മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളിലൂടെ കവര്‍ വേര്‍ഷനുകളിലൂടെ ശ്രദ്ധേയയായ പിന്നണി ഗായികയാണ് സന മൊയ്തുട്ടി. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ മൊഹന്‍ജദാരോയിലെ 'തൂഹെ' എന്ന ഗാനത്തിലൂടെയാണ് മലയാളിയായ സന പിന്നണി ഗാനരംഗത്തെത്തുന്നത്. 

ഇപ്പോള്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ, ഗിരീഷ് പുത്തഞ്ചേരി എഴുതി ബേണി ഇഗ്നേഷ്യസ് ഈണമിട്ട കറുത്ത പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന് റാപ് വേര്‍ഷനുമായി എത്തിയിരിക്കുകയാണ് സന. സമൂഹത്തിലെ വര്‍ണവിവേചനത്തിന് എതിരെയുള്ള സന്ദേശമാണ് സന തന്റെ പുതിയ കവര്‍ ഗാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാനത്തിലെ ഇംഗ്ലീഷ് വരികള്‍ എഴുതിയിരിക്കുന്നതും സന തന്നെയാണ്.

എന്നാല്‍, താരത്തിന്റെ പുതിയ ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മുന്‍പ് ശ്യാമമേഘമേ നീ, ശ്രീരാഗമോ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ കവര്‍ വേര്‍ഷനുമായി സന എത്തിയിരുന്നു. അത് തങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കിലും കറുത്ത പെണ്ണെ എന്ന ഗാനത്തില്‍ റാപ് തിരുകികയറ്റിയത് വേണ്ടായിരുന്നു എന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്. 

Content Highlights : Sanah Moidutty Cover Song Karutha Penne Thenmavin Kombathu Sanah Moidutty Singer