ഷാക്കിറയും പിക്വെയും | ഫോട്ടോ: www.instagram.com/3gerardpique/
പ്രശസ്ത പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്‌ബോൾ താരം ജെറാർഡ് പിക്വെയും വേർപിരിയുന്നു. വേർപിരിയൽ വാർത്ത നേരത്തെ പുറത്തുവന്നെങ്കിലും ഇരുവരും ഇപ്പോഴാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തുന്നത്. 12 വർഷമായി ഒരുമിച്ചു താമസിക്കുന്ന ഇവർ വിവാഹിതരല്ല.
'ഞങ്ങൾ വേർപിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതിൽ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾ ഞങ്ങളെ മനസ്സിലാക്കുന്നതിന് നന്ദി.' സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്തമകൻ മിലാന് ഒൻപതും ഇളയമകൻ സാഷയ്ക്ക് ഏഴുമാണ് പ്രായം.
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ് ഇരുവരും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ 'വക്ക വക്ക' വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.
2019 ൽ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ, രണ്ട് വർഷം മുമ്പ് തന്റെ ശബ്ദം താൽക്കാലികമായി നഷ്‌ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷം ആയിരുന്നുവെന്നും അത് തന്നെ ആഴത്തിൽ ബാധിച്ചുവെന്നും ഷാക്കിറ പറഞ്ഞത് വൻവാർത്തയായിരുന്നു. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ സ്വാഭാവികമായിത്തന്നെ അവർ ശബ്ദം വീണ്ടെടുക്കുകയും 2018-ൽ ഒരു ലോകപര്യടനം നടത്തുകയും ചെയ്തു.
Content Highlights: Shakira confirms split with soccer star Gerard Pique
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..