മലാളേ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ...മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കാരു മാല തീർത്തു....റാസ-ബീഗം ദമ്പതിമാരെ സംഗീതം ഒരു ജീവിതോപാധിയാക്കാൻ പ്രചോദിപ്പിച്ച ഗാനത്തെക്കുറിച്ചും പാട്ട് വരുന്ന വഴികളെക്കുറിച്ചുമുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

റാസാ-ബീഗത്തിന് പാട്ടുതരുന്നവരുടെ കോപ്പിറൈറ്റ് സംബന്ധമായ കാര്യങ്ങൾ എങ്ങനെയാണ്?

ഏതൊരാൾക്കും പാട്ടുകളയക്കാം. അവിടെ എഴുത്തുകാരന്റെ പേരിനോ മുഖത്തിനോ യാതൊരു പ്രസക്തിയുമില്ല, മറിച്ച് അയാളുടെ കഴിവ് തീരുമാനിക്കുന്നത് അയച്ചുകിട്ടുന്ന കടലാസാണ്. അതിലെ അക്ഷരങ്ങളാണ്. വരികൾ ബോധിച്ചാൽ മാത്രമേ പിന്നെ അതിന്റെ ഉടമസ്ഥനെ തേടിപോകേണ്ടതുള്ളൂ. ആ ഗാനം പൂർത്തീകരിക്കാനാവശ്യമായ ഏറ്റവും ചിലവുകുറഞ്ഞ ഓർക്കസ്ട്രേഷനും വിഷ്വലൈസേഷനും ഉൾപ്പെടെയുള്ള ബഡ്ജറ്റ് നിശ്ചയ്ക്കുകയാണ് പിന്നെ ചെയ്യുന്നത്. അതിന് വേണ്ടി ഒരു സ്പോൺസറെ കണ്ടെത്താൻ അവരോട് തന്നെ പറയാറുണ്ട് ഇപ്പോൾ. അതിന്റെ ഗുണം എന്നത് യൂട്യൂബിൽ നല്ലൊരു കണ്ടെന്റ് കിട്ടും എന്നുളളതാണ്. പാട്ട് തരുന്നവർക്കും ഗുണമുണ്ടാകുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തോളം ആളുകൾ കാണുന്നു എന്നതിലൂടെയാണ്. നീ എറിഞ്ഞ കല്ല് നാലു ദിവസം കൊണ്ട് നാല് ലക്ഷം വ്യൂവേഴ്സ് ആയി. ഏതൊരു ഫീൽഡിലും ത്യാഗം സഹിക്കാൻ തയ്യാറായാൽ മാത്രമേ അതിനനുസരിച്ചുള്ള ഗുണങ്ങളുണ്ടാവുകയുള്ളൂ.

അങ്ങനെ ഉപാധികളുള്ള പാട്ടുകൾ ഇനിയും പരിഗണനയിലുണ്ടോ?

ഉണ്ട്. ഒരുപാട് ഉണ്ട്. പ്രശസ്തരായവരുടെയും അല്ലാത്തവരുടെയും ഉണ്ട്. അതിൽ യോഗ്യതയുള്ളത്, നമുക്ക് ചെയ്യാൻ പറ്റുന്നത് പരിഗണിക്കും. സ്പോൺസറെ കൂടി കണ്ടെത്തിയാണ് പലരും വരുന്നത്. അത്രയും മിനിമം ബഡ്ജറ്റേ അവരോട് പറയാറുള്ളൂ. ഒരിക്കലും ബാധ്യതയാക്കാറില്ല.

'നീ എറിഞ്ഞ കല്ല്' നിങ്ങൾ തന്നെയാണല്ലോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്?

നീ എറിഞ്ഞ കല്ല് വലിയ ബഡ്ജറ്റിൽ ചെയ്തതാണ്. അതിന്റെ ചിലവുകൾ ഞങ്ങൾ തന്നെ വഹിച്ചു.

യൂട്യൂബ് ചാനൽ സജീവമാക്കി നിലനിർത്താൻ നിരന്തരം പാട്ടുകൾ വേണ്ടതുണ്ടല്ലോ. ഒരു പാട്ട് അപ് ലോഡ് ചെയ്തുകഴിഞ്ഞ്, എത്ര ദിവസം കഴിഞ്ഞിട്ടാണ് അടുത്തത് ഇടുക?

പ്രധാനമായും രണ്ട് തരം കണ്ടന്റുകളാണ് യൂട്യൂബിൽ ഉള്ളത്. ഒന്ന് നീ എറിഞ്ഞ കല്ല് പോലെയുള്ള ചിലവേറിയ കണ്ടന്റുകൾ, മറ്റൊന്ന് നേരത്തെ പറഞ്ഞതുപോലെ സ്പോൺസർഷിപ്പുള്ള പാട്ടുകളും. സീരിയസ്സായ വർക്കുകൾക്ക് രണ്ട് മാസത്തെ ഇടവേള കൊടുക്കുമ്പോൾ മറ്റ് വർക്കുകൾ രണ്ടാഴ്ച ഇടവേളയിൽ ഇടാറുണ്ട്. ഈ സ്പോൺസേഴ്സ് എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും അതും ഞങ്ങളുടെ തലയിൽത്തന്നെയാണ് വന്നുവീഴാറ്. പലർക്കും ഒരു ധാരണയുണ്ട് യൂട്യൂബിൽ ഹിറ്റായാൽ പണം പെട്ടെന്ന് വരുമെന്ന്. അവർക്ക് ഒരുപാട് നടപടിക്രമങ്ങളുണ്ട് പണം തരാൻ. ഏതെങ്കിലും കാലത്ത് കിട്ടും. അത്രയേ ഉള്ളൂ ഇതൊക്കെ.

ഓമലാളേ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ...മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാലതീർത്തു...റാസ-ബീഗം ഏറ്റവും കൂടുതൽ ലൈവായി പാടിയ ഹിറ്റുകളിലൊന്ന്. ഇതാരുടെ ഭാവനയാണ്?

ഓമലാളേ നിന്നെയോർത്ത് എന്നുതുടങ്ങുന്ന പാട്ട് മലയാളം ഗസലാണെന്ന് തെറ്റിദ്ധരിക്കുന്ന കുറേപേരുണ്ട്. രചനാപരമായി നോക്കുകയാണെങ്കിൽ അതൊരു പ്രണയഗീതമാണ്. അകമ്പടിയായി തബലയും ഗിറ്റാറും കണ്ടപ്പോൾ അത് ഗസലാണെന്ന് ആളുകൾ തീർത്തുപറഞ്ഞു. സ്നേഹത്തിന്റെ പേരിൽ അങ്ങനെയായിക്കോട്ടെ എന്ന് സമ്മതിക്കുകയാണ്. പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാൻ പാറിപ്പാറി..കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ...ഇതിലെ വരികളും മീറ്ററും അസാധ്യമാണ്. സാഹിത്യരംഗത്തുള്ളവർ ഏറ്റവും കൂടുതൽ അഭിനന്ദനം അറിയിച്ചത് ഓമലാളേ പാടിയപ്പോളാണ്. പ്രായഭേദമന്യേ ഇത് ഏറ്റെടുക്കപ്പെട്ടു. അതിന്റെ വരികളും അത്രയ്ക്ക് ആകർഷണീയമായിരുന്നു. സംഗീതം ഒരു കരിയറായി മാറാൻ കാരണമായതും ആ ഗാനമാണ്. ഗസലുകൾ കൂടുതലായി കേൾക്കുന്ന സമയത്ത് ചെയ്തതാണ് ഈ പാട്ട്. അതിന്റെ സ്വാധീനം അതിൽ കാണാം. പഴമയാൽ പൊതിയപ്പെട്ടിട്ടുണ്ട് ആ പാട്ട്.

ഈ പാട്ടും കമ്പോസ് ചെയ്ത് ആരുമറിയാതെ വളരെക്കാലം പെട്ടിയിൽ കിടന്നതാണ്. ഒരു ദിവസം ഞാനും മകളും കൂടി അത് പാടുന്നത് ബീഗം ഫേസ്ബുക് ലൈവിലിട്ടു. അതോടെ ആ പാട്ട് അന്വേഷിച്ച് ഒരുപാട് പേർ വന്നു. അങ്ങനെയാണ് സമയം വൈകാതെ ഓമലാളെ ചെയ്യുന്നത്. ഇതിന്റെ വരികൾ എന്റെ സ്കൂൾ സഹപാഠിയായിരുന്ന യൂനസ് സലിം എഴുതിയതാണ്. ഓമലാൾക്ക് ശേഷം അവൻ ഒറ്റ പാട്ടും എഴുതിയിട്ടില്ല. അതിലും മെച്ചപ്പെട്ട വരികൾ എഴുതാൻ വരുന്നില്ല എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. യൂനസിന്റെ ആദ്യത്തെ പാട്ടും അതാണ്.

സംഗീതത്തിൽ മതരാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരു പ്രത്യേക വിഭാഗം ഗസലുകൾ കൈകാര്യം ചെയ്യുന്നു, മറ്റൊരു വിഭാഗം ശാസ്ത്രീയസംഗീതം കൈകാര്യം ചെയ്യുന്നു. ഇതിന് മതമുണ്ടോ?

അങ്ങനെ ഇല്ല. ഞങ്ങൾ പാട്ടിൽ എല്ലാ മതങ്ങളെയും ഉൾപ്പെടുത്താറുണ്ട്. ബീഗവും മോളും കൂടി വിഷുവിന് കണികാണും നേരം പാടി. കലാകാരനെ സംബന്ധിച്ചിടത്തോളം സംഗീതമാണ് മതവും രാഷ്ട്രീയവും. പാടുന്നിടത്തേക്ക് ആളുകളെ ആകർഷിക്കാൻ കഴിയുക എന്നതാണ് അവന്റെ സംഘാടനശേഷി എന്നത്. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നുമില്ല. കയ്പേറിയ അനുഭവങ്ങൾ ഇന്നേവരെ ഉണ്ടായിട്ടില്ല.

ഗൂഢതാല്പര്യങ്ങൾക്കായി കലയെ കൂട്ടുപിടിക്കുന്നവർക്കു മാത്രമേ കലയിൽ മതരാഷ്ട്രീയചിന്തകളെ കലർത്താൻ കഴിയുകയുള്ളൂ. അത്തരക്കാർക്ക് കലയോട് ആത്മാർഥത പുലർത്താൻ കഴിയില്ല. അവരുടെ കയ്യിൽ കല കളങ്കപ്പെട്ടുപോകുന്നു. ഹിന്ദുസ്ഥാനിയും ഖവാലിയും ഗസലുമൊക്കെ ഒരു പ്രത്യേക വിഭാഗത്തിന്റെതാണോ എന്നത് പൊതുവേയുള്ള ചോദ്യമാണ്. എന്നാൽ പുതിയ തലമുറ എത്രയോ പുരോഗതി കൈവരിച്ചവരാണ്. മാനസികമായും രാഷ്ട്രീയമായും. കലയെ കലയുടെ വിശാലാർഥത്തിൽ കാണാൻ ശേഷിയുള്ളവരാണവർ. രാഷ്ട്രീയത്തിലും അവർ പുരോഗമന കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്നു.

ഗുലാം അലി കോഴിക്കോട് പാടാൻ വന്നപ്പോൾ ഉണ്ടായ സംഭവങ്ങളാണ് ഓർമ വരുന്നത്. പാകിസ്താനി ഗായകനെ കോഴിക്കോട് കാലുകുത്താന്‍ സമ്മതിക്കില്ല., പാടിക്കില്ല എന്നൊക്കെ പറഞ്ഞ് പ്രതിഷേധിച്ചവരുണ്ടായിരുന്നില്ലേ. കലയെ സംരക്ഷിക്കാൻ ബാധ്യതയുളളവർ മുന്നോട്ടുവന്നില്ലേ. അവർ ഗുലാം അലിയെക്കൊണ്ട് പാടിച്ചു. ഇത് കേരളമാണ് എന്നാണവർ കൊടുത്ത സന്ദേശം. സംഗീതം എന്നുമാത്രം ആലോചിക്കുകയാണെങ്കിൽ അവിടെ മറ്റൊരു പ്രശ്നവും ഉദിക്കുന്നില്ല. പക്ഷേ നമ്മളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലാത്തൊരു മനസ്ഥിതി എന്നോ ഉണ്ടായിപ്പോയി. എല്ലാവർക്കുമില്ല എന്നാശ്വസിക്കാം.

സംഗീതത്തെ ജീവിതമാർഗമാക്കിയവരാണ് നിങ്ങൾ. വേദികളിൽ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ഓടിയവർ. ഓരോ ആഘോഷവേദികളിലും സ്വയം സന്തോഷം കണ്ടെത്തിയവർ. കോവിഡ് കാലത്തെ എങ്ങനെ അതിജീവിക്കുന്നു?

ജീവിക്കാൻ ഒരു പാരലൽ സംവിധാനം കൂടി ആദ്യം കണ്ടെത്തേണ്ടത് കലാകാരന്മാരാണ്. പ്രത്യേകിച്ചും വേദികളെ ആശ്രയിച്ചു കഴിയുന്നവർ. ഞങ്ങൾ കുറച്ചുവർഷങ്ങളായി സമൂഹമാധ്യമം എന്ന പ്ലാറ്റ് ഫോം ഉപയോഗിച്ചുതുടങ്ങിയതിനാൽ സാമ്പത്തികമായി പ്രശ്നമില്ല. അതിജീവനം സാധിക്കുന്നുണ്ട്. പക്ഷേ ലൈവായി പാടുമ്പോൾ ലഭിക്കുന്ന പ്രചോദനം ഒന്നുവേറെതന്നെയാണ്. നേരിട്ടുള്ള കയ്യടികളിൽ, അനുമോദനങ്ങളിൽ ഊർജമുൾക്കൊണ്ട് പാടാം. ആസ്വാദകരുടെ പ്രതികരണത്തിനനുസരിച്ച് മുന്നേറാം. ജീവിതം റെക്കോഡുചെയ്തു കാണുന്നതും ജീവിച്ചു കാണുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണത്.

Content Highlights:  Interview with Raaza and Beegam, Second part