പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. അതിനൊപ്പം അദ്ദേഹം തന്നെ പാടിയ ഒരു ഗാനവും അതിലൂടെ പുറത്തിറക്കിയിരിക്കുകയാണ് സല്‍മാന്‍. തിങ്കളാഴ്ചയാണ് പാട്ടിന്റെ ശബ്ദം മാത്രമായി പുറത്തിറക്കിയത്. പിന്നീടാണ് വീഡിയോയും പങ്കുവെച്ചത്. 'പ്യാര്‍ കരോനാ' എന്നാണ് ഗാനത്തിന്റെ പേര്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു.

ബോളിവുഡ് നടി ആലിയ ഭട്ടാണ് ആദ്യം ഗാനത്തിന് ആശംസ അറിയിച്ച് പോസ്റ്റിട്ടത്. 'എത്ര മനോഹരമാണ്' എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ആലിയ കുറിച്ചത്.

ആസ്‌ക് എസ്.ആര്‍.കെ. എന്ന് ട്വിറ്ററില്‍ ഫാന്‍സിന് വേണ്ടി ഒരുക്കിയ സമയത്താണ് ഒരാളോട് മറുപടി എന്നോണം ഷാരൂഖ് ഗാനത്തിനെക്കുറിച്ച് പറഞ്ഞത്. 'എന്റെ സഹോദരന്‍ ഭയങ്കര മനുഷ്യനാണ്, ഗായകനും' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സല്‍മാന്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അദ്ദേഹവും ഹുസൈന്‍ ദലാലും കൂടി ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. സജീദ് വജീദാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്. കറുത്ത പശ്ചാത്തലത്തില്‍ സല്‍മാന്റെ ക്ലോസ് അപ് ഷോട്ടുകളാണ് ഭൂരിഭാഗവും ഗാനത്തില്‍ കാണിക്കുന്നത്.

Content Highlights: Salman Khan new song Pyaar karona gets applause from Alia bhatt and Shah Rukh Khan