തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ്‌ നമ്പര്‍ ഗാനങ്ങളില്‍ ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ പാടി നടന്ന ഗാനമായിരുന്നു ദില്‍സേയിലെ ഛയ്യാ ഛയ്യാ. തീവണ്ടിക്കു മുകളില്‍ കയറി ഷാരൂഖ് ഖാനും മലൈക അറോറയും കിടിലന്‍ നൃത്തച്ചുവടുകള്‍ കാഴ്ച്ചവയ്ക്കുന്ന ആ ഗാനരംഗം ചിത്രീകരിച്ചതോ മലയാളിയും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ പരീക്ഷണമായി മാറിയ ആ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ച് സന്തോഷ് ശിവന്‍. അരിഫ്ലക്സ് ക്യാമറയിലാണ് അന്ന് അത് ചിത്രീകരിച്ചതെന്ന് അദ്ദേഹം പറയുന്നു.

ആ പാട്ടിന്റെ വരികളില്‍ നിഴലിനെക്കുറിച്ചാണ് കൂടുതല്‍ പ്രതിപാദിച്ചിരുന്നത്. ആദ്യ തീവണ്ടി യാത്ര നന്നായി ആസ്വദിക്കുന്ന ഒരാളുടെ വികാരങ്ങളാണ് ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. അന്ന് ആദ്യമായിട്ടായിരിക്കും ട്രെയിനിനു മുകളില്‍ അത്തരത്തിലൊരു രംഗം ക്രെയിനുമെല്ലാം ഉപയോഗിച്ച് ചിത്രീകരിച്ചത്. നിരവധി ആളുകളുണ്ടായിരുന്നു വണ്ടിക്കു മുകളില്‍ നൃത്തം ചെയ്യുന്നവരും താരങ്ങളുമൊക്കെയായി.. നല്ലൊരു റിഹേഴ്‌സലിനു ശേഷമാണ് ചിത്രീകരിച്ചത് എന്നതിനാല്‍ വീണില്ല. മൂന്നു നാലു ദിവസങ്ങള്‍ കൊണ്ടാണ് ഇതു ചിത്രീകരിച്ചത്. ആര്‍ട്ടിസ്റ്റുകളും വളരെ നന്നായി പെര്‍ഫോം ചെയ്തു. എല്ലാവരും ഒരുമിച്ചൊരു യാത്ര പോയതിന്റെ ഫീല്‍ ചിത്രീകരണവേളയില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു എന്നതാണ് ശരി. സന്തോഷ് ശിവന്‍ പറയുന്നു.

തീവണ്ടിയ്ക്കു മുകളില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുക എന്നത് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ആദ്യമായി പരീക്ഷിച്ചതായിരുന്നു. അതു തന്നെയാണ് ആ പാട്ട് ലോകമൊട്ടാകെ ഹിറ്റായി മാറിയത്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്‌വീന്ദര്‍ സിങും സപ്‌ന അവസ്തിയും ചേര്‍ന്നാലപിച്ച ഗാനവും മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന സിനിമയും അന്നും ഇന്നും ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന വിഷ്വലുകള്‍ സമ്മാനിച്ചവയാണ്.

Content Highlights : Chayya Chayya song, Dilse, Santhosh Sivan, Mani Rathnam, Shah Rukh Khan, Malaika Arora