കോഴിക്കോട്: ഗസൽ ഗായകനായിരുന്ന ഉമ്പായിയുടെ മൂന്നാം അനുസ്മരണ ദിനത്തിൽ ഗായകന് ആദരവർപ്പിച്ച് കോഴിക്കോട്ടെ സൗഹൃദക്കൂട്ടായ്മ. ഉമ്പായി ഗസലുകളുടെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാർ ഒരേ മനസ്സോടെ ഒന്നിച്ചപ്പോൾ പിറന്നത് സാധ്നയെന്ന അതിമനോഹരമായ ഒരു സംഗീത ആൽബം.

ഓഗസ്റ്റ് ഒന്നിന് ഗായിക സിതാര കൃഷ്ണകുമാർ, ചലച്ചിത്ര താരങ്ങളായ വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മില്ലേനിയം ഓഡിയോസ് ഒരുക്കിയ ആൽബം റിലീസ് ചെയ്തത്.

ആലീസ് മഹാമുദ്ര സംവിധാനം ചെയ്ത സംഗീത ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത് ആതിര കെ.കൃഷ്ണനാണ്. ആതിര തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

ഗാനരചന നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തക അഞ്ജന ശശിയാണ്. ഗസലുകളുടെ രാജാവായ ഉമ്പായിയുടെ വേർപാട് സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് അഞ്ജന പറഞ്ഞു. 'ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇനിയൊരു രാവിൽ ആ സംഗീതം കേൾക്കാനാവില്ലെന്ന തോന്നലിലാണ് ഗാനം പിറവിയെടുക്കുന്നത്.' അഞ്ജന പറയുന്നു. ആൽബത്തിന്റെ നിർമാണവും സഹസംവിധാനവും നിർവഹിച്ചിരിക്കുന്നത് അഞ്ജന തന്നെയാണ്.

എ.മുഹമ്മദ് ക്യാമറയും വി.പി.സാജിദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജാവേദ്, തീർഥ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.


Content Highlights:Sadhna A musical tribute to Umbayi