് പോലെയാണ് അമ്മ റാണിയെ തനിച്ചാക്കി അകാലത്തില്‍ മറഞ്ഞുപോയത്.

ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ 
ആടുവാന്‍ താളം തന്നേപോ.. പാടുവാന്‍ ഒരീണം തന്നേ പോ... എന്ന ഓ.എന്‍.വി.യുടെ വരികള്‍ക്ക് പൂര്‍ണമായി ഈണം നല്‍കാതെയാണ് ജോണ്‍സണ്‍ മറഞ്ഞപോയത്. അച്ഛന്റെ മരണശേഷം ഷാനാണ് ഗാനത്തിന്റെ ഈണം പൂര്‍ത്തിയാക്കിയത്. ചിത്രയും ചന്ദ്രലേഖയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. യൂട്യൂബില്‍ രാജഹംസമേ പാടി പ്രശസ്തി നേടിയ ചന്ദ്രലേഖയ്ക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയതും ഷാനായിരുന്നു.

നിരന്തരം പിന്തുടരുന്ന ചില ഈണങ്ങള്‍ പോലെയാണ് ജോണ്‍സന്റെ കുടുംബത്തെ ദുരന്തങ്ങള്‍ വേട്ടയാടിയത്. ആദ്യം ഒരു ട്രെയിനപകടം. പാതിജീവനുമായി അത്ഭുതകരമായാണ് ജോണ്‍സണ്‍ ട്രാക്കില്‍ നിന്ന് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ വിഷാദ കാലത്തെ ഒരുവിധം തരണം ചെയ്തുവരുമ്പോള്‍ ഒരുദിനം അപ്രതീക്ഷിതമായി മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനെ വിധി കവര്‍ന്നെടുത്തു. ഈ ദുരന്തത്തില്‍ നിന്ന് ഒരുവിധം കരകയറിവരുമ്പോഴായിരുന്നു 
ജോണ്‍സന്റെ മകന്‍ റെന്‍ ചെന്നൈയില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചത്. 25 വയസ്സ് മാത്രമായിരുന്നു റെന്നിന് പ്രായം.

ചെന്നൈയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാന്‍ ജോണ്‍സന്റെ മരണശേഷമാണ് സംഗീതത്തില്‍ സജീവമായത്. എപ്പോഴും പാട്ട് മൂളി നടക്കുന്ന അച്ഛനുള്ള വീട്ടില്‍ ഈ ഈണങ്ങള്‍ തന്നെയായിരുന്നു ഷാനിനും അനിയന്‍ റെന്നിനും കൂട്ട്. പക്ഷേ, ജോണ്‍സണ്‍ ഒരിക്കലും മക്കളെ പാട്ടിന്റെ വഴിയേ വരാന്‍ നിര്‍ബന്ധിച്ചില്ല. കുട്ടിക്കാലത്ത് അങ്ങിനെ നൃത്തത്തോടായി ഷാനിന് കമ്പം. പിന്നെയാണ് അച്ഛന്റെ പാതയില്‍ പാട്ടിന്റെ വഴിയില്‍ തന്നെ ചുവടുറപ്പിച്ചത്. ഗിറ്റാറും വയലിനും നേരത്തെ പഠിച്ചു. പിന്നീട് പിയാനോയും. എങ്കിലും കുറച്ച് ഇഷ്ടം കൂടുതല്‍ ഗിറ്റാറിനോടു തന്നെ. അങ്ങിനെ ജോലിയോടൊപ്പം സൗണ്ട് ബള്‍ബ് എന്നൊരു സംഗീതട്രൂപ്പിലും സജീവമായി.

നിരവധി ഭക്തിഗാനങ്ങള്‍ ചെയ്തിട്ടുള്ള ഷാന്‍ ജോണ്‍ന്റെ അടുപ്പക്കാരുടെ നിര്‍ബന്ധം കൊണ്ടാണ് മൈ നെയിം ഈസ് ജോണിലെ ഗാനം പൂര്‍ത്തീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തത്. പാട്ടിന് ഈണം നല്‍കുമ്പോള്‍ അച്ഛന്‍ ഒപ്പമിരിക്കുന്നുണ്ടെന്ന തോന്നലായിരുന്നുവെന്ന് ഷാന്‍ പറയുമായിരുന്നു. ജോണ്‍സണ്‍ ചെയ്ത പാട്ടുപോലെ എന്ന് കേട്ടവരും പറഞ്ഞു.

അതുകഴിഞ്ഞ് തിരയുടെ പശ്ചാത്തല സംഗീതത്തിനായി ഖാമോഷി എന്നൊരു ഗാനം രചിച്ചു. പാട്ടെഴുതാനും പാടാനും അറിയുമെങ്കിലും അച്ഛനെപ്പോലെ സംഗീത സംവിധാനത്തോടുതന്നെയായിരുന്നു ഷാനിനും പ്രിയം. അച്ചു രാജാമണിയുടെ ഈണത്തില്‍ ഒരു തമിഴ്ഗാനവും പ്രെയ്‌സ് ദി ലോര്‍ഡില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ അബ് ക്യാ ഹുവാ എന്നൊരു ഹിന്ദി ഗാനവും ആലപിച്ചെങ്കിലും പെട്ടന്ന് തന്നെ സംഗീതസംവിധാനത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഏതാനും പടങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ ഗാനങ്ങളുടെ പണിപ്പുരയില്‍ സജീവമായി കഴിയുമ്പോഴാണ് അച്ഛനെപ്പോലെ ഷാനും മൗനമായി  മറഞ്ഞുപോയത്.