എ.ആര്‍ റഹ്മാന്റെയല്ല, ശ്യാമിന്റെ ഹൃദയത്തില്‍ പിറന്ന സി.ബി.ഐ തീം മ്യൂസിക്


രവി മേനോന്‍

ശ്യം, എ.ആർ റഹ്മാൻ

സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാൾക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘർഷം ഓർത്തുനോക്കൂ. ആ സംഘർഷം വേദനയോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ് ജീവിതസായാഹ്നത്തിൽ സംഗീത സംവിധായകൻ ശ്യാം.

മലയാള സിനിമയിലെ, ഇന്ത്യൻ സിനിമയിലെ തന്നെ, ഏറ്റവും പ്രശസ്തവും പരിചിതവുമായ സംഗീത ശകലങ്ങളിൽ ഒന്നായ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് താനല്ല എന്ന ``പുത്തൻ അറിവ്'' ശ്യാം സാറിനെ ഞെട്ടിക്കുന്നു. ആ മ്യൂസിക്കൽ ബിറ്റിന്റെ യഥാർത്ഥ ശിൽപ്പി തനിക്കേറെ പ്രിയപ്പെട്ട സാക്ഷാൽ എ ആർ റഹ്‌മാൻ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തുമ്പോൾ എങ്ങനെ തളരാതിരിക്കും പൊതുവെ സൗമ്യനും ശാന്തശീലനുമായ ശ്യാം സാറിന്റെ മനസ്സ്? സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ``വെളിപ്പെടുത്ത''ലിനെ കുറിച്ച് കേട്ടും അറിഞ്ഞും അന്തം വിടുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ.

``മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങൾ ഞാൻ മറക്കില്ല. ഒരു പക്ഷേ ഞാൻ ചെയ്ത സിനിമാപ്പാട്ടുകളേക്കാൾ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടിയ ഈണമാണത്.''-- ശ്യാം പറയുന്നു. ``റഹ്‌മാൻ എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആർ കെ ശേഖറിന്റെ മകൻ. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാൻ. ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി...എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്‌മാൻ ഒരിക്കലും അങ്ങനെ പറയാൻ ഇടയില്ല.''-- 85 വയസ്സ് പിന്നിട്ട ശ്യാം സാറിന്റെ വാക്കുകൾ വികാരാധിക്യത്താൽ ഇടറുന്നു.

ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്ന് കൂട്ടിച്ചേർക്കുന്നു ശ്യാം. ഈ പ്രായത്തിൽ സ്വന്തം സൃഷ്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിക്കേണ്ടി വരുന്നതിന്റെ ഗതികേട് മുഴുവനുണ്ടായിരുന്നു ശ്യാം സാറിന്റെ വാക്കുകളിൽ. ഭാര്യയുടെ വിയോഗത്തിന് ശേഷം മിക്കവാറും ഏകാന്തജീവിതത്തിലാണ് ശ്യാം. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കൈവിട്ടിട്ടില്ല. `` സംഗീതമാണ് എല്ലാ വിഷമങ്ങളും മറക്കാൻ ദൈവം എനിക്ക് തന്നിട്ടുള്ള ഔഷധം. പാട്ടിൽ മുഴുകുമ്പോൾ മറ്റെല്ലാം മറക്കും. പുതിയ ചില ഭക്തിഗാനങ്ങളുടെ സൃഷ്ടിയിലാണ്. ദൈവം അനുവദിക്കുകയാണെങ്കിൽ കുറെ പാട്ടുകൾ കൂടി ചെയ്‌തു നിങ്ങളെ കേൾപ്പിക്കണം എന്നുണ്ട്. അതിനിടക്ക് ഇതുപോലുള്ള വിവാദങ്ങൾ ഉയരുമ്പോൾ ശരിക്കും വേദന തോന്നുന്നു. ദൈവം എല്ലാ തെറ്റിദ്ധാരണകളും നീക്കട്ടെ എന്ന് മാത്രമാണിപ്പോൾ എന്റെ പ്രാർത്ഥന..''

ഈയിടെ ഇറങ്ങിയ സിനിമാസംബന്ധിയായ ഒരു പുസ്തകത്തിലാണ് സി ബി ഐ ഡയറിക്കുറിപ്പിലെ പ്രമേയസംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമർശമുള്ളത്. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപിന്റെ വിരലുകളിലാണ് ആ ബിറ്റ് ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തുന്നു ഗ്രന്ഥകർത്താവ്. എന്നാൽ തലമുറകൾക്കപ്പുറത്തേക്ക് വളർന്ന ഈ സംഗീതശകലം ശ്യാമിന്റെ സൃഷ്ടിയാണെന്ന് നിസ്സംശയം പ്രഖ്യാപിച്ചിരിക്കുകയാണ് പടത്തിന്റെ സംവിധായകൻ കെ മധു. സി ബി ഐയുടെ അഞ്ചാം പതിപ്പിന്റെ പണിപ്പുരയിലാണിപ്പോൾ അദ്ദേഹം.

കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മധു എഴുതുന്നതിങ്ങനെ:

``ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ

മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ. ശ്യാം, സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ. സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്, എഡിറ്റർ ശ്രീകർ പ്രസാദ് , ഡി.ഒ.പി.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു....'' (

സി ബി ഐയിലെ തീം മ്യൂസിക് രൂപമെടുത്ത സന്ദർഭത്തെ കുറിച്ച് ശ്യാം സാറിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ പഴയ കുറിപ്പ് ഒരിക്കൽ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. സംശയനിവാരണത്തിന് വേണ്ടി മാത്രം....

ശ്യാം സാറിന്റെ സേതുരാമയ്യർ സി.ബി.ഐ

ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകൻ സേതുരാമയ്യരെ കാണാൻ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാൽ മതി.

ഏതാനും നിമിഷങ്ങൾ നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ മുഴുവൻ ശ്രോതാക്കളുടെ മനസ്സിൽ മിഴിവോടെ വരച്ചിടാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എന്നന്നേക്കുമായി. ``സി ബി ഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോൾ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്ന ഒരു തന്ത്രം അതിൽ ഉൾപ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ.'' -- ശ്യാം പറയുന്നു. ഉറക്കത്തിൽ പോലും മലയാളി തിരിച്ചറിയുന്ന സംഗീത ശകലമായി അത് മാറി എന്നത് ചരിത്രനിയോഗം.

റീറെക്കോർഡിംഗിനായി പടം കണ്ടപ്പോൾ ആദ്യം ശ്യാമിന്റെ മനസ്സിൽ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി ഐ ഡി സിനിമകളിലെപ്പോലെ ആക്‌ഷൻ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകൾ തലച്ചോറ് കൊണ്ട് ഇഴകീറി പരിശോധിക്കുമ്പോൾ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും. ``ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്. തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചു നേരം ഒരേ താളത്തിൽ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക് മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്. സേതുരാമയ്യരെ അവതരിപ്പിക്കുമ്പോൾ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?'' മോണ്ടി നോർമൻ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകർത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി ബി ഐ സിനിമകളുടെ പിൽക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവർ വേർഷനുകളുടെയും റീമിക്സുകളുടെയും രൂപത്തിൽ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.

ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ ഹെൻറി നിക്കോള മാൻചീനി ആയിരുന്നു ഈ പ്രമേയ സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ശ്യാമിന്റെ മനസ്സിൽ. സംഗീതസംവിധാനത്തിലെ കുലപതിമാരിൽ ഒരാൾ. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളിൽ കേട്ട് മനസ്സിൽ പതിഞ്ഞ ഈണങ്ങളുടെ ശിൽപ്പി. ``പിങ്ക് പാന്തർ, ഹടാരി, മൂൺ റിവർ, റോമിയോ ആൻഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ മാൻചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോൾ എന്റെ മാതൃക അദ്ദേഹമായിരുന്നു.''-- ശ്യാം പറയും.

പ്രിയ സംഗീതസംവിധായകനെ ഒരിക്കലെങ്കിലും നേരിൽ കണ്ടു സംസാരിക്കാൻ മോഹിച്ചിട്ടുണ്ട് ശ്യാം. ലോസ് ഏഞ്ചൽസ്‌ സന്ദർശനത്തിനിടെ ഒരു തവണ അവസരം ഒത്തുവന്നെങ്കിലും നിർഭാഗ്യവശാൽ ആ കൂടിക്കാഴ്ച്ച നടന്നില്ല. മാൻചീനിയുടെ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. എന്നാൽ ആ യാത്രയിൽ ഹോളിവുഡിലെ മറ്റു പല പ്രമുഖ കംപോസർമാരെയും കണ്ടുമുട്ടാനും സംസാരിക്കാനുമായി.

``ആയിരക്കണക്കിന് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികൾ സ്നേഹത്തോടെ മനസ്സിൽ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോൾ പുതിയ തലമുറയിലെ കുട്ടികൾ പോലും പെട്ടെന്ന് ഓർത്തെടുത്തു മൂളിക്കേൾപ്പിക്കുക സി ബി ഐ ഡയറിക്കുറിപ്പിന്റെ തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോൾ. മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്ക് വേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാൻ. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളിൽ, ഭാവനകളിൽ മറഞ്ഞുനിൽക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു....'' ശ്യാം വികാരാധീനനാകുന്നു.

Content Highlights: Sethurama Iyer, CBI Movie, Theme Music, K Madhu, Mammootty, Music Director Shyam, AR Rahman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented