തടി കടയുന്നതിനിടെ ​ഭരതം എന്ന ചിത്രത്തിലെ ​ഗോപാം​ഗനേ എന്ന് തുടങ്ങുന്ന ​ഗാനം അസാധ്യമായ സ്വരമാധുരിയോടെയും ശ്രുതി ശുദ്ധിയോടെയും പാടുന്ന ഒരു ​ഗായകൻ. കണ്ണടച്ച് കേട്ടാൽ സാക്ഷാൽ ​ഗാന​ഗന്ധർവൻ‌ തന്നെ ആലപിക്കുന്നതാണോയെന്ന് സംശയിക്കുന്ന ശബ്ദസാമ്യം. ഈ ​ഗായകനെയും അദ്ദേഹത്തിന്റെ ​ഗാനത്തെയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അസാധ്യമായി പാടുന്നുവെന്നും നന്മകൾ നേരുന്നുവെന്നും പറഞ്ഞ് ​ഗായിക സുജാത മോഹൻ ഈ വീഡിയോ പങ്കുവച്ചതോടെ അത് വൈറലായി.

ഈ വൈറൽ വീഡിയോയിലെ ​ഗായകനെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് പത്തനാപുരം സ്വദേശിയായ സന്തോഷ് രാജ് എന്ന സം​ഗീതോപാസകനിലേക്കാണ്. സം​ഗീതമാണ് ഉപാസന എങ്കിലും ജീവിക്കാൻ അത് മതിയാകില്ലെന്ന തിരിച്ചറിവോടെയാണ് സന്തോഷ് വീട്ടിൽ തന്നെ തടി കടയുന്നതിനായി വർക്ക്ഷോപ്പ് നടത്തുന്നത്. പത്തിരുപത്തിയേഴ് വർഷത്തിലേറെയായി സം​ഗീതത്തിന്റെ ലോകത്താണ് സന്തോഷിന്റെ ജീവിതം. ​ഗാനമേളകളിലെ സജീവ സാന്നിധ്യമായിരുന്ന സന്തോഷ് ഭക്തി​ഗാന-സം​ഗീത ആൽബങ്ങളുടെ കാസറ്റുകളിലായി ഏതാണ്ട് ആയിരത്തിലധികം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിലവിൽ ആകാശവാണിയുടെ ബി ​ഗ്രേഡ് ആർടിസ്റ്റാണ്. 

​ഗാനമേളകളും കൂലിപ്പണിയുമായി മറ്റുമായി മുന്നോട്ട് പോയിരുന്ന സന്തോഷിന്റെ ജീവിതത്തിന് ട്വിസ്റ്റ് കൊണ്ടുവന്നത് ഒരു റിയാലിറ്റി ഷോയാണ്. ​ഗാന​ഗന്ധർവന്റെ പേരിലുള്ള ഈ റിയാലിറ്റി ഷോയിൽ വിജയി ആയതോടെ അത് വരെ ലഭിച്ചിരുന്ന അവസരങ്ങൾ നഷ്ടമായി, കൂലിപ്പണിക്ക് വിളിച്ചിരുന്നവർ വിളിക്കാതായി.. ഒടുവിൽ ജീവിക്കാനായി സന്തോഷ് തടി കടയുന്ന പണി തിരഞ്ഞെടുത്തു... 

"കുറേ വർഷമായി ഈ മേഖലയിൽ തന്നെയുള്ള ആളാണ് ഞാൻ.. ​ഗാനമേളകളിലൊക്കെ സജീവമായിരുന്ന, എന്നാൽ അറിയപ്പെടാതെ പോയ ഒരു പ്രൊഫഷണൽ‌ സിം​ഗറാണെന്ന് പറയാം..

2009 ൽ ​​ഗന്ധർവ സം​ഗീതം റിയാലിറ്റി ഷോയുടെ വിജയി ആയിരുന്നു. എന്നാൽ ശരിക്കും അവിടെ ഒരു ചതി എനിക്ക് സംഭവിച്ചു. അത് പറയാൻ ഞാനിന്ന് ആ​ഗ്രഹിക്കുന്നില്ല,. ​ആ പരിപാടിക്ക് വേണ്ടത്ര പ്രമോഷൻ കിട്ടാതിരുന്നതും അതേസമയം മറ്റൊരു സം​ഗീത റിയാലിറ്റി ശ്രദ്ധ നേടിയതും വിജയി ആയെങ്കിലും എനിക്ക് അനു​ഗ്രഹമായില്ല. 

അന്ന് വരെ കൂലിപ്പണി ചെയ്താണ് ഞാൻ ജീവിച്ചിരുന്നത്. ഇതിൽ വിജയി ആയതോടെ സെലിബ്രിറ്റി സ്റ്റാറ്റസ് വന്നെന്നു പറഞ്ഞ് കൂലിപ്പണിക്ക് ആരും വിളിക്കാതായി. ​ഗാനമേളകളിൽ പാടിക്കൊണ്ടിരുന്ന എന്നെ സെലിബ്രിറ്റി ആയപ്പോൾ പ്രതിഫലം ഉയർത്തിക്കാണുമെന്ന് കരുതി അതിനും വിളിക്കാതായി. അങ്ങനെ അവസരങ്ങളെല്ലാം നഷ്ടമായി. പിന്നീടാണ് ഞാൻ വീട്ടിൽ തന്നെ വർക്ക്ഷോപ്പ് തുടങ്ങുന്നത്. 

സിനിമയിൽ പാടണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു. 99 മുതൽ കാസറ്റുകൾക്കായി പാടുന്നുണ്ട്, ആൽബങ്ങളും ഭക്തി ​ഗാനങ്ങളുമെല്ലാം. 2009 ഡിസംബറിലാണ് റിയാലിറ്റി ഷോയിൽ വിജയിക്കുന്നത്. അന്ന് ​ഗൾഫ് ഷോകളൊക്കെ ധാരാളം ലഭിക്കുമെന്ന വ്യാമോഹത്തിൽ പാസ്പോർട്ട് ഒക്കെ എടുത്തു വച്ചു. പക്ഷേ ഒരു പരിപാടിക്ക് പോലും വിളിച്ചില്ല. അന്ന് ഹിറ്റായി മാറിയ മറ്റൊരു റിയാലിറ്റി ഷോയിലെ മത്സരാർതികൾക്കായിരുന്നു വേണ്ടത്ര പ്രശസ്തിയും അവസരവും ലഭിച്ചത്.  

2010 ൽ മോഹൻ സിത്താര സാറിനെ ഞാൻ നേരിൽ പോയി കണ്ടു. അദ്ദേഹം എന്നെക്കൊണ്ട് രണ്ട് പാട്ട് പാടിപ്പിച്ചിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്നും പറഞ്ഞു. അന്ന് വൈകുന്നേരമാണ് എന്നെ വിളിച്ച് അവസരമുണ്ടെന്ന് അദ്ദേഹം പറയുന്നത്. അങ്ങനെ ജയസൂര്യ നായകനായെത്തിയ നല്ലവൻ എന്ന ചിത്രത്തിലെ തൂമല്ലികേ എന്ന് തുടങ്ങുന്ന ​ഗാനം ഞാൻ പാടി. നല്ല ​ഗാനം ആയിരുന്നു പക്ഷേ സിനിമ വിജയിക്കാതിരുന്നത് കൊണ്ട് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. മാത്രമല്ല ശബ്ദസാമ്യം കാരണം പലരും ആ പാട്ട് വിജയ് യേശുദാസ് ആണ് പാടിയതെന്ന് തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് പിന്നണി ​ഗാനരം​ഗത്ത് അവസരം ലഭിച്ചില്ല.. അങ്ങനെ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഞാൻ ഔപചാരിക സം​ഗീത വിദ്യാഭ്യാസം നേടിയിട്ടില്ല..കുട്ടിക്കാലത്ത് പലപ്പോഴായി ഒരു നാല് വർഷം പഠിച്ചിരുന്നു എന്നതേയുള്ളൂ.പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു എന്തുകൊണ്ട് ഞാൻ രക്ഷപ്പെടുന്നില്ല, എന്തുകൊണ്ട് ഞാൻ തിരിച്ചറിയപ്പെടുന്നില്ല എന്ന്. അങ്ങനെ ഒരവസരത്തിലാണ് എന്റെ ഒരു സുഹൃത്ത് എന്നോട് പറയുന്നത് പാട്ട് പാടി ഫെയ്സ്ബുക്കിൽ ഇടാൻ. എനിക്ക് നല്ല മടിയുണ്ടായിരുന്നു .പക്ഷേ സുഹൃത്ത് നിർബന്ധിച്ചപ്പോൾ‌ ചെയ്യാമെന്ന് കരുതി.  അത് ദൈവാനു​ഗ്രഹം കൊണ്ട് നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 

ഒരുപാട് പേർ വിളിച്ചു വീഡിയോ കണ്ടിട്ട്. പക്ഷേ എല്ലാവരും കരുതിയിരുന്നത് പുതിയൊരു പാട്ടുകാരനാണ് എന്നാണ്. പക്ഷേ പത്തിരുപത്തിയേഴ് വർഷമായി ഈ ഫീഡിൽ ഉള്ള ആളാണ് ഞാൻ. സുജാത ചേച്ചി എന്റെ പാട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.അതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം...

വൈകി വന്ന സ്വീകാര്യതയാണെങ്കിലും എന്റെ പാട്ട് കേട്ട് പലരും വിളിച്ചും മറ്റും പ്രതികരണങ്ങൾ അറിയിക്കുമ്പോൾ, നന്നായിരുന്നു എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്. സിനിമാ പിന്നണി ​ഗാനരം​ഗത്ത് എത്തണം, അറിയപ്പെടുന്ന കുറച്ച് നല്ല പാട്ട് പാടണം എന്നെല്ലാമാണ് ആ​ഗ്രഹം." പ്രതീക്ഷകളോടെ സന്തോഷ് പറഞ്ഞു നിർത്തുന്നു.

Content Highlights : Santhosh Rajan Viral singer Relaity Show Winner Music