നുഷ് നായകനായ 'മയക്കം എന്ന' എന്ന ചിത്രത്തിലെ കാതല്‍ എന്‍ കാതല്‍' എന്ന ഗാനം അധികമാരും മറന്നു കാണില്ല. സൂപ്പ് സോങ് എന്ന പേരില്‍ ഒന്‍പതു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ആ സൂപ്പര്‍ഹിറ്റ് ഗാനത്തിലെ വരികളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ പാട്ടിനെക്കുറിച്ച് പറഞ്ഞത്.

പാട്ടിലെ അടിടാ അവളെ, വിട്രാ അവളെ തേവൈ ഇല്ലൈ തുടങ്ങിയ വരികളെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. 'ഒരു സംവിധായകന്‍ എപ്പോഴും സാമൂഹ്യ പ്രതിബദ്ധതയുള്ള ആളാകണം. ഞാന്‍ ക്ഷമ ചോദിക്കുന്നു. അത്തരം വരികള്‍ എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. എന്നാല്‍ ഞാനല്ല അത് എഴുതിയത്. അന്നത് എഴുതിയത് എന്റെ സഹോദരന്‍ ധനുഷ് തന്നെയാണ്. പക്ഷേ സാമൂഹ്യ പ്രതിബദ്ധത വേണ്ട ഒരു സംവിധായകന്‍ എന്ന നിലയില്‍ ആളുകള്‍ സിനിമ വലിയ സ്‌ക്രീനില്‍ കാണുകയും ചെയ്യുന്ന അവസ്ഥയില്‍ ഞങ്ങളും ഉത്തരവാദികളായിരിക്കണം.' ശെല്‍വരാഘവന്‍ പറഞ്ഞു.

പ്രണയനൈരാശ്യത്തില്‍ നായകന്‍ നായികയെ മോശം പ്രയോഗങ്ങള്‍ ചേര്‍ത്തു വിളിക്കുന്ന രീതിയിലാണ് കാതല്‍ എന്‍ കാതല്‍ എന്ന പാട്ടിലെ മേല്‍പ്പറഞ്ഞ വരികള്‍. പാട്ട് ഉള്‍പ്പെട്ട സിനിമയുടെ സംവിധായകന്‍ തന്നെ നേരിട്ട് മാപ്പ് ചോദിച്ചു രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പ് സോങ്ങുകളുടെ കാലം തന്നെ അവസാനിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്കും വഴിവെക്കുന്നുണ്ട്.

Content Highlights : Selvaraghavan, Mayakkam enna songs, Kadhal en kadhal song, Dhanush