റിലീസിനൊരുങ്ങുന്ന സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടൈറ്റിൽ ട്രാക്ക് വീഡിയോഗാനം പുറത്തിറങ്ങി. ഗാനരംഗങ്ങളിൽ സൽമാൻ ഖാന്റെ സ്റ്റൈലിഷ് ഗെറ്റപ്പും പ്രകടനവും ആരാധകരെ തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. ദിഷ പഠാനിയുടെ ത്രസിപ്പിക്കുന്ന ചുവടുകളും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. സാജിദ്-വാജിദ് കൂട്ടുകെട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വരികളെഴുതി ആലപിച്ചിരിക്കുന്നത് സാജിദ് ആണ്. മുധ്സാർ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. സൽമാന്റെയും ദിഷയുടെയും ചടുലമായ ചുവടുവെപ്പുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13 ഈദ് ദിനത്തിൽ സീ5ലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജാക്കി ഷെറഫ്, രൺദീപ് ഹൂഡ എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നു. തുടർന്നാണ് ഈദ് ദിനത്തിൽ റിലീസ് ചെയ്യുമെന്ന അന്തിമ തീരുമാനം അണിയറപ്രവർത്തകരിൽ നിന്നുണ്ടായത്. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

Content highlights :salman khan upcoming movie radhe your most wanted bhai title track song released